മാനതകളിലല്ലാത്ത ഒരു അധ്യായന വർഷത്തിനാണ് ലോകം ഇത്തവണ സാക്ഷ്യം വഹിച്ചത്. ചൈനയിൽ നിന്നെത്തിയ ഒരു കുഞ്ഞുവൈറസ് നാടിനെയാകെ 'പൂട്ടിലാക്കിയ'പ്പോൾ ഓൺലൈൻ പഠനം തന്നെയായിരുന്നു ഏക ആശ്രയം. ടി.വിയുടേയും മൊബൈലിന്റേയുമെല്ലാം ഇത്തിരിവെട്ടത്ത് നിന്ന് മാറി വിദ്യാലയത്തിന്റെ വലിയ ആകാശം കാണാൻ അധ്യാപകരും കുട്ടികളും ഒരുപോലെ ആഗ്രഹിച്ച കാലമാണ് കടന്ന് പോയത്. ഒമ്പത് മാസത്തെ ആ 'കാണാപാഠ'ങ്ങൾക്ക് വിരാമമിട്ടുകൊണ്ട് 2021 ജനുവരി ഒന്നിന് സംസ്ഥാനത്തെ മിക്ക സ്കൂളുകളും തുറന്നു. പതിവ് സ്കൂൾ തുറപ്പുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. യൂണിഫോമിനും സ്കൂൾബാഗിനും ഒപ്പം മാസ്കും സാനിറ്റൈസറും തെർമൽ ഗണ്ണുമെല്ലാം ഇത്തവണ സ്കൂളിലേക്കെത്തി!

10, 12 ക്ലാസ്സുകളിലെ 50 ശതമാനം വിദ്യാർഥികളെ മാത്രം ക്ലാസ്സിലിരുത്തി രണ്ട് ഷിഫ്റ്റുകളിലായുള്ള പഠനം. ഒരോ ഷിഫ്റ്റിനും മൂന്നുമണിക്കൂർ വീതം ക്ലാസ്സ്. ആദ്യദിവസം പഠനത്തിനു പകരം കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യങ്ങളും കൗൺസലിങ്ങുകളുമാണ് മിക്ക വിദ്യാലയങ്ങളിലും നടന്നത്. 90 ശതമാനത്തിന് മുകളിൽ കുട്ടികൾ പല ക്ലാസ്സുകളിലുമെത്തി. മാർച്ച് 17 മുതൽ പൊതു പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽപ്പേർ ക്ലാസ്സുകളിലേക്കെത്തുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മാസ്കിട്ട്, സോപ്പിട്ട്, സാമൂഹികാകലം പാലിച്ച് സ്കൂളിലെത്തിയതിന്റെ അനുഭവം വിദ്യാർഥികളും അധ്യാപകരും മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെച്ചപ്പോൾ...

വിദ്യാർഥികൾക്ക് ആത്മവിശ്വാസമേകും

jayahariഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ജൂൺ മുതൽ ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നുണ്ടായിരുന്നെങ്കിലും ഓഫ്ലൈനായി, നേരിട്ട് കുട്ടികൾക്ക് ക്ലാസ്സെടുക്കാൻ സാധിക്കുമ്പോഴാണ് കൂടുതൽ സംതൃപ്തി. നിലവിൽ പ്രാക്ടിക്കൽ ക്ലാസ്സുകൾ നടത്തുന്നതിനും സംശയനിവാരണത്തിനും മറ്റുമായാണ് 50 ശതമാനം കുട്ടികളെ വരുത്തിയുള്ള ഈ ക്രമീകരണം നടത്തിയിട്ടുള്ളത്. അധ്യാപകരേയും വിദ്യാർഥികളേയും സംബന്ധിച്ച് ഇത് ശരിക്കും ആശ്വാസമേകുന്ന തീരുമാനമാണ്. ടെൻഷനെല്ലാം മാറ്റിവെച്ച് ഏറെ ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാൻ ഇത്തരം ക്രമീകരണങ്ങൾ കൊണ്ട് വിദ്യാർഥികൾക്കും സാധിക്കും.

ജയഹരി.പി
പ്രിൻസിപ്പാൾ ഗവ. എച്ച്.എസ്.എസ്, കലഞ്ഞൂർ, പത്തനംതിട്ട

പരീക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ട

shobaകുറച്ച് കുട്ടികളെ മാത്രമിരുത്തിയുള്ള ക്ലാസ്സായതിനാൽത്തന്നെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മുന്നോട്ട് പോകാൻ എളുപ്പമുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളൊഴികെ മിക്കവരും ആദ്യദിനം തന്നെ ക്ലാസ്സിനെത്തിയിരുന്നു. സ്കൂളിലേക്കെത്താൻ ഗതാഗത സൗകര്യമില്ലാത്ത കുട്ടികളോട് വീടിനുള്ളിൽ തന്നെയിരുന്ന് പഠനം തുടരാനും നിർദേശിച്ചിട്ടുണ്ട്. എങ്കിലും അധ്യാപകരുടെ ഗൈഡൻസ് ലഭിച്ചാൽ മാത്രം പഠിക്കുന്ന ഒരു വിഭാഗം കുട്ടികൾക്ക് തുടക്കംമുതൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കണമെന്ന വെല്ലുവിളിയുമുണ്ട്. സ്കൂളിലെത്തിയ കുട്ടികളിൽ ചിലർ പരീക്ഷയെ സംബന്ധിക്കുന്ന ആശങ്കകൾ പ്രകടിപ്പിച്ച് കണ്ടു. സിലബസ് കുറച്ചിട്ടുള്ളതിനാൽ ആശങ്ക വേണ്ടെന്നും നന്നായി തയ്യാറെടുത്താൻ മതിയെന്നും വിദ്യാർഥികളെ പറഞ്ഞ് മനസ്സിലാക്കാനാണ് അധ്യാപകർ ശ്രമിച്ചത്. ക്ലാസ്സുകൾ നല്ലരീതിയിൽ നടത്താൻ എല്ലാ അധ്യാപകരുടെയും പൂർണ സഹകരണവും ഉണ്ടായിരുന്നു. പക്ഷേ സ്കൂളിലെ ക്ലാസ്സുകൾക്കിടെ വിക്ടേർസിലെ ക്ലാസ്സുകൾ പല കുട്ടികൾക്കും കാണാൻ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടാകും. ഇതിലെത്രപേർ വീട്ടിലെത്തി കൃത്യമായി പുനഃസംപ്രേക്ഷണം കാണുമെന്ന് പറയാനാകില്ലല്ലോ.

ശോഭ.ടി
പ്രിൻസിപ്പാൾ, ജി.എച്ച്.എസ്.എസ്, കൊടുവായൂർ, പാലക്കാട്

ആദ്യ ദിനം വിജയം

haseenaഏറെ നാളുകൾക്ക് ശേഷം പരസ്പരം കാണാൻ സാധിച്ചത് അധ്യാപകർക്കും കുട്ടികൾക്കും ഏറെ സന്തോഷം നൽകി. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ആദ്യദിനം ക്ലാസ്സുകൾ മുന്നോട്ട് പോയത്. ഒരു ക്ലാസ്സിൽ പരമാവധി 10 കുട്ടികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ചില ക്ലാസ്സുകളിൽ ഏഴ് മുതൽ എട്ട് കുട്ടികൾ വരെ എത്തിയപ്പോൾ ചില ക്ലാസ്സുകളിൽ നാലുപേരോളം മാത്രമാണെത്തിയത്. അവർക്കായി ക്ലാസ്സുകളെടുത്തു. കുട്ടികൾക്ക് സ്കൂളിൽ വന്നുപോകാനുള്ള സൗകര്യമനുസരിച്ചാണ് അവരെ വ്യത്യസ്ത ബാച്ചുകളാക്കിയത്. രണ്ട് ഷിഫ്റ്റുകളായി നടത്തിയ ക്ലാസ്സിൽ ആദ്യം പരീക്ഷയെ പേടികൂടാതെ നേരിടാനുള്ള നിർദേശങ്ങൾ നൽകി, അവരിലെ ആത്മവിശ്വാസം വളർത്തുകയാണ് ചെയ്തത്. സുഹൃത്തുക്കളെ കണ്ടപ്പോൾ കൈകൊടുക്കാനും കെട്ടിപ്പിടിക്കാനുമെല്ലാം വിദ്യാർഥികൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സാമൂഹികാകലം പാലിക്കണമെന്ന നിർദേശം അവർ കർശനമായിത്തന്നെ പാലിച്ചു. ഓൺലൈൻ ക്ലാസ്സിൽ പഠിച്ച പാഠങ്ങളിലെ സംശയ നിവാരണത്തിനാണ് ക്ലാസ്സെങ്കിലും ചില കുട്ടികൾക്കായി ചില പാഠഭാഗങ്ങൾ വീണ്ടും പഠിപ്പിക്കേണ്ടി വരും. അത് സമയമനുസരിച്ച് ക്രമീകരിക്കും. ചുരുക്കിപ്പറഞ്ഞാൽ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ക്ലാസ്സ് ശരിക്കും വിജയമായിരുന്നു.

ഹസീന. വി.എ
ഹൈസ്കൂൾ അധ്യാപിക, ഗവ. എച്ച്.എസ്.എസ്, പുനലൂർ, കൊല്ലം

മനോധൈര്യം വർധിപ്പിക്കുക ലക്ഷ്യം

beenaസ്കൂളിൽ വന്ന് അധ്യാപകരെ കാണാൻ സാധിക്കുന്നുണ്ട് എന്നതൊഴിച്ചാൽ കുട്ടികളെ സംബന്ധിച്ച് പഴയത് പോലെ ക്ലാസ്സ് അന്തരീക്ഷം ആസ്വദിക്കാനൊന്നും പറ്റുന്നില്ല. പരീക്ഷയെ കേന്ദ്രീകരിച്ചുള്ള പഠനമാണ് നിലവിൽ നടക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള ഫോക്കസ് ഏരിയകളെ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ കുട്ടികൾക്കിടയിലുണ്ട്. അത് ദൂരീകരിച്ച് അവരിൽ ആത്മവിശ്വാസം വളർത്താനാണ് ഞങ്ങളുടെ ശ്രമം. കൂടാതെ മാർച്ചിലെ പരീക്ഷയെ സംബന്ധിച്ച് അവരുടെ മനസ്സിലുള്ള ഭയമകറ്റാനുള്ള ശ്രമങ്ങളും ഓഫ്ലൈൻ ക്ലാസ്സിലൂടെ നടത്തുന്നുണ്ട്. സ്കൂളുകൾ അടച്ചിരുന്ന സാഹചര്യത്തിൽ മാനസിക സമ്മർദ്ദം മൂലം നിരവധി കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇതുകൂടി കണക്കിലെടുത്ത് കുട്ടികളുടെ മനോധൈര്യം കൂട്ടുകയാണ് ശരിക്കും ക്ലാസ്സുകളുടെ ലക്ഷ്യം.

ബീന.എ
ഹയർസെക്കൻഡറി അധ്യാപിക, ജി.എച്ച്.എസ്.എസ്, കതിരൂർ, കണ്ണൂർ

ഏറെ നാളിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം

reenaഒരുപാട് നാളുകൾക്ക് ശേഷം സ്കൂളിൽ പോയപ്പോൾ മനസ്സിന് ഏറെ സന്തോഷം തോന്നി. ദൂരെ നിന്നാണെങ്കിലും കൂട്ടുകാരെ കാണാൻ സാധിച്ചതിന്റെ സന്തോഷവും എല്ലാവരേയും കാണാൻ കഴിഞ്ഞില്ലെന്ന സങ്കടവുമുണ്ട്. സ്കൂളിൽ എത്തിയാൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്കൂൾ തുറക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗൂഗിൾ മീറ്റിലൂടെ അധ്യാപകർ വിവരിച്ചിരുന്നു. അതിനാൽ കൂടുതൽ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. പരീക്ഷയ്ക്ക് പഠിക്കാനുള്ള ഫോക്കസ് പോയിന്റുകൾ തന്നിട്ടുള്ളതിനാൽ അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സംശയ നിവാരണ ക്ലാസ്സുകളാണ് അധ്യാപകർ നടത്തുന്നത്. വിക്ടേർസിലൂടെ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് പുറമേ ഓൺലൈനായും അധ്യാപകർ സഹായിച്ചിരുന്നു. അതിപ്പോൾ ഓഫ്ലൈനായി കൂടി ലഭിക്കുന്നത് ഏറെ ആശ്വാസം നൽകുന്നുണ്ട്.

റീന ജോസഫ്
പ്ലസ്ടു വിദ്യാർഥിനി, ഗവ.എച്ച്.എസ്.എസ്. പുനലൂർ, കൊല്ലം

പാഠഭാഗങ്ങൾ നന്നായി മനസ്സിലാകും

kavyaഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് വ്യത്യസ്തമായി സ്കൂളിൽ നേരിട്ടെത്തി പഠിക്കുമ്പോൾ പാഠഭാഗങ്ങൾ കുറച്ചുകൂടി നന്നായി മനസ്സിലാകും. പരീക്ഷയ്ക്ക് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ഇങ്ങനെയൊരു അവസരം ലഭിച്ചത് പഠനത്തിൽ ഗുണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ ഏത് രീതിയിൽ പാലിക്കണമെന്നത് സംബന്ധിച്ച് നിർദേശങ്ങൾ ലഭിച്ചിട്ടുള്ളതിനാൽത്തന്നെ അക്കാര്യത്തിൽ ആശങ്കകളൊന്നുമില്ല. ലാബ് സൗകര്യം ലഭിക്കുമെന്നതും ഏറെ സന്തോഷമുള്ള കാര്യമാണ്.

കാവ്യ. ആർ.എസ്
പ്ലസ്ടു വിദ്യാർഥിനി, സെന്റ്. ഗ്രിഗോറിയസ് എച്ച്.എസ്.എസ്., കൊട്ടാരക്കര, കൊല്ലം

മാർനിർദേശങ്ങൾ കൃത്യമായി പാലിക്കും

lashinജനുവരി നാലു മുതലാണ് ഞങ്ങൾക്ക് സ്കൂൾ തുറക്കുന്നത്. സ്കൂൾ അടഞ്ഞുകിടന്ന ഇക്കാലമത്രയും ഓൺലൈനായി ക്ലാസ്സുകൾ നടന്നിരിന്നെങ്കിലും അധ്യാപകർ നേരിട്ടെത്തി പഠിപ്പിക്കുന്ന അത്രത്തോളം വരില്ലത്. അതുകൊണ്ടുതന്നെ വീണ്ടും സ്കൂൾ തുറക്കുന്നുവെന്ന വാർത്ത കേട്ടപ്പോൾത്തന്നെ ഏറെ സന്തോഷമായി. ദൂരെ നിന്നാണെങ്കിലും കൂട്ടുകാരെയും അധ്യാപരേയും കാണാനും സംസാരിക്കാനും സാധിക്കുമെന്ന ആശ്വാസവുമുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ അധ്യാപകർ ധാരാളം നിർദേശങ്ങൾ തന്നിട്ടുണ്ട്. അതൊക്കെ കൃത്യമായി പാലിച്ചുകൊണ്ടാകും ക്ലാസ്സിലെത്തുക. സ്കൂളില്ലാത്തതിനാൽ നിരവധി മേളകളും മൽസരങ്ങളും ഈ വർഷം നഷ്ടമായിട്ടുണ്ട്. വരുന്ന അധ്യായന വർഷങ്ങളിൽ അതെല്ലാം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ലാഷിൻ അലി കെ.വി
പത്താംക്ലാസ്സ് വിദ്യാർഥി, ജി.ജി.വി.എച്ച്.എസ്.എസ്, ഫറോക്ക്, കോഴിക്കോട്

സ്കൂളിലെത്തിയപ്പോൾ ആശ്വാസമായി

sree gouriകോവിഡ് കാലത്ത് തുടങ്ങിയ ഓൺലൈൻ ക്ലാസ്സുകൾ എത്രയും വേഗം അവസാനിച്ച് സ്കൂൾ തുറന്നിരുന്നെങ്കിലെന്നാണ് ആഗ്രഹിച്ചത്. അത് സംഭവിച്ചപ്പോൾ ഏറെ ആശ്വാസമായി. നെറ്റ് വർക്ക് കിട്ടാതെയിരിക്കുക, കറന്റ് പോകുക തുടങ്ങി നിരവധി പ്രതിസന്ധികൾ ഓൺലൈൻ ക്ലാസ്സിനിടെ ഉണ്ടാകാറുണ്ട്. കൂടാതെ സംശയം ചോദിക്കുന്നതിനും പരിധിയുണ്ട്. പക്ഷേ നേരിട്ടാകുമ്പോൾ ഇത്തരം പ്രശ്നങ്ങളില്ല. മനസ്സിലാകാത്ത കാര്യങ്ങൾ അപ്പപ്പോൾത്തന്നെ ചോദിച്ച് മനസ്സിലാക്കാം. രണ്ടര മണിക്കൂറാണ് നിലവിൽ സ്കൂളിലെ ക്ലാസ്സുകളുടെ ദൈർഘ്യം. ആ സമയം പരമാവധി പ്രയോജനപ്രദമാക്കാൻ അധ്യാപകരും ഞങ്ങൾ വിദ്യാർഥികളും ശ്രമിക്കുന്നുണ്ട്. ഐ.സി.എസ്.ഇ സിലബസ്സാണ് ഞാൻ പഠിക്കുന്നത്. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാഠഭാഗങ്ങളെല്ലാം പൂർത്തിയാക്കി പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ് സ്കൂളിലെല്ലാവരും.

ശ്രീഗൗരി രഘുനാഥ്
പത്താംക്ലാസ്സ് വിദ്യാർഥിനി, സെന്റ്. മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചേവരമ്പലം, കോഴിക്കോട്

Content Highlights: School reopening in Kerala after nine months, Students and teachers experience, Covid-19, Lockdown, SSLC, plus two exams