പാർലമെന്ററി ജനാധിപത്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ഗവേഷണം ലക്ഷ്യമിട്ടുള്ള ഡോ.എസ് രാധാകൃഷ്ണൻ ചെയർ, ഫെലോഷിപ്പ്, സ്റ്റുഡൻഡ് എൻഗേജ്മെന്റ് ഇന്റേൺഷിപ്പ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യസഭാ റിസർച്ച് ആൻഡ് സ്റ്റഡി സ്കീം. വിദ്യാർഥികൾ, ഗവേഷകർ, പൊതുപ്രവർത്തകർ എന്നിങ്ങനെ പല നിലയിലുമുള്ളവർക്ക് പ്രവർത്തിക്കാനുള്ള അവസരമാണ് ചെയറിലൂടെയും ഇന്റേൺഷിപ്പിലൂടെയും ഒരുങ്ങുന്നത്.

ഡോ.എസ് രാധാകൃഷ്ണൻ ചെയർ

ഗവേഷകർ, അക്കാദമിക് രംഗത്ത് പേരെടുത്തവർ, വിദഗ്ധർ തുടങ്ങിയവർക്ക് ചെയറിലേക്ക് അപേക്ഷിക്കാം. ഇവരെക്കൂടാതെ മുൻ എം.പി, എം.എൽ.എമാർക്കും അപേക്ഷിക്കാം. രണ്ട് വർഷമാണ് ചെയറിന്റെ കാലവധി. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ചെയർ കാലവധി പൂർത്തിയാക്കുന്നവർക്ക് 20 ലക്ഷം രൂപയും കണ്ടിജൻസി ഗ്രാന്റ് ഇനത്തിൽ 2.50 ലക്ഷം രൂപയും ലഭിക്കും.

രാജ്യസഭാ ഫെലോഷിപ്പ്

നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും പ്രവർത്തി പരിചയമുള്ളവർക്കും ഫെലോഷിപ്പിനായി അപേക്ഷിക്കാം. മുൻ എം.പി, എം.എൽ.എമാർക്കും ഫെലോഷിപ്പിന് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. 18 മാസമാണ് ഫെലോഷിപ്പിന്റെ ദൈർഘ്യം. ഇത് ആറുമാസവരെ നീട്ടാവുന്നതാണ്. കാലവധി പൂർത്തിയാക്കുന്നവർക്ക് എട്ട് ലക്ഷം രൂപയും കണ്ടിജൻസി ഗ്രാന്റിനത്തിൽ 50,000 രൂപയും ലഭിക്കും.

രാജ്യസഭ സ്റ്റുഡന്റ് എൻഗേജ്മെന്റ് ഇന്റേൺഷിപ്പ്

നിലവിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. രണ്ട് മാസമാണ് ഇന്റേൺഷിപ്പ് കാലവധി. സ്റ്റൈപെൻഡായി മാസം 10,000 രൂപ ലഭിക്കും.

മാർച്ച് 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി rajyasabha.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Rajyasabha invites application for fellowship and internship