കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവര്‍ഷം പൂര്‍ണ്ണമായും കുട്ടികള്‍ വീട്ടിലിരുന്നാണ് പഠിച്ചത്. ഇതിലൂടെ ഓണ്‍ലൈന്‍ പഠനത്തിന്റെ പുതിയ രീതികള്‍ അവര്‍ പരിചയപ്പെട്ടു. ടെലിവിഷനിലൂടേയും മൊബൈല്‍ ഫോണിലൂ ടെയും അധ്യാപകരുടെ ക്ലാസ്സുകളില്‍ പങ്കെടുത്തു. സംശയ നിവാരണത്തിനായി ഓണ്‍ലൈനില്‍  അധ്യാപകരുമായി  സംവദിച്ചു.  അതേ  സമയം  ക്ലാസ്സ് റൂം പഠനത്തിന്റെ നേരനുഭവങ്ങളില്‍ അവര്‍ക്ക് വലിയ കുറവ് സംഭവിച്ചു. ഈ കുറവ് പഠനഉള്ളടക്കത്തില്‍ മാത്രമല്ല. കൂട്ടുകാരോടൊത്ത് പഠിക്കാനും, കളിക്കാനും അവസരം നിഷേധിക്കപ്പെട്ടതോടെ പഠനശേഷികളിലും, സാമൂഹിക ശേഷികളിലും, ശാരീരികക്ഷമതയിലും ചിലരെങ്കിലും പുറകോട്ടു പോയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിന്റെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് ആദ്യം ചെയ്യേണ്ടത്

ഇവിടെ  കുട്ടികള്‍ക്ക് സഹായകരമാകുന്നത് അവരുടെ പഠന താലപ്‌ര്യവും ആത്മവിശ്വാസവുമാണ്. ഇവ പരിഗണിച്ചു വേണംപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍.സ്‌കൂള്‍ അന്തരീക്ഷവുമായി കുട്ടികളെ സ്വാഭാവി കമായി കണ്ണിചേര്‍ക്കുന്നതിനാണ് തുടക്കത്തിലുള്ള ഏതാനും പ്രവൃത്തിദിനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത്.

കുട്ടികള്‍ക്ക് ഇഷ്ടവും താല്പര്യവുമുള്ള പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടാനാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കേണ്ടത്.

കഥകളും പാട്ടുകളും കളികളും എല്ലാം ഇതിനായി പ്രൈമറി ക്ലാസ്സുകളില്‍ പ്രത്യേകം ഉപയോഗപ്പെടുത്തണം. ഉയര്‍ന്ന ക്ലാസ്സുകളില്‍ കുട്ടികളുടെ പ്രകൃതത്തിനനുസരിച്ച്  പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തണം. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ മുന്‍ഗണന നല്കണം. അതിനായി കുട്ടികളുടെ പഠനോല്പന്നങ്ങളും സര്‍ഗ്ഗാത്മകമായ കഴിവുകളും അവതരിപ്പിക്കാന്‍ അവസരം നല്കാം. അധ്യാപകര്‍ കുട്ടികളെ അഭിനന്ദിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്കുകയും വേണം.

മറ്റുള്ളവരെ ക്ഷമയോടെ കേള്‍ക്കുക, തന്റെ അവസരത്തിനായി കാത്തിരിക്കുക, നന്നായി മറ്റുള്ളവരോട് ആശയവിനിമയം നടത്തുക, യുക്തിപൂര്‍വ്വം ചിന്തിക്കുക,   സര്‍ഗാത്മക   പ്രവര്‍ത്തനങ്ങളില്‍   ഏര്‍പ്പെടുക തുടങ്ങിയ മനോ-സാമൂഹിക-വൈകാരിക ഗുണങ്ങളെ പ്രോത്സാഹിപ്പിക്കാന്‍  അവസരമൊരുക്കുന്ന  വിധമായിരിക്കണം പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍.

Education

കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.

സുരക്ഷാമാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള ചെറിയകളികളും ലഘുവ്യായാമങ്ങളും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്താം. നിലവില്‍ എസ്.സി ഇ.ആര്‍.ടി തയ്യാറാക്കിയിട്ടുള്ള പഠനസാമഗ്രികളെ ആവശ്യമായ മാറ്റങ്ങളോടെ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കിയും വായനാനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരം
നല്കിയും കുട്ടികളെ പഠനത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കണം.

Image: PTI
Image: PTI

പത്രവായനയും അനുബന്ധ പ്രവര്‍ത്തനങ്ങളും   ഈ അവസരത്തില്‍  ഉള്‍പ്പെടുത്താവുന്നതാണ്. വായനാവസന്തം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്രശിക്ഷാ തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങളും വായനാകാര്‍ഡുകളും കുട്ടികളുടെ വായനക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

Content Highlights: School Reopening 2021