രാവിലെതന്നെ അരുണും അജിയും മൃദുലും വീട്ടില്‍നിന്നിറങ്ങി. മൃദുലിന്റെ സഹോദരി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മിത്തുമോളും കൂടെച്ചേര്‍ന്നു. പ്രവേശനോത്സവം കാണാന്‍ മൊബൈല്‍ റേഞ്ചുള്ള സ്ഥലം തിരഞ്ഞാണ് ഇവരുടെ യാത്ര. ഒടുവില്‍ സമീപത്തെ പാറപ്പുറത്തിരുന്ന് അവര്‍ പ്രവേശനോത്സവം കണ്ടു. അതിരപ്പിള്ളിക്കടുത്ത് തവളക്കുഴിപ്പാറ ആദിവാസി ഊരിലെ കുട്ടികളാണിവര്‍.

മലയോരമേഖലയിലെ ആദിവാസി ഊരുകളില്‍ പലതിലും മൊബൈല്‍ ഫോണിന് റേഞ്ചില്ല. ഇവിടത്തെ വിദ്യാര്‍ഥികളുടെ പഠനം ടി.വി.യിലൂടെ മാത്രമാണ്. റേഞ്ചുള്ള ഊരുകളില്‍ പലതിലും ഇന്റര്‍നെറ്റില്ല. അതിനാല്‍ പലപ്പോഴും ഓണ്‍ലൈന്‍ പഠനം വീടുകളില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ റേഞ്ചുള്ളിടത്ത് ആയിരിക്കും. ഇന്റര്‍നെറ്റ് കിട്ടുന്നിടത്ത് കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങിയിട്ടുണ്ട്.

ആദിവാസി മലയോരമേഖലയില്‍ ബി.എസ്.എന്‍.എല്‍. മൊബൈലിന് മാത്രമാണ് റേഞ്ച് ഉള്ളത്. ഇത് പലപ്പോഴും കിട്ടുന്നില്ല. മലയോരത്ത് ബി.എസ്.എന്‍.എല്‍. നെറ്റ് വര്‍ക്ക് തകരാര്‍ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ആദിവാസി ഊരുകളിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസകാര്യങ്ങളുടെ നടത്തിപ്പിനായി അതത് കോളനികളില്‍നിന്ന് ഓരോ ഫെസിലിറ്റേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്.

ആനിമേറ്റര്‍, ട്രൈബല്‍ പ്രൊമോട്ടര്‍, ഫെസിലിറ്റേറ്റര്‍ എന്നിവര്‍ വഴി ഓണ്‍ലൈന്‍ പഠനകാര്യങ്ങള്‍ അറിയിച്ചതായും മൊബൈല്‍ റേഞ്ചുള്ളിടത്ത് കുട്ടികളെയും മാതാപിതാക്കളെയും നേരിട്ട് വിളിച്ചിരുന്നതായും അധ്യാപകര്‍ പറഞ്ഞു.

Content Highlights: School Admissions 2021