കോഴിക്കോട്: മുപ്പത് ശതമാനം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യത്തെ പരീക്ഷ എന്ന പ്രത്യേകതയോടെയാണ് ഫെബ്രുവരി ഏഴിന് സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ നടന്നത്. കോവിഡ് പശ്ചാത്തലത്തിലും കോഴിക്കോട് പരീക്ഷാസെന്ററായിരുന്ന എം.ഇ.എസ് രാജ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നും നിരവധി വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
ലിംഗസമത്വം, സായുധസേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് സൈനിക് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പൈലറ്റ് പ്രോജക്റ്റ് അടിസ്ഥാനത്തില്‍ 2017-ല്‍ മിസോറാമിലെ ചിങ് ചിപ്പിലെ സൈനിക് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത് വിജയകരമായതോടെയാണ് ഈ തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോയത്. പിന്നീട് കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സൈനിക് സ്‌കൂളുകളിലും ആറാം ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഏര്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പുറമേ ഒ.ബി.സി വിഭാഗത്തിനുള്ള സംവരണം 27 ശതമാനമാക്കി വര്‍ധിപ്പിക്കാനും ഇത്തവണ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കായി സീറ്റ് ഏര്‍പ്പെടുത്തിയത് പ്രതീക്ഷാവഹമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സീറ്റുകളുടെ എണ്ണം മുപ്പതില്‍ നിന്നും അമ്പത് ശതമാനത്തിലേക്ക് ഉയരുന്ന കാലം വിദൂരമല്ലെന്നും അത് ഇന്ത്യന്‍ പ്രതിരോധമേഖലയെ മാറ്റിമറിക്കുമെന്നും അവര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. മുന്‍കാല ചോദ്യപ്പേപ്പറുകളും പരീക്ഷാ സഹായികളും പഠിച്ച് പരീക്ഷയെക്കുറിച്ച് ഒരു പൊതുധാരണ ഉണ്ടാക്കിയെടുത്താണ് മകളെ പരീക്ഷയ്ക്ക് തയ്യാറാക്കിയതെന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ഒരു രക്ഷിതാവ് പറഞ്ഞു.
സൈനിക മേഖലയിലേക്കുള്ള ഒരു കാല്‍വെയ്‌പെന്ന രീതിയിലാണ് തങ്ങള്‍ ഈ പരീക്ഷയെഴുതുന്നതെന്നാണ് കുട്ടികളുടെ പക്ഷം. സൈനിക സ്‌കൂള്‍ പ്രവേശം അത്ര എളുപ്പമല്ലെന്നും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തന്നെയാണ് പരീക്ഷയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു. പ്രവേശന പരീക്ഷ നല്ല നിലവാരം പുലര്‍ത്തിയതായി കുട്ടികള്‍ അഭിപ്രായപ്പെട്ടു.
കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും കുട്ടികളും രക്ഷിതാക്കളും ഒന്നിച്ച് ടൂറിസ്റ്റ് ബസ്സിലും ടെംബോ വാനിലുമാണ് പരീക്ഷാ കേന്ദ്രത്തിലെത്തിയത്. വയനാട്ടിലെ ഗോത്രവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് നവോദയ, സെന്‍ട്രല്‍ സ്‌കൂള്‍, സൈനിക സ്‌കൂള്‍ പ്രവേശനപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കണ്‍മണിയെന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ഇരുപതില്‍പ്പരം വിദ്യാര്‍ഥികളും ഇക്കുറി സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയ്‌ക്കെത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടന്നത്.
Content Highlights: Sainik School admission to girl students, reactions of parents and kids