സമൂഹം നയരൂപവത്കരണ മേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്നില്ലേ? അതിനു പരിഹാരം നിര്‍ദേശിക്കാമോ? ഒരു ഗവേഷണ മാര്‍ഗരേഖ തയ്യാറാക്കാമോ? അതുവഴി സാമൂഹികശാസ്ത്രമേഖലയ്ക്ക് സംഭാവന നല്‍കാമോ? എങ്കില്‍ നിങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ട്. 'ഇംപാക്ട്ഫുള്‍ പോളിസി റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ് (ഇംപ്രസ്) എന്ന പദ്ധതി അതിന് അവസരമൊരുക്കുന്നു.

ലക്ഷ്യം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമൂഹികശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുക, നയരൂപവത്കരണത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സ്വരൂപിക്കുക, സാമൂഹികശാസ്ത്ര ഗവേഷണം സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുക. മാനവ വിഭവശേഷി മന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സസ് റിസര്‍ച്ച് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

മികച്ച ആശയങ്ങള്‍ വേണം

തിരഞ്ഞെടുത്ത പതിനൊന്നു മേഖലകളില്‍, ഗവേഷണ പ്രോജക്ടുകള്‍, സെമിനാര്‍/വര്‍ക്ഷോപ്പ്/കോണ്‍ഫറന്‍സ് എന്നിവയ്ക്ക് പ്രൊപ്പോസല്‍ നല്‍കാം. മേഖലകള്‍: സ്റ്റേറ്റ് ആന്‍ഡ് ഡെമോക്രസി, അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍, മീഡിയ, കള്‍ച്ചര്‍ ആന്‍ഡ് സൊസൈറ്റി, എംപ്ലോയ്മെന്റ് സ്‌കില്‍സ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഗവേണന്‍സ്, ഇന്നൊവേഷന്‍ ആന്‍ഡ് പബ്ലിക് പോളിസി, ഗ്രോത്ത്, മാക്രോ, ട്രേഡ് ആന്‍ഡ് ഇക്കണോമിക് പോളിസി, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്, ഹെല്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റ്, സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍, സോഷ്യല്‍ മീഡിയ ആന്‍ഡ് ടെക്നോളജി, പൊളിറ്റിക്സ്, ലോ ആന്‍ഡ് ഇക്കണോമിക്സ്. രണ്ടുവര്‍ഷം നീളുന്ന 1500 ഗവേഷണ പ്രോജക്ടുകള്‍ അനുവദിക്കും.

ആര്‍ക്ക് പങ്കെടുക്കാം ?

കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യു.ജി.സി. 12 (ബി) പദവിയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍, ഐ.സി.എസ്.എസ്.ആര്‍ ഗവേഷണ സ്ഥാപനങ്ങള്‍ ഇവര്‍ക്കൊക്കെ പ്രോജക്ട്  പ്രൊപ്പോസല്‍ നല്‍കാം. മികച്ച ഗവേഷണ സൗകര്യമുണ്ടെങ്കില്‍, പരിധിയില്ലാതെ പ്രൊപ്പോസല്‍ നല്‍കാം. വ്യക്തികള്‍ക്ക് രണ്ട് പ്രോജക്ടുവരെ നല്‍കാം, രണ്ടും അനുവദിച്ചാല്‍ ഒന്നേ സ്വീകരിക്കാന്‍ കഴിയൂ. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെളിയിക്കപ്പെട്ട ഗവേഷണ നേട്ടങ്ങള്‍ വേണം.  

സാമ്പത്തികസഹായം

മൈനര്‍ പ്രോജക്ടിന് 4.99 ലക്ഷം രൂപവരെ. മേജര്‍: 5-15 ലക്ഷം രൂപവരെ. 15-50 ലക്ഷം വരെയോ അതില്‍ കൂടുതലോ തുകയ്ക്കുള്ള പ്രൊപ്പോസലും പരിഗണിക്കും. സെമിനാര്‍/വര്‍ക്ഷോപ്/കോണ്‍ഫറന്‍സ് എന്നിവയ്ക്കുള്ള സഹായം: ദേശീയ തലത്തിലേതിന് അഞ്ച് ലക്ഷം രൂപ വരെ, അന്തര്‍ദേശീയ തലത്തിലെതിനും കൊളാബോറേറ്റീവ് പ്രോഗ്രാമിനും 10 ലക്ഷം രൂപ വരെ ?

അപേക്ഷ 

നവംബര്‍ 30 വരെ അപേക്ഷിക്കാം (2019 ഫെബ്രുവരി, സെപ്റ്റംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും). ഓണ്‍ലൈന്‍ അപേക്ഷ: http://impress-icssr.edu.in ഹാര്‍ഡ് കോപ്പി, മറ്റു രേഖകള്‍, 'IMPRESS, Indian Council of Social Sciences Research, Aruna Asaf Ali Marg, New Delhi110067' എന്ന വിലാസത്തിലേക്ക് അയക്കണം.