കോഴിക്കോട്: കണ്ണുകളില്‍ സന്തോഷം ഒളിപ്പിച്ച് മാസ്‌കില്‍ ചെറുചിരിയുയര്‍ത്തി ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്കെത്തി. കുട്ടികളെ സ്വീകരിക്കാന്‍ കവാടത്തില്‍ തെര്‍മല്‍ഗണ്ണും സാനിറ്റൈസര്‍ കുപ്പിയുമായി അധ്യാപകര്‍ കാത്തുനിന്നു. ശരീരഊഷ്മാവ് പരിശോധിച്ച് കൈകളില്‍ സാനിറ്റൈസര്‍ പുരട്ടി അവരെ ക്ലാസുകളിലേക്ക് ക്ഷണിച്ചു.

പുതുവര്‍ഷത്തില്‍ പുതിയൊരു അധ്യയനരീതിക്ക് തുടക്കം കുറിക്കാനാണ് മാസങ്ങളുടെ ഇടവേളയ്ക്കുശേഷം അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളുകളിലേക്കെത്തിയത്. മൊബൈല്‍ ഫോണിലൂടെയുള്ള പഠനത്തിനും സൗഹൃദത്തിനും വിടനല്‍കി അധ്യാപകരെയും കൂട്ടുകാരെയും നേരില്‍ക്കണ്ട സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. പരസ്പരം ആശ്ലേഷിക്കാനോ കൈകോര്‍ത്തു പിടിക്കാനോ സമ്മതിക്കാതെ ശാരീരിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അധ്യാപകര്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.

എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച സ്‌കൂളിലേക്കെത്തിയത്. ക്ലാസ് മുറിയില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലാണ് ഇരിപ്പിടം ക്രമീകരിച്ചത്. ഒരു ക്ലാസില്‍ 15-ല്‍ താഴെ കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്.

കോവിഡ് മഹാമാരിയുടെ ഭീതിയില്‍ എല്ലാ സുരക്ഷാ മുന്‍കരുതലോടും കൂടിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനമെന്ന് ഗവ. ഗണപത് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ടി.എന്‍. സുജയ പറഞ്ഞു. കോവിഡ് ബോധവത്കരണ പോസ്റ്ററുകള്‍ സ്‌കൂളിന്റെ എല്ലാ ഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. ക്ലാസിലേക്ക് കയറിയാല്‍ പുറത്തിറങ്ങാന്‍ പാടില്ല. ഭക്ഷണം പങ്കിട്ടുകഴിക്കാനോ പഠനസാമഗ്രികള്‍ കൈമാറാനോ അനുവദിക്കില്ല. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തും.  ടി.എന്‍. സുജയ പറഞ്ഞു.

രണ്ടു ഷിഫ്റ്റുകളിലായാണ് സ്‌കൂളുകളില്‍ ക്ലാസ് നടന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ ഷിഫ്റ്റ്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുമണിവരെ രണ്ടാമത്തെ ഷിഫ്റ്റും. 95 ശതമാനത്തിലധികം കുട്ടികള്‍ ആദ്യദിനം ക്ലാസുകളിലേക്കെത്തിയതായാണ് കണക്ക്.

സ്‌കൂളില്‍ എത്തിയപ്പോഴാണ് ആശ്വാസമായത്

ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ചര്‍മാര്‍ പറയുന്നത് നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം പലപ്പോഴും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എല്ലാവരെയും കണ്ടപ്പോഴാണ് ആശ്വാസമായത്. ടീച്ചര്‍മാരും കൂട്ടുകാരും കൂടെയുള്ളതുകൊണ്ട് പരീക്ഷയെ ഇനി ധൈര്യത്തോടെ നേരിടാം. കൂട്ടുകാരുമായി പഴയപോലെ അടുപ്പം കാണിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്.

ഇന്‍ഷ ഇല്യാസ് , പത്താംക്ലാസ് വിദ്യാര്‍ഥിനി, ഗവ. ഗണപത് ഗേള്‍സ് എച്ച്.എസ്.എസ്.

സംശയങ്ങള്‍ തീര്‍ക്കാനുള്ള അവസരമായി

പരീക്ഷയ്ക്ക് കുറച്ചുദിവസങ്ങള്‍ മാത്രമാണുള്ളത്. ഇതുവരെ ലഭിച്ച ക്ലാസുകളിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഇപ്പോള്‍ അവസരം കിട്ടിയത് പഠനത്തില്‍ ഗുണം ചെയ്യും. മുന്നോട്ട് എങ്ങനെ പഠിക്കണമെന്നാണ് ആദ്യദിനം പറഞ്ഞു തന്നത്. ലാബ് സൗകര്യവും ഇതോടൊപ്പം ലഭിക്കുമെന്നത് ആശ്വാസമാണ്

എന്‍. അനഘ പ്ലസ്ടു വിദ്യാര്‍ഥിനി, വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാലേരി

Content Highlights: School reopening after covid pandemic, experience of students