ജീവനുള്ള ക്ലാസ് മുറികളില്‍ നിന്ന് അറിവുനേടി പരീക്ഷയെഴുതിയ മുന്‍വര്‍ഷങ്ങളിലെ കുട്ടികളില്‍നിന്ന് വ്യത്യസ്തമായി ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയ കുട്ടികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ലളിതമായ പാഠഭാഗങ്ങളുള്ള ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചും അധികം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയും അവര്‍ക്ക് പിന്തുണ നല്‍കിയാണ് ഇത്തവണ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.

ആദ്യ ചോദ്യവിഭാഗത്തിലെ ഒരു സ്‌കോറിനുള്ള ചോദ്യങ്ങളില്‍ ഡി.എന്‍.എ.യിലെ പഞ്ചസാര ഇനം, ആന്റിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ്, യുവത്വ ഹോര്‍മോണ്‍, പ്രോട്ടോസോവ രോഗം ഇവയെല്ലാം നേര്‍ ചോദ്യങ്ങള്‍ ആയതിനാല്‍ എളുപ്പത്തില്‍ ഉത്തരം എഴുതാം.

രണ്ടുമാര്‍ക്കിന്റെ വിഭാഗത്തില്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെപ്പറ്റിയുള്ള പതിന്നാലാം ചോദ്യത്തില്‍ പാഠപുസ്തകത്തിലെ പട്ടികയെ പുതുമയോടെ വിന്യസിച്ചത് രസകരമായി. റിഫ്‌ലക്‌സ് പ്രവര്‍ത്തനത്തിന്റെ രണ്ട് തരങ്ങളെ കണ്ടെത്താനുള്ള അടുത്ത ചോദ്യം ചിന്തോദ്ദീപകവുമാണ്. ചോദ്യം 12ന് നല്‍കിയ നാല് ഓപ്ഷനുകളില്‍ ശരിയായ രണ്ടെണ്ണം ഫോക്കസ് ഏരിയയില്‍നിന്ന് ആയിരുന്നെങ്കില്‍ ഭൂരിഭാഗം കുട്ടികള്‍ക്കും മുഴുവന്‍ സ്‌കോറും ഈ ചോദ്യത്തിന് നേടാമായിരുന്നു. രാസപരിണാമവുമായി ബന്ധപ്പെട്ട പതിനാറാമത്തെ ചോദ്യം നിലവാരം ഉള്ളതാണെങ്കിലും മൂല്യനിര്‍ണയ സമയത്ത് മാര്‍ക്ക് നല്‍കുന്നതില്‍ പ്രയാസം ഉണ്ടാക്കിയേക്കാം. ശരീര സ്രവങ്ങളുടെ പേരെഴുതാനുള്ള അടുത്തചോദ്യം ആവര്‍ത്തന വിരസത ഉണ്ടാക്കാതെ വേറിട്ടുനിന്നു. മലയാളം മീഡിയം ചോദ്യപ്പേപ്പറിലെ പതിനെട്ടാം ചോദ്യത്തില്‍ ബി കോളത്തിലുള്ള ധര്‍മം എന്ന വാക്കിന് പ്രിന്റിങ് തകരാറ് വന്നത് പഠനത്തില്‍ പിന്നാക്കക്കാരെ ആശയക്കുഴപ്പത്തിലാക്കും.

അതേ ചോദ്യത്തിലെ തന്നെ ഡി ഉപചോദ്യത്തില്‍ അബ്‌സെസിക് ആസിഡും എഥിലിനും ഒരുമിച്ച് ചോദിച്ചത് കുട്ടികള്‍ക്ക് ആശ്വാസമായി. ഇരുപത്തൊന്നാം ചോദ്യം മോഡലിന്റെ ആവര്‍ത്തനമാണെങ്കിലും കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കി വ്യത്യസ്തമാക്കി. സ്ത്രീ പുരുഷ ക്രോമസോമുകളെ ആസ്പദമാക്കി ചിത്രീകരണം വിശകലനം ചെയ്യാനുള്ള ഇരുപത്തിരണ്ടാമത്തെ ചോദ്യരീതി ലളിതമാക്കിയതിനാല്‍ മോഡല്‍ പരീക്ഷാ സമയത്ത് നേരിട്ട ബുദ്ധിമുട്ട് ഒഴിവായി. ഇതേ ചോദ്യത്തിലെ കുട്ടി ആണോ പെണ്ണോ എന്ന് നിശ്ചയിക്കുന്നതിലെ പിതാവിന്റെ ക്രോമസോമുകള്‍ക്കുള്ള പങ്കു വ്യക്തമാക്കേണ്ട ചോദ്യം കുട്ടികളെ ജീവിത സന്ദര്‍ഭവുമായി ബന്ധിപ്പിക്കുന്നതായി.

മൂന്നു മാര്‍ക്കിന്റെ അടുത്ത വിഭാഗത്തില്‍ ഭൂരിഭാഗം ചോദ്യങ്ങളും പുതുമയുള്ളതും ഒറ്റവായനയില്‍ത്തന്നെ ഉത്തരം ലഭിക്കുന്നവയുമാണ്. മസ്തിഷ്‌ക ഭാഗങ്ങളും അവയുടെ ധര്‍മവും കണ്ടെത്താനുള്ള ഇരുപത്തിയഞ്ചാം ചോദ്യം ചിത്രീകരണത്തില്‍ വ്യത്യസ്തത പുലര്‍ത്തി. കേള്‍വിയുമായി ബന്ധപ്പെട്ട അടുത്ത ചോദ്യം മോഡലിന്റെ ആവര്‍ത്തനമാണ്. ഇരുപത്തിഒമ്പതാമത്തെ ചോദ്യത്തിന്റെ ഘടന മുന്‍ ചോദ്യങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു. കോവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുമായി ബന്ധപ്പെട്ടതാണ് അടുത്തചോദ്യം. സാധാരണ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങള്‍ ആയി മാറുന്നത് എങ്ങനെയെന്ന ആശയം ഗ്രഹിച്ച കുട്ടികള്‍പോലും അനിയന്ത്രിതമായ കോശവിഭജനത്തിന്റെ കാരണം എന്ത് എന്ന 24 എ ചോദ്യത്തിലെ ആശയക്കുഴപ്പത്തില്‍പ്പെട്ടുപോവാം. പ്രകൃതിനിര്‍ധാരണത്തിനെ ആസ്പദമാക്കിയുള്ള 31 ബി ചോദ്യം ശരിയായ ആശയ രൂപവത്കരണത്തില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കുമാത്രമേ എഴുതാന്‍ കഴിയൂ.

നാല് സ്‌കോറിന്റെ നാല് ചോദ്യങ്ങളില്‍ 34 ചോദ്യത്തില്‍ ആല്‍ഫ കോശങ്ങള്‍ എന്നെഴുതേണ്ട ബോക്‌സില്‍ ബീറ്റ കോശങ്ങള്‍ എന്ന് വന്ന പിഴവുമൂലം കുട്ടികള്‍ സമ്മര്‍ദത്തിലായി. മറ്റുള്ള ചോദ്യങ്ങളെല്ലാം ലളിതവും മോഡലിന്റെ ആവര്‍ത്തനവുമായിരുന്നു.

(മലപ്പുറം, പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ അധ്യപകനാണ് ലേഖകന്‍)

Content Highlights: SSLC Biology Question paper analysis, SSLC exam