കോവിഡിനെ പേടിയുണ്ട്; എങ്കിലും എങ്ങനെ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കും? ഇതാണ് മിക്കവാറും രക്ഷിതാക്കളുടേയും ചിന്ത. എന്നാല്‍,  അത്ര പേടിക്കേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ വലിയവരാണ്.

സീറോ പ്രിവലന്‍സ് പഠനപ്രകാരം കുട്ടികളില്‍ 40.2 ശതമാനം പേര്‍ കോവിഡ് പ്രതിരോധം നേടിക്കഴിഞ്ഞു. മുതിര്‍ന്നവരില്‍ ഇതിന്റെ ഇരട്ടിയാണ് പ്രതിരോധം. പക്ഷേ, അത് വാക്‌സിനേഷന്‍കൊണ്ടുകൂടിയാണ്. അങ്ങനെ നോക്കുമ്പോള്‍ ആര്‍ജിത പ്രതിരോധം കുട്ടികളിലും മുതിര്‍ന്നവരിലും തുല്യമാണ്. ഇരുവര്‍ക്കും രോഗം വന്നുപോയത് ഒരേ കണക്കിലെന്നുവേണം മനസ്സിലാക്കാന്‍. എന്നാല്‍, കുട്ടികള്‍ക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. പലര്‍ക്കും വന്നുപോയത് നമ്മള്‍ അറിഞ്ഞതുതന്നെയില്ല!

ആരോഗ്യമുള്ള കുട്ടികള്‍ക്ക് കോവിഡിനെക്കുറിച്ച് കാര്യമായ ആശങ്ക വേണ്ടെന്നാണ് ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഗഗന്‍ദീപ് കാങ് അഭിപ്രായപ്പെട്ടത്. വ്യാപകമായി രോഗം പടര്‍ന്ന് വൈദ്യസഹായം തേടേണ്ടിവരാനുള്ള സാധ്യത വിരളമാണെന്നും അവര്‍ പറഞ്ഞു.

കുട്ടികളുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ടി സെല്ലുകള്‍ പുതിയ ഏതു വൈറസിനെയും കുറെയൊക്കെ നേരിടും. കോവിഡ് വൈറസ് പെരുകുംമുേന്പ അതിനെ തടയാന്‍തക്ക പ്രതിരോധശേഷിയും കുട്ടികള്‍ക്കുണ്ടെന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ബി.എം.ജെ. ജേണല്‍ പുറത്തുവിട്ട ഒരു പഠനപ്രകാരം കുട്ടികളിലെ മെലാടോണിന്‍ എന്ന ഹോര്‍മോണിനും രക്ഷകന്റെ റോളുണ്ട്. അതുകൊണ്ട് കുട്ടികളുടെ കാര്യത്തില്‍ അമിത ഉത്കണ്ഠ വേണ്ടാ. അവരുടെ ശരീരം അവരുടെ രക്ഷയ്‌ക്കെത്തും. എന്നാല്‍ മാസ്‌കും സാമൂഹിക അകലവും കൈ കഴുകലും മറക്കുകയുമരുത്.

പ്രത്യേക ശ്രദ്ധവേണ്ട കുട്ടികള്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഈ ഘടകങ്ങള്‍ തുണയാവണമെന്നില്ല. അവരുടെ കാര്യത്തില്‍ കുടുതല്‍ കരുതല്‍ വേണം.

അവര്‍ കരുത്തരാണ്

കോവിഡ് വൈറസ് കോശത്തിനകത്തേക്ക് പ്രവേശിക്കുന്നതിന് സഹായിക്കുന്ന ആന്‍ജിയോ ടെന്‍സിങ് കണ്‍വേര്‍ട്ടിങ് എന്‍സൈം റിസപ്റ്റര്‍ കുട്ടികളില്‍ കുറവാണ്.

• കുട്ടികളുടെ രക്തക്കുഴലുകളിലെ എന്‍ഡോത്തീലിയം പുതിയതും ആരോഗ്യമുള്ളതുമാണ്. ഇതും കോവിഡിന്റെ സങ്കീര്‍ണതകളെ തടയുന്നു.

• പുകവലി, മദ്യപാനം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയുടെ അഭാവവും കുട്ടികളില്‍ കോവിഡ് മൂര്‍ച്ഛിക്കാതിരിക്കാന്‍ സഹായിക്കും.

• ന്യുമോണിയവന്ന് ശ്വാസകോശത്തിലെ ആല്‍വിയോളകള്‍ നശിച്ചാലും കുട്ടികളില്‍ അത് എളുപ്പത്തില്‍ വീണ്ടുമുണ്ടാകും.

ഡോ. കെ. മോഹന്‍ദാസ് നായര്‍, ശിശുരോഗ വിഭാഗം തലവന്‍, ഇടുക്കി മെഡിക്കല്‍ കോളേജ്

Content Highlights: School Reopening 2021