പുറത്തൂര്‍ (മലപ്പുറം): സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുക്കുന്ന മാതൃകയില്‍ ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണെടുക്കാം. ലൈബ്രറിപുസ്തകങ്ങള്‍ തിരിച്ചുനല്‍കുന്നതുപോലെ ആവശ്യം കഴിഞ്ഞാല്‍ തിരിച്ചേല്‍പ്പിക്കണം.

സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തതോ കേടുവന്നതോ ആയ കുട്ടികള്‍ക്കാണ് പഠനാവശ്യത്തിന് ലൈബ്രറിയില്‍നിന്ന് ഫോണുകള്‍ നല്‍കുന്നത്. എല്ലാ അധ്യാപകരും നല്‍കിയ സംഭാവന ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിയത്. ഫോണുകളില്‍ സ്‌കൂളിന്റെ ലോഗോയും സ്റ്റിക്കറും പതിക്കുന്നുണ്ട്. ഫോണ്‍ ആവശ്യമുള്ളവര്‍ ക്ലാസ് അധ്യാപകനുമായി ബന്ധപ്പെട്ടാല്‍ അധ്യാപകന്‍ കുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയശേഷം മാത്രമേ മൊബൈല്‍ ഫോണ്‍ ലൈബ്രറിയില്‍ അംഗത്വം നല്‍കൂ.

ഫോണ്‍ വിതരണത്തിന് പ്രത്യേക രജിസ്റ്ററും രക്ഷിതാക്കളുടെ സാക്ഷ്യപത്രവുമുണ്ട്. ആവശ്യമായ ആപ്പുകള്‍മാത്രമേ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ. കുട്ടികളുടെ ശ്രദ്ധ മൊബൈല്‍ ഗെയിമിലേക്കും മറ്റും പോകാതിരിക്കാന്‍ ഇടയ്ക്ക് അധ്യാപകരുടെ പരിശോധനയുമുണ്ടാകും. എല്ലാ കുട്ടികളുടെ ഫോണിലും രക്ഷിതാക്കള്‍ ഇതേ ജാഗ്രത ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മൊബൈല്‍ റീച്ചാര്‍ജ് പദ്ധതികൂടി സ്മാര്‍ട്ട് ലൈബ്രറി പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വിദ്യാലയത്തിലുമുണ്ട് സ്മാര്‍ട്ട് ഫോണ്‍ 'ബാങ്ക് '

പുളിക്കല്‍: ഓണ്‍ലൈന്‍ പഠനം സജീവമാകുന്നതിനിടയില്‍ സ്മാര്‍ട്ട് ഫോണില്ലാതെ പ്രയാസപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പുളിക്കല്‍ ഹൈസ്‌കൂളിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസംവിധാനം ഒരുക്കിനല്‍കാന്‍ സ്മാര്‍ട്ട് ഫോണ്‍ ബാങ്ക് ആരംഭിക്കുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് 'ബാങ്കി'ല്‍നിന്ന് ഫോണ്‍ കടമെടുത്ത് പഠിക്കാം.

അധ്യാപകരും പി.ടി.എ.യും സ്‌കൂള്‍ മാനേജ്‌മെന്റും പൂര്‍വ വിദ്യാര്‍ഥികളും റെസിഡന്റ്്‌സ് അസോസിയേഷനുകളും കൈകോര്‍ത്തതോടെ ഫോണ്‍ ബാങ്ക് രൂപവത്കരിക്കാനായി.

ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രഥമാധ്യാപകന്‍ നേരിട്ട് സ്മാര്‍ട്ട് ഫോണ്‍ നല്‍കും. കോവിഡ് പശ്ചാത്തലത്തില്‍ നിലവിലുള്ള, ഓണ്‍ലൈന്‍ പഠനസംവിധാനത്തിന് മാറ്റം വന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ബാങ്കില്‍ തിരിച്ചേല്‍പ്പിക്കണം. ആദ്യഘട്ടത്തില്‍ ഇരുപത്തിനാല് വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

Content Highlights: Smart phone library for online class, Smart phone bank