ശാസ്ത്രപഠനം എന്നാല്‍ കുറച്ച് ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിക്കുക എന്നാണ് പൊതുധാരണ. ഇത് പ്രാഥമികപഠനം മാത്രമായിരിക്കുകയും ശാഖോപശാഖകളായി പിരിഞ്ഞ് വ്യാവസായികപരവും അക്കാദമികവുമായ പല അനുശാസ്ത്രങ്ങളില്‍ എത്തുകയും ഇവയില്‍ പ്രാവീണ്യം നേടിയവര്‍ വമ്പന്‍ ജോലിസാധ്യതകളിലേക്ക് വഴിതെളിക്കുന്ന പ്രായോഗികമേഖലകളില്‍ എത്തപ്പെടുകയുമാണിന്ന്. എന്‍ട്രന്‍സ് പരീക്ഷകള്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് ലോകം ഏതുവഴി തിരിയുന്നു എന്നത് ഒട്ടും പിടിയില്ല. മെഡിക്കല്‍ പ്രൊഫഷന്‍ മാത്രമേ ലോകത്ത് വിജയത്തിന്റെ ലക്ഷണമായി കരുതാനാവൂ എന്ന് വിശ്വസിക്കുന്നവര്‍ അടുത്ത തലമുറയോട് ചെയ്യുന്ന അനീതിയാണതെന്ന് അറിയുന്നില്ല.

ക്വാണ്ടം കമ്പ്യൂട്ടറുകളുടെയും റോബോട്ടുകളുടെയും കാലം
ക്വാണ്ടം കംപ്യൂട്ടറുകളുടെയും റോബോട്ടുകളുടെയും കാലം വരുകയാണ്. അതനുസരിച്ച് ജോലിസാധ്യതകള്‍ മാറിമറിയാന്‍ പോവുകയാണ്. ടെക്നോളജിയില്‍ പ്രാവീണ്യം നേടുന്നവരുടെ ലോകമാണ് വരാന്‍ പോകുന്നത് എന്ന് യുവല്‍ നോവ ഹരാരി. മെഡിക്കല്‍, എന്‍ജിനീയറിങ് ജോലികളൊക്കെ റോബോട്ടുകള്‍ ചെയ്‌തോളും. അവയെ നിയന്ത്രിക്കാനാണ് ആളുകളെ വേണ്ടത്. ബയോളജിയും കെമിസ്ട്രിയുമൊക്കെ സമൂഹചര്യകളുടെ നടത്തിപ്പിനോ നിയന്ത്രണത്തിനോ ഉപയോഗിക്കപ്പെടുന്ന സാങ്കേതികതകളുടെ അടിസ്ഥാനം മാത്രമേ ആകുന്നുള്ളൂ എന്നത് തിരിച്ചറിവാകേണ്ടതാണ്. ഉദാഹരണത്തിന് കാര്‍ഷികമേഖല ഇന്ന് ടെക്നോളജിക്കാരുടെ പിടിയിലാണ്. ശാസ്ത്രാനുഭാവികള്‍ക്ക് ജോലിതുറസ്സ് നല്‍ക്കുന്ന ഇടം. Agricultural Scientist എന്ന പൊതുപേരില്‍ നിരവധി ഉപശാഖകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പ്രാണിശല്യം ഒഴിവാക്കുന്നതും കളകള്‍ നശിപ്പിക്കുന്നതും ഇന്ന് ടെക്നോളജിസ്റ്റുകളുടെ ജോലിയാണ്. ഇവയ്ക്ക് നൂതന പ്രയോഗസങ്കേതങ്ങള്‍ കണ്ടുപിടിക്കപ്പെടുകയാണ്, അതിന് ശാസ്ത്രാഭിരുചിയുള്ളവരെ മാടിവിളിക്കുകയാണ്. ശാസ്ത്രവും സാങ്കേതികതയും ഇന്ന് രണ്ടല്ല, ഒന്നിച്ചുചേര്‍ന്ന് ലോകനിര്‍മിതിയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ജോലിസാധ്യതയുടെ സീമകള്‍ വിസ്തൃതമാകയാണ്.

ഇന്റര്‍നെറ്റിന്റെ വരവോടേ ആഗോളപൗരനുമായിക്കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പുറംരാജ്യങ്ങളില്‍ എത്തിപ്പെടുക എന്നത് പണ്ടത്തെപ്പോലെ ദുര്‍ഘടമായ പ്രവൃത്തി അല്ലാതായിരിക്കയാണ്. ഇംഗ്ലീഷിന്റെ ഉപയോഗവും വ്യാപകമായിരിക്കയാണ്. മറുനാടുകളില്‍ ജോലി തേടുക എന്നത് അത്ര പ്രയാസമേറിയ കാര്യമല്ല ഇന്ന്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എല്ലാ രാജ്യങ്ങളിലും വേരുറപ്പിച്ചുകഴിഞ്ഞു. അതത് രാജ്യങ്ങളിലെ തൊഴില്‍സാധ്യതകളുമായി മല്ലിട്ട് ജോലി നേടുക എന്നത് എളുപ്പമല്ല. പക്ഷേ, ഇത്തരം കമ്പനികള്‍ നമ്മെ ആ രാജ്യങ്ങളിലൊക്കെ അയച്ചെന്നിരിക്കും. ചൈന പോലെ നമുക്ക് അപ്രാപ്യമായിരുന്ന രാജ്യങ്ങളിലും ഇന്ന് മറുനാടന്‍ ജോലിക്കാര്‍ ധാരാളമാണ്. സൗത്ത് കൊറിയ ഇന്ന് ശാസ്ത്രത്തിലും സാങ്കേതികതയിലും ഏറെ മുന്‍പിലാണ്. നമ്മളും അവരും സാങ്കേതികതയുടെ ഭാഷയാണ് സംസാരിക്കുന്നത് എന്നത് നമ്മളെ സ്വീകര്യരാക്കുകയാണ് അവിടെയെല്ലാം.

ശാസ്ത്രത്തില്‍ ജോലിസാധ്യതകളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതിയാല്‍ കിട്ടുന്നതിന്റെ ഒരു ഉദാഹരണമാണ് താഴെ. ഇത് ലോകം മുഴുവന്‍ കണക്കിലെടുത്തുള്ള വിവരമല്ല, പ്രധാനമായും അമേരിക്കന്‍ അക്കാദമികതലങ്ങളിലുള്ള ജോലിസാധ്യതകളാണ്. ഓരോ വിഷയത്തിലും ആ മാസം വരുന്ന ഒഴിവുകളാണിവ. 
Biochemistry- 114, Bioinformatics- 69, Biology- 189, Biomedical Sciences- 104, Biophysics- 22, Biotechnology- 45, Cancer Research- 144, Cell Biology- 114, Chemistry- 46, Computer Sciences- 37, Engineering- 34, Faculty- 204, Genetics- 85, Genomics- 68, Health Sciences- 246, Immunology- 108, Life Sciences- 685, Materials Science- 24, Mathematics- 26, Microbiology- 68, Molecular Biology- 141, Neuroscience- 70, Physical Sciences- 176, Physics- 40, Postdoc- 205, Virology- 26.

ഇത് ഒരു ചെറിയ കാലയളവിലുള്ള ജോലി ഒഴിവുകളുടെ പട്ടിക മാത്രമാണ്. ശാസ്ത്രപഠനം ഇന്ന് അഭൂതപൂര്‍വമായി ജോലിസാധ്യതകള്‍ തുറന്നിടുകയാണ്. വികസിതരാജ്യങ്ങളില്‍ എല്ലാം ഏറെക്കുറെ ഈ അനുപാതം പ്രാവര്‍ത്തികമാണ്. 
ഇംഗ്ലീഷിലുള്ള പ്രാവീണ്യവും ശാസ്ത്രവിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള ഏറിയ കഴിവുകളും ഇന്ത്യക്കാര്‍ക്ക് ഇത്തരം ജോലികളില്‍ കയറിപ്പറ്റുക എളുപ്പമാക്കുകയാണ്. പ്രാഥമിക ശാസ്ത്രവിഷയങ്ങള്‍ എടുത്ത് ബി.എസ്സി. പാസാകാന്‍ വിമുഖത കാണിക്കേണ്ടതില്ല ഇന്ന്. അതുകഴിഞ്ഞ് സാങ്കേതികതയുമായി ബന്ധപ്പെടുത്തിയ ഏതെങ്കിലും വിഷയത്തില്‍ ഉപരിപഠനം നടത്താന്‍ ശ്രമിക്കാം. നമ്മളെ സ്വീകരിക്കുന്ന യൂണിവേഴ്സിറ്റികളില്‍ -ഏതു രാജ്യത്തെ ആണെങ്കിലും-പ്രവേശനം കിട്ടാന്‍ ശ്രമിച്ചാല്‍തന്നെ ആദ്യത്തെ കടമ്പ കടന്നുകിട്ടുകയായി. എന്‍ട്രന്‍സ് കോച്ചിങ്ങിന് ചെലവാക്കുന്ന പണത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഇതിന് വേണ്ടിവരൂ. മെഡിസിനോ എന്‍ജിനീയറിങ്ങിനോ പഠിക്കാനുള്ള പണത്തിന്റെ നേരിയ ശതമാനമായിരിക്കും ഇത്. അത് രണ്ടും പഠിച്ച് ജോലി ഇല്ലാതെയിരിക്കുന്നതിന്റെ ദയനീയവൈഷമ്യവും ഒഴിവായിക്കിട്ടും.

പ്രാഥമികമായ ഇത്തരം പഠനങ്ങള്‍ക്കൊപ്പമോ അതുകഴിഞ്ഞോ മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കുന്നതും ജോലിസാധ്യത വര്‍ധിപ്പിക്കും. ഒരു മുഴു ഡിഗ്രി ആവശ്യം വന്നേയ്ക്കില്ല ഇവയില്‍. ഉദാഹരണത്തിന് അഗ്രിബിസിനസുമായി ബന്ധപ്പെട്ട ഇന്‍ഡസ്ട്രികളില്‍ അഗ്രിക്കള്‍ച്ചര്‍ ഡിഗ്രിയോടൊപ്പം ഈ അനുബന്ധവിഷയങ്ങളില്‍ ഡിപ്‌ളോമ നേടിയാല്‍ മെച്ചപ്പെട്ട ജോലിയിലായിരിക്കും നിങ്ങളെ അത് എത്തിക്കുക. 

സാധാരണ പഠനവിഷയങ്ങളില്‍നിന്ന് ഏറേ മാറിയിരിക്കുന്നു ഇന്നത്തെ തൊഴില്‍സാധ്യതാപഠനവിഷയങ്ങള്‍. ഒരു പ്രധാന വിഷയത്തിന്റെ പല ശാഖകളാണിന്ന് പഠിച്ചെടുക്കേണ്ടത്. ജോലിസാധ്യതകള്‍ ഇവയിലാണ് പ്രാവീണ്യം നേടാന്‍ പ്രേരിപ്പിക്കുന്നത്. Industrial Biotechnology, Biofuel Technology, Biotechnology Management ഒക്കെ ഉദ്യോഗാര്‍ഥികളെ തേടുന്ന ഇന്‍ഡസ്ട്രിയിലെ വിഷയങ്ങളാണ്. അതുപോലെ Genetic Counselingന് ഇന്ന് വമ്പന്‍ മാര്‍ക്കറ്റാണുള്ളത്. പല യൂണിവേഴ്സിറ്റികളും ഊര്‍ജസ്വലതയോടേ ഇതൊക്കെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നു ഈയിടെ. Neurobiology, Neurogenetics ഗവേഷണങ്ങള്‍ക്ക് ഫണ്ടിങ് ധാരാളമുണ്ട്. സൈക്കോളജിയും സൈക്ക്യാട്രിയും ഇന്ന് ആധുനിക ന്യൂറോസയന്‍സിന്റെ വിവരവേലിയേറ്റത്തില്‍ മാറപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ന്യൂറോസയന്‍സ് പഠിച്ചവരെ ഇന്ന് ആവശ്യമായി വരുന്നു. 

Industrial Biotechnology: ബയോളജിയും ബയോടെക്നോളജിയും പഠിച്ചവര്‍ക്ക് സ്വല്പം കൂടെ അധ്വാനിച്ചാല്‍ കയറിക്കൂടാവുന്ന ഇടങ്ങള്‍ ഇവിടുണ്ട്. രാസവസ്തുക്കള്‍, ആഹാരപദാര്‍ഥങ്ങളും കാലിത്തീറ്റയും സോപ്പുകള്‍, വാഷിങ് സോപ്പുകള്‍, കടലാസ്, തുണിത്തരങ്ങള്‍, ബയോഎനര്‍ജി എന്നിവയുടെ സെക്ടറുകളില്‍ ജൈവഎന്‍സൈമുകള്‍, മൈക്രോജീവികള്‍ എന്നിവ ഉപയോഗിച്ച് ജൈവപരമായി വന്‍കിടരീതിയില്‍ മേല്‍പ്പറഞ്ഞവ ഉത്പാദിപ്പിക്കുന്ന സംവിധാനമാണിത്. ബയോടക്നോളജി പഠിച്ചവര്‍ക്ക് ഇതില്‍ ചെറിയ ചില കോഴ്സുകളും കഴിഞ്ഞാല്‍ ജോലിസാധ്യതയുണ്ട്, ധാരാളം പുതിയ കമ്പനികള്‍ ആവിര്‍ഭവിക്കുന്ന മേഖലയായതുകൊണ്ട്.
Biofuel Technology: പെട്രോള്‍, ഡീസല്‍, കല്‍ക്കരി എന്നീ 'ഫോസില്‍ ഇന്ധനങ്ങള്‍' ഊര്‍ജത്തിനുവേണ്ടി ഉപയോഗിക്കുന്നരീതി മാറിക്കൊണ്ടിരിക്കയാണ്, അവ പരിസ്ഥിതിനാശകാരിയായതുകൊണ്ട്. ബയോഫ്യൂവല്‍ എന്നത് സസ്യങ്ങളില്‍നിന്ന് നേരിട്ടോ അല്ലെങ്കില്‍ കാര്‍ഷിക/ജൈവ ചവറുകളില്‍നിന്നോ ഊര്‍ജം നിര്‍മിച്ചെടുക്കപ്പെട്ടതാണ്. വൈക്കോല്‍ എന്ന അതിസാധാരണ വസ്തു കാറില്‍ നിറയ്ക്കുന്ന ഇന്ധനമായി മാറ്റപ്പെടുകയാണ് ഈ പ്രക്രിയയാല്‍. പായല്‍ ഇന്ധനവസ്തുവാകയാണ്. വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായമാണിത്. ധാരാളം ഗവേഷണങ്ങളും നടക്കുന്നു. ഭാവിയുടെ ഊര്‍ജനിര്‍മിതി ടെക്നോളജിയാണിത്. പല യൂണിവേഴ്സിറ്റികളും കോളേജുകളും ചെറിയ കോഴ്സുകള്‍ തുടങ്ങിയിട്ടുണ്ട് ഈ വിഷയത്തില്‍.
Biotechnology Management: മേല്‍പ്പറഞ്ഞ രണ്ട് സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കുന്ന ഇന്‍ഡസ്ട്രിയില്‍ മാനേജ്മെന്റിന് മാന്‍പവര്‍ ആവശ്യമുണ്ട്. ബയോടെക്നോളജി പഠിച്ചവര്‍ക്ക് ചില സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ വഴി മാനേജ്മെന്റില്‍ പ്രാവീണ്യം നേടാം. അല്ലെങ്കില്‍ ബയോടെക്നോളജിയോടൊപ്പം എം.ബി.എ. ചെയ്യാം. ഇത് നല്ല കൂട്ടുകെട്ടാണ്.
 

thozhil vartha
തൊഴില്‍ വാര്‍ത്ത വായിക്കാം

Genetic Counseling: ജെനിറ്റിക്സില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ചെറിയ ചില സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ വഴി ഈ ജോലിക്ക് പ്രാപ്തരാകാം. പല അസുഖങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ ഇന്ന് ഡി.എന്‍.എ. വിശകലനംകൊണ്ട് സാധ്യമാവുന്നുണ്ട്. മോളിക്യുലാര്‍ ബയോളജി പഠിച്ചതും വെറുതെ ആകില്ല. ഡി.എന്‍.എ. വിശകലനത്തിന് ഇന്ന് എമ്പാടും വിദഗ്ധരെ ആവശ്യമുണ്ട്. ലാബില്‍ സമയം ചെലവഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ ഫാമിലി കൗണ്‍സിലിങ് പഠിച്ചെടുത്ത് രോഗിയുമായോ കുടുംബബന്ധുക്കളുമായോ ചര്‍ച്ച ചെയ്യുന്ന ജോലിയിലേക്ക് മാറാം. ജനിതകവൈകല്യമുള്ള കുടുംബങ്ങളില്‍ കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് കൗണ്‍സിലിങ് ആവശ്യമാണ്. ജെനിറ്റിക്സ് ഇന്ന് ക്ലിനിക്കുകളില്‍ പ്രാമുഖ്യം നേടുകയാണ്, കാന്‍സര്‍ ചികിത്സ ഉള്‍പ്പെടെ. ഈ ജോലിക്ക് ഇന്ന് ധാരാളം അവസരങ്ങള്‍ ഉണ്ട്.
Neurogenetics: വളരെ വേഗം, ശക്തിയോടെ വളരുന്ന ഒരു മേഖല. Artificial Intelligence നിര്‍മിതിക്കുവരെ ന്യൂറോജെനിറ്റിക്സ് പഠനം അത്യാവശ്യമാണ്. ഇതിനോടൊപ്പം കംപ്യൂട്ടര്‍ പരിചയവും ഉണ്ടെങ്കില്‍ ഗവേഷണജോലിക്കോ മറ്റ് സാങ്കേതികവ്യവസായമേഖലകളിലെ ജോലിക്കോ പ്രാപ്തരാവുകയാണ്. ഇന്ന് വന്‍തോതില്‍ വിദ്യാര്‍ഥികളെ ചേര്‍ത്തുകൊണ്ടിരിക്കയാണ് പാശ്ചാത്യനാടുകളിലെ യൂണിവേഴ്സിറ്റികള്‍. ഓട്ടിസം, ബൈപോളാര്‍ അസുഖങ്ങള്‍, ആല്‍ഷൈമേഴ്സ് രോഗം ഇവയൊക്കെ ന്യൂറോജെനിറ്റിക്സുകാര്‍ ഏറ്റെടുത്ത് പഠിച്ചും ചികിത്സാപദ്ധതികള്‍ തേടിക്കൊണ്ടും ഇരിക്കയാണ്.
Robotics: ആശുപത്രികളില്‍ ഇന്ന് അവയവമാറ്റ ശസ്ത്രക്രിയകള്‍, കരള്‍ ശസ്ത്രക്രിയകള്‍, ഹൃദയത്തിലെ ബൈപ്പാസ് സര്‍ജറി ഇവയ്‌ക്കൊക്കെ റോബോട്ടിക്സ് പ്രാവര്‍ത്തികമാണ്. Surgical robotics എന്ന പുതിയ തൊഴില്‍മേഖല. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ഒരു റോബോട്ട്, ഇടുപ്പ് സര്‍ജറിക്ക് ഒരു ഓര്‍തോപീഡിക് റോബോട്ട് ഇങ്ങനെ പോകുന്നു നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചേക്കാവുന്ന മനുഷ്യയന്ത്രങ്ങള്‍. ഇവയിലൊക്കെ ഡോക്ടറെ സഹായിക്കാനും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ ചെയ്യാനും ഏറെ തൊഴിലവസരങ്ങാളുണുള്ളത്. ഫിസിക്സും കംപ്യൂട്ടറും പഠിച്ചവര്‍ക്ക് സുവര്‍ണാവസരം. 
Industrial engineering: എന്‍ജിനീയര്‍മാരെ മാത്രമല്ല ഇതിലെ ചില മേഖലകളില്‍ ആരോഗ്യമേഖലകളില്‍ ഡിഗ്രി ഉള്ളവരെയും ആവശ്യമുണ്ട്. Health and Safety engineers, Occupational health and Safety specialists ഒക്കെ ശുദ്ധ എന്‍ജിനീയറിങ് മാത്രം പഠിച്ചവരുടെ ജോലി അല്ല. പല വിഷയങ്ങള്‍, എന്നാല്‍ ഒരു ജോലിക്കുതന്നെ പ്രാപ്തരാക്കുന്നവ പഠിച്ചെടുക്കുക എന്നതാണ് ഭാവിയിലെ പഠനപദ്ധതിയിലെ മുഖ്യധാര.
Agribusiness: ഗവേഷകര്‍, ഇന്‍സ്പെക്ടര്‍മാര്‍, quality assurance managers ഒക്കെ ബയോളജി, അഗ്രിക്കള്‍ചര്‍, മാനേജ്മെന്റ് ഇവ പഠിച്ചവര്‍ക്ക് ചെയ്യാനുള്ള ജോലികളാണ്. അഗ്രിക്കള്‍ചറല്‍ ആന്‍ഡ് ഫുഡ് സയന്റിസ്റ്റ് മേഖല അതിവേഗം വളരുകയാണ്, അതിനോടൊപ്പം ജോലിസാധ്യതകളും. കൃഷിവേലകള്‍ വിശകലനം ചെയ്യാനും വിളകള്‍ കൂടുതല്‍ ആഹാരം ഉത്പാദിപ്പിക്കുന്നതില്‍ പുതിയ വഴികള്‍ തെളിയിക്കാനും മിടുക്കരെ കൂടുതല്‍ ആവശ്യം വന്നുകൊണ്ടിരിക്കയാണ്. കെമിസ്ട്രി, ബയോകെമിസ്ട്രി, ന്യൂട്രീഷന്‍, മൈക്രോബയോളജി ഇവയൊക്കെ പ്രാഥമികമായി പഠിച്ചവര്‍ക്ക് ചെറിയ ഉപരിവിദ്യാഭ്യാസംകൊണ്ട് ഈ മേഖലയിലെ ജോലികള്‍ തേടാം.
അമേരിക്കന്‍ കണക്കുകള്‍ പറയുന്നത് Food, Agriculture, Renewable natural reosurces, Environment management എന്നീ മേഖലകളില്‍ ഈ അടുത്ത കൊല്ലങ്ങളില്‍ 60,000 തൊഴിലുകള്‍ ഒരു വര്‍ഷം ലഭ്യമാകുമെന്നാണ്. അഗ്രിക്കള്‍ചറല്‍ ഫുഡ് സയന്റിസ്റ്റുകളെ കൂടുതല്‍ ആവശ്യം വന്നേക്കും. 
Food Technology: വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍മേഖല. അമേരിക്കയില്‍ 16,000-ത്തോളം പുതിയ ജോലികള്‍ ഓരോ വര്‍ഷവും ലഭ്യമായിക്കൊണ്ടിരിക്കയാണ്. പല രാജ്യങ്ങളിലേയും ഏറ്റവും വലിയ വ്യവസായം food technologyയുമായി ബന്ധപ്പെട്ടതാണ്. ഫുഡ് സയന്റിസ്റ്റ്, ബയോളജിക്കല്‍ എന്‍ജിനീയര്‍, Environmental scientist, Plant scientist, Agronomist ഇവരെയെല്ലാം ആവശ്യം വരുന്ന തൊഴില്‍ മേഖല. Food and biomaterials production ഇതുപോലെ ജോലിസാധ്യതയുള്ള അനുബന്ധ മേഖലയാണ്. ഇന്‍സ്പെക്ടര്‍മാര്‍, ഗവേഷകര്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍, crop management consultant ഒക്കെ ഈ വ്യവസായസംരഭങ്ങളില്‍ ആവശ്യം വരുന്ന തസ്തികകളാണ്. ധാന്യവിള ഉത്പാദനം, കൃഷി ഉത്പന്ന സങ്കേതങ്ങള്‍, നിഷ്‌കൃഷ്ടവും സൂക്ഷ്മവുമായ കൃഷിരീതികള്‍ (precision agriculture) ഒക്കെയാണ് ഈ മേഖലയിലെ താത്പര്യങ്ങള്‍.

Content highlights: Higher education, science courses, career