ഭിരുചിയുണ്ടെങ്കിൽ കൃഷി, വെറ്ററിനറി, ഫിഷറീസ് കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ മടിക്കേണ്ട. ഒട്ടേറെ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. 2021-ലെ കീം, നീറ്റ് പരീക്ഷകളിൽ യോഗ്യത നേടിയവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളുണ്ട്.  കേരള 
കാർഷിക സർവകലാശാല, കേരള വെറ്ററിനറി ആൻഡ്  ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) എന്നവയുടെ വിവിധ കോളേജുകളിലാണ് പ്രവേശനം. എൻജിനിയറിങ് സ്ട്രീമിൽ മൂന്നു കോഴ്സുകളാണുള്ളത്  

ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി

വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലെ രണ്ടു കോളേജുകളിലായി (മണ്ണുത്തി, പൂക്കോട്) 180 സീറ്റുകളാണ് ഈ മോഡേണ്‍ മെഡിസിന്‍ പഠനശാഖയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. മൃഗസംരക്ഷണം, പരിപാലനം, മൃഗാരോഗ്യസംരക്ഷണം, നവീന ഡയഗ്‌നോസ്റ്റിക് സങ്കേതങ്ങള്‍, വണ്‍ഹെല്‍ത്ത്, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച്, ആനിമല്‍ ബയോടെക്‌നോളജി, മൈക്രോബയോളജി, പത്തോളജി, പാരസൈറ്റോളജി, വന്യജീവിപക്ഷി ആരോഗ്യം, പരിപാലനം, ഇറച്ചി, പാല്‍, മുട്ട ഉത്പാദനം, സംസ്‌കരണം, വിപണനം തുടങ്ങിയ വിപുലമായ വിഷയങ്ങളില്‍ പഠനം.   
 
ബാച്ചിലര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍

കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലെ നാല് കാര്‍ഷിക കോളേജുകളിലായി (വെള്ളായണി തിരുവനന്തപുരം, വെള്ളാനിക്കര തൃശ്ശൂര്‍, അമ്പലവയല്‍ വയനാട്, പടന്നക്കാട് കാസര്‍കോട്) 464 സീറ്റുകളിലാണ് പ്രവേശനം. കാര്‍ഷിക വിളകളുടെ ഉത്പാദനം, ബ്രീഡിങ്, മൈക്രോബയോളജി, വിത്ത് സാങ്കേതികവിദ്യ, മണ്ണിന്റെ ഘടനാവിന്യാസം, സംരക്ഷണം, പരിസ്ഥിതിപഠനം, ദുരന്തനിവാരണം, വിളകളുടെ രോഗങ്ങള്‍, സംരക്ഷണം ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പ്രവേശനംനേടാം.    

ബാച്ചിലര്‍ ഓഫ് ഫോറസ്ട്രി

തൃശ്ശൂര്‍ വെള്ളാനിക്കര ഫോറസ്ട്രി കോളേജില്‍ ഈ കോഴ്‌സിനായി 33 സീറ്റുകളുണ്ട്. ഫോറസ്റ്റ് ബയോളജി, കണ്‍സര്‍വേഷന്‍ ബയോഡൈവേഴ്‌സിറ്റി, ജിയോളജി, മാനേജ്‌മെന്റ്, കൊമേഴ്‌സ്യല്‍ ഫോറസ്ട്രി, പരിസ്ഥിതി പഠനം, വനസ്ഥല ഉപഭോഗം, വന്യജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ അഭിരുചി പുലര്‍ത്തുന്നവര്‍ക്ക് ഈ കോഴ്‌സ് തിരഞ്ഞെടുക്കാം.   

ബാച്ചിലര്‍ ഓഫ് കോഓപ്പറേഷന്‍, ബാങ്കിങ് ആന്‍ഡ് മാനേജ്‌മെന്റ്

കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലെ കോളേജ് ഓഫ് കോഓപ്പറേഷന്‍, ബാങ്കിങ്് ആന്‍ഡ് മാനേജ്‌മെന്റില്‍ (വെള്ളാനിക്കര, തൃശ്ശൂര്‍) 43 സീറ്റുകളിലായി പഠനാവസരമുണ്ട്. കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, റൂറല്‍ ബാങ്കിങ്, ഫിനാന്‍സ് മാനേജ്‌മെന്റ്, റൂറല്‍ മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് മേഖലകളില്‍ അഭിരുചിയുള്ളവര്‍ക്ക് ചേരാം.    

ബാച്ചിലര്‍ ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്

കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ (തൃശ്ശൂര്‍, വെള്ളാനിക്കര) 30 സീറ്റുകളിലായി പ്രവേശനം. പരിസ്ഥിതി ബയോളജി, കെമിസ്ട്രി, ഇക്കോണമി, റിസോഴ്‌സസ്, ആരോഗ്യം, പരിസ്ഥിതിഅക്കൗണ്ടിങ് ഓഡിറ്റ്, മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള വിഷയങ്ങളിലെ താത്പര്യമനുസരിച്ച് ചേരാം.    

ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്

കുഫോസിനു കീഴില്‍ സ്‌കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ആന്‍ഡ് ബയോടെക്‌നോളജി (പനങ്ങാട്എറണാകുളം) യില്‍ 80 സീറ്റുകള്‍. സോയില്‍വാട്ടര്‍ കെമിസ്ട്രി, അക്വാകള്‍ച്ചര്‍, ഫിഷ് ടാക്‌സോണമി, ബയോളജി, മൈക്രോബയോളജി, ഫിഷറീസ് ഇക്കണോമിക്‌സ്, ഓഷ്യാനോഗ്രഫി, മറൈന്‍ ബയോളജി അക്വാകള്‍ച്ചര്‍ എന്‍ജിനിയറിങ്, ഫിഷിങ് ക്രാഫ്റ്റ് ആന്‍ഡ് ഗിയര്‍ ടെക്‌നോളജി, ഫിഷറീസ് അഡ്മിനിസ്‌ട്രേഷന്‍, പോപ്പുലേഷന്‍ ഡൈനാമിറ്റ്‌സ്, കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് തുടങ്ങി വിവിധ പഠന ഗവേഷണ മേഖലകളാണ് ഈ കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്.   

ബി.ടെക്. ബയോടെക്‌നോളജി

വെള്ളായണി കാര്‍ഷിക കോളേജില്‍ നടത്തുന്ന കോഴ്‌സില്‍ 40 സീറ്റുകളുണ്ട്. അടിസ്ഥാന പത്തോളജി, മൈക്രോബയോളജി, ഫിസിയോളജി എന്നിവയ്ക്കു പുറമേ ബയോഅനാലിസിസ്, സെന്‍സേഴ്‌സ്, ബയോ യെന്‍സുറേഷന്‍, മെഡിക്കല്‍ ഇമേജിങ്, ബയോ സിഗ്‌നല്‍ പ്രോസസിങ്, ബയോമെറ്റീരിയല്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഓര്‍ഗന്‍സ്, ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയവയിലെ അഭിരുചിക്കനുസരിച്ച് ചേരാം.   


ബി.ടെക്. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് 

 കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (തവനൂര്‍ മലപ്പുറം) 53 സീറ്റുകളുണ്ട്. അടിസ്ഥാന എന്‍ജിനിയറിങ് വിഷയങ്ങള്‍ക്ക് പുറമേ കാര്‍ഷിക എന്‍ജിനിയറിങ്, ഫാം എന്‍ജിനിയറിങ്, ബയോടെക്‌നോളജി, ഫുഡ് പ്രോസസ് എന്‍ജിനിയറിങ്, പരിസ്ഥിതി, വിള സംസ്‌കരണ എന്‍ജിനിയറിങ്, ഓപ്പറേഷന്‍സ് റിസര്‍ച്ച് തുടങ്ങിയവയില്‍ താത്പര്യമുള്ളവര്‍ക്ക് പഠിക്കാം.   

ബി.ടെക്. ഫുഡ് ടെക്‌നോളജി   

കേളപ്പജി കോളേജ് ഓഫ് അഗ്രി. എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, കേരള വെറ്ററിനറി സര്‍വകലാശാലയുടെ കോളേജ് ഓഫ് ഫുഡ് ടെക്‌നോളജി (മണ്ണുത്തിതൃശ്ശൂര്‍), കുഫോസിന്റെ സ്‌കൂള്‍ ഓഫ്  ഓഷ്യന്‍ എന്‍ജിനിയറിങ് ആന്‍ഡ് അണ്ടര്‍വാട്ടര്‍ ടെക്‌നോളജി (പനങ്ങാട്എറണാകുളം) എന്നിവിടങ്ങളിലായി 93 സീറ്റുകള്‍. ഭക്ഷ്യസംസ്‌കരണം, വിപണനം, മാനേജ്‌മെന്റ്, ബേക്കറികണ്‍ഫെക്ഷണറി നൂതന സങ്കേതങ്ങള്‍, ക്വാളിറ്റി കണ്‍ട്രോള്‍, ഹസാര്‍ഡ് അനാലിസിസ്, ഫുഡ് ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ പഠനം. 

ബി.ടെക്. ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി   

വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലെ നാല് കോളേജുകളിലായി (വര്‍ഗീസ് കുര്യന്‍ ടെക്‌നോളജി മണ്ണുത്തിതൃശ്ശൂര്‍,  പൂക്കോട്‌ വയനാട്, കൈമനം തിരുവനന്തപുരം, കോലാഹലമേട് ഇടുക്കി) 100 സീറ്റുകളില്‍ പ്രവേശനം. പാല്‍ അധിഷ്ഠിത ഉത്പന്നങ്ങളുടെ ഉത്പാദനം, സംസ്‌കരണം, വിപണനം, ഗുണമേന്മ സാധ്യതകള്‍, പാക്കേജിങ്, സംരംഭകത്വം, ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സി, ഡെയറി കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ കാര്യങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് പഠിക്കാം.

Content Highlights: Seven Courses in Non-Medical Streams in Veterinary, Agriculture, Forestry and Fisheries Education