തൃശ്ശൂര്‍: സ്വന്തം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അനുവാദം കിട്ടിയതോടെ മിക്ക സ്‌കൂളുകളും ടൈംടേബിളുകള്‍ ഉണ്ടാക്കി അധ്യയനം ഉഷാറാക്കാന്‍ നടപടി തുടങ്ങി. ഇതിനായി ഗൂഗിള്‍മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, വെബെക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നത്.

ക്ലാസുകള്‍ കുട്ടികളില്‍ കൃത്യമായി എത്തുന്നു എന്ന് ഉറപ്പാക്കാന്‍ രാവിലെയും വൈകിട്ടും ഉള്ള സമയങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാവിലെ ആറു മുതലും വൈകിട്ട് ഏഴു മുതലുമാണ് ടൈം ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പഠിപ്പിക്കുന്ന അധ്യാപകരെ കൂടാതെ പ്രധാനാധ്യാപകനും ഗൂഗിള്‍ മീറ്റില്‍ കയറാന്‍ നിശ്ചയിച്ച സ്‌കൂളുകളുമുണ്ട്.

രക്ഷിതാക്കളുടെ സാന്നിധ്യംകൂടി ഉറപ്പു വരുത്തുന്നതിനാണ് ഈ സമയങ്ങള്‍ എടുത്തത്. രക്ഷിതാക്കള്‍ ജോലിക്കുപോവുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഇല്ലാതെ വരുന്ന സ്ഥിതി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്.

ചൊവ്വാഴ്ച നടന്ന പ്രവേശനോത്സവം സംസ്ഥാനത്ത് 10 ലക്ഷം കുട്ടികളില്‍ എത്തിക്കാന്‍ കഴിഞ്ഞതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം. സ്‌കൂള്‍ എന്നു തുറക്കും എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഗൗരവമായി തന്നെ നടത്തണമെന്നാണ് മിക്ക സ്‌കൂളുകളിലേയും പി.ടി.എ. കമ്മിറ്റികളുടേയും ആവശ്യം. ഇത്തവണത്തെ ? പ്രൊമോഷന്‍ ലിസ്റ്റ് ഗൂഗിള്‍ ഷീറ്റിലാണ് അധ്യാപകര്‍ തയ്യാറാക്കിയത്.

2017-ല്‍ അധ്യാപകര്‍ക്കായി ഐ.ടി. പരിശീലനം നടത്തിയിരുന്നെങ്കിലും അന്ന് ഒരു ചടങ്ങായി മാത്രം കണ്ടവരായിരുന്നു 90 ശതമാനം പേരും. അന്ന് സര്‍ക്കാര്‍ നല്‍കിയ പരിശീലനത്തിന്റെ ഗുണം ഒട്ടും മുതലാക്കാത്ത അധ്യാപകര്‍ ഇപ്പോള്‍ മിക്ക ഐ.ടി.വിദ്യകളും എങ്ങനെയെങ്കിലും പഠിച്ചെടുക്കുന്നു.

മലപ്പുറത്തെ ലേണിങ് ടീച്ചേഴ്സ് എന്ന അധ്യാപക കൂട്ടായ്മ സംസ്ഥാനത്തെ നിരവധി അധ്യാപകര്‍ക്ക് ഐ.ടി.അധിഷ്ഠിത അധ്യയനത്തിന് സഹായം നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഒരു മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇത്തരമൊന്ന് ഉണ്ടായിരുന്നു.

Content Highlights: School Admissions 2021