കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഉടൻ തുടക്കമാകും. എല്ലാവർഷത്തെയുംപോലെ എൻട്രൻസ് പരീക്ഷയെഴുതി പ്രവേശനം നേടാൻ കാത്തിരിക്കുന്നവരും കുറവല്ല. എന്നാൽ എൻജിനീയറിങ് കോഴ്സുകളിൽ ചേരുന്ന പകുതിയിലേറെ വിദ്യാർഥികളും ഇതിനോട് പ്രത്യേക താത്‌പര്യമോ അഭിരുചിയോ ഇല്ലാത്തവരാണെന്ന വസ്തുത പരസ്യമായ രഹസ്യമാണ്. കുട്ടികൾ പരീക്ഷയിൽ തോൽക്കുമ്പോൾ അധ്യാപകരുടെ പിടിപ്പുകേടിനെ പഴിപറയുന്ന മാതാപിതാക്കൾ മക്കളുടെ അഭിരുചി തിരിച്ചറിയാൻ പലപ്പോഴും തയ്യാറാവുന്നുമില്ല.

സാങ്കേതിക സർവകലാശാലയ്ക്കു കീഴിലാണ് നിലവിൽ കേരളത്തിലെ എൻജിനീയറിങ് കോളേജുകൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷത്തെ (2019) വിജയശതമാനം വെറും 33.4 മാത്രമാണ്. ഇതിൽത്തന്നെ ജോലി കിട്ടാത്തവർ, അല്ലെങ്കിൽ തൊഴിൽ ചെയ്യാനുള്ള നൈപുണ്യമുള്ളവരുടെ എണ്ണം എത്രയോ കുറവാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തെക്കുറിച്ച് കണ്ണൂർ എൻജിനീയറിങ് കോളേജിലെ മുൻ പ്രിൻസിപ്പാളും റിട്ടയേഡ് പ്രൊഫസറുമായ ആർ.വി.ജി മേനോനുമായി നടത്തിയ അഭിമുഖത്തിൽനിന്ന്.

എൻജിനീയറിങ് പരീക്ഷയുടെ നിലവാരം കുറഞ്ഞിട്ടില്ല

എൻജിനീയറിങ് ബിരുദം പാസാവുന്ന എല്ലാവർക്കും മുമ്പും ജോലി കിട്ടിയിരുന്നില്ല. സാങ്കേതിക സർവകലാശാല വരുന്നതിനു മുമ്പും 40 ശതമാനത്തിൽ താഴെയാണ് വിജയശതമാനം. 60 ശതമാനത്തിലേറെ കുട്ടികളും കോഴ്സ് പാസാകുന്നില്ല എന്നതാണ് ഇതിന്റെ മറുഭാഗം. ഇവർക്ക് എന്തുസംഭവിക്കുന്നു എന്ന കാര്യം ആരും അന്വേഷിക്കുന്നില്ല. ഇത്രയും പേർ തോൽക്കുന്നു എന്നതിനർഥം എൻജിനീയറിങ് പരീക്ഷയുടെ നിലവാരം കുറഞ്ഞിട്ടില്ല എന്നാണ്.

പ്രായോഗിക പരിശീലനത്തിന് തുല്യ പ്രാധാന്യം

എൻജിനീയറിങ് മേഖലയിൽ തൊഴിൽ ചെയ്യാൻ തിയറിയും പ്രായോഗിക പരീക്ഷയും ഒരുപോലെ അറിഞ്ഞിരിക്കണം. പ്രാക്ടിക്കൽ പരീക്ഷ ഇന്റേണൽ മാത്രമാക്കിയപ്പോൾ അതിൽ കുട്ടികളും അധ്യാപകരും ഒരുപോലെ ഉഴപ്പാൻ തുടങ്ങിയെന്നതും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. പാഠ്യപദ്ധതിയിലെ പുതിയ പരിഷ്കാരങ്ങൾ അതിന് പരിഹാരം കണ്ടേക്കാം.

ഗുണനിലവാരമുള്ള അധ്യാപകരില്ല എന്ന് പറയുമ്പോൾ കിട്ടുന്നവരെയല്ലേ നിയമിക്കാനാകൂ എന്ന മറുവശം കൂടിയുണ്ട്. ഇന്റർവ്യൂ ബോർഡിനു മുൻപിലെത്തുന്നവരിൽനിന്നും മികച്ച ഉദ്യോഗാർഥികളെ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. പ്രഗത്ഭരായ അധ്യാപകരും പഠിപ്പിക്കാനുണ്ട് എന്ന കാര്യം മറക്കരുത്.

നിർമിത ബുദ്ധി പോലുള്ള പുതിയ വിഷയങ്ങൾക്ക് പ്രാധ്യാന്യം വന്നുതുടങ്ങിയത് അടുത്തിടെയാണ്. അത് മുമ്പ് പഠിച്ചവർ കുറവാണ്, പുതുതായി പഠിച്ചെടുക്കുകയാണ് വേണ്ടത്. അധ്യാപകർക്ക് മാത്രമല്ല വിദ്യാർഥികൾക്കും പുതിയത് പഠിച്ചെടുക്കാനുള്ള അവസരം ഇന്നുണ്ട്. അവർ കരിക്കുലത്തിന് പുറത്തേക്കുകൂടി പഠനം വ്യാപിപ്പിക്കണം.

കൂണുപോലെ മുളച്ചുപൊന്തിയ എൻജിനീയറിങ് കോളേജുകൾ

എൻജിനീയറിങ് കോളേജുകളുടെ എണ്ണം കുത്തനെ ഉയർന്നത് നിലവാരത്തകർച്ചയ്ക്ക് കാരണമായി. 3000-ത്തോളം എൻജിനീയറിങ് സീറ്റുകൾ കേരളത്തിൽ ഉണ്ടായിരുന്നത് 10-15 വർഷത്തിനിടെ 50,000 ആയി വർധിച്ചു. എൻജിനീയറിങ് ബിരുദധാരികൾക്ക് ഡിമാൻഡ് കൂടിയതുകൊണ്ട് ഉണ്ടായതല്ല ഈ വർധന. എൻജിനീയറിങ് പാസാകുന്നവർ ഇപ്പോൾ കൂടുതലായും പോകുന്നത് ഐ.ടി. മേഖലകളിലേക്കാണ്. ഐ.ടി. കമ്പനികൾ വൻതോതിൽ എൻജിനീയർമാരെ റിക്രൂട്ടുചെയ്യുന്നു എന്നതുകൊണ്ടാണ് ഇവർ എൻജിനീയറിങിന് ചേർന്നത്. അവസരം കൂടുതൽ ബി.എസ്സി.ക്കോ ബി.എ.യ്ക്കോ ആയിരുന്നെങ്കിൽ അവർ തിരഞ്ഞെടുക്കുക അത്തരം കോഴ്സുകളാവാം.

പ്രവേശനരീതി മാറേണ്ടതില്ല

നിലവിലെ എൻട്രസ് രീതി മാറ്റിയതുകൊണ്ട് പ്രയോജനമുണ്ടാകാൻ പോകുന്നില്ല. 400ൽ 10 മാർക്ക് കിട്ടാത്തവരെയാണ് അയോഗ്യരാക്കുന്നത്. പരീക്ഷയല്ലാതെ മറ്റുമാർഗങ്ങൾ പ്രവേശനത്തിന് സ്വീകരിച്ചാൽ വലിയ പരാതികളും ആക്ഷേപങ്ങളും ഉയർന്നേക്കാം. ആർക്കും വലിയ പരാതിയില്ലാതെ ഒരു റാങ്ക്ലിസ്റ്റ് തയ്യാറാക്കാനാകുമെന്നതാണ് നിലവിലെ എൻട്രൻസ് പരീക്ഷയുടെ ആകർഷണീയത.

കുട്ടികളുടെ അഭിരുചി മനസിലാക്കാത്ത മാതാപിതാക്കൾ

ബി.ടെക്. കോഴ്സുകൾക്ക് ചേരുന്ന എല്ലാവർക്കും എൻജിനീയറിങിനോട് പ്രത്യേക ആഭിമുഖ്യമോ ശേഷിയോ വാസനയോ ഉണ്ടെന്ന് പറയാനാകില്ല. വഴിതെറ്റിവന്ന കുട്ടികൾ അവിടെയുണ്ടെന്ന കാര്യം പഠിപ്പിക്കുന്ന അധ്യാപകർക്കുമറിയാം. എൻജിനീയറിങിനോട് പ്രത്യേക ആഭിമുഖ്യമോ ശേഷിയോ ഇല്ലാത്ത കുട്ടികൾ ഈ കോഴ്സുകൾക്ക് ചേരുന്നു എന്നതാണ് യഥാർഥ ദുരന്തം. കഴിഞ്ഞ 10-20 വർഷമായി ഇക്കാര്യം മാധ്യമങ്ങളിലൂടെ പറയുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല, മാധ്യമങ്ങൾ പോലും. രക്ഷകർത്താക്കളാണ് ഇക്കാര്യത്തിൽ യഥാർഥ പ്രതികൾ.

മാതാപിതാക്കൾ കുട്ടികളുടെ അഭിരുചി മനസിലാക്കാതെ അവരെ എൻജിനീയറിങ് കോളേജുകളിലേക്ക് അയയ്ക്കുന്നു. സമപ്രായക്കാരുടെ/ കൂട്ടുകാരുടെ സ്വാധീനം മൂലം കോഴ്സുകളിലേക്ക് വരുന്നവരുമുണ്ട്. ഒന്നാംവർഷം തോറ്റാൽപോലും മറ്റു കോഴ്സുകളേക്കുറിച്ച് ചിന്തിക്കാൻ വിദ്യാർഥികൾ തയ്യാറാവുന്നില്ല. ഒരു പരീക്ഷപോലും ജയിക്കാതെ നാലുവർഷവും പഠിക്കാമെന്ന എൻജിനീയറ്ിങ് കോഴ്സുകളുടെ പ്രത്യേകതയും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. അത് ശരിക്കും വലിയ ദ്രോഹമാണ്. നാലുവർഷത്തിനു ശേഷം ബിരുദമില്ലാതെ, ഒരു ജോലി സാധ്യതയുമില്ലാതെ കുട്ടികൾക്ക് കോളേജിൽനിന്ന് പുറത്തേക്ക് പോകേണ്ടിവരുന്നു. അധ്യാപകർ പറയുമ്പോൾപോലും ഇക്കാര്യങ്ങൾ ആരും ശ്രദ്ധിക്കാൻ തയ്യാറാവുന്നില്ല. ഇതൊന്നും സ്വന്തംകുട്ടികളെ ബാധിക്കില്ലെന്ന ധാരണയാണ് മാതാപിതാക്കൾക്ക്.

ഐ.ഐ.ടികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് മൂന്നു വർഷത്തെ ബി.എസ്‌സി. എൻജിനീയറിങ് ബിരുദം നൽകുന്നതിനെപ്പറ്റി

ആപ്റ്റിറ്റിയൂഡ് ഇല്ലാത്ത, എൻജിനീയറിങ് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ആദ്യ വർഷം കഴിയുമ്പോൾതന്നെ എക്സിറ്റ് ഓപ്ഷൻ നൽകാൻ സർവകലാശാലകൾ തയ്യാറാകണം. രണ്ടാംതരം ബിരുദം നൽകുന്നതിന് പകരം അവർക്ക് മറ്റേതെങ്കിലും കോഴ്സിന് ചേരാനുള്ള അവസരമൊരുക്കണം. മുൻപ് തിരുവിതാംകൂർ സർവകലാശാലയിൽ അത്തരമൊരു ഓപ്ഷൻ ഉണ്ടായിരുന്നു. ആദ്യവർഷത്തെ പരീക്ഷകളിൽ ജയിക്കാത്തവർക്ക് ബി.എസ്‌സി. മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സിന് രണ്ടാംവർഷത്തിൽ ചേരാനുള്ള അവസരം നൽകിയിരുന്നു. ഇന്ന് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് രക്ഷിതാക്കളാണ്.

സ്വാശ്രയ മേഖലയിലെ കച്ചവട താത്‌പര്യം

കോഴ്സുകളിൽ ചേരാനായി മാത്തമാറ്റിക്സിന് കുറഞ്ഞത് 50 ശതമാനം മാർക്ക് വേണമെന്ന നിബന്ധന എടുത്തുകളയണമെന്നാണ് ഇപ്പോൾ സ്വാശ്രയ എൻജിനീയറിങ് കോളേജുകൾ ആവശ്യപ്പെടുന്നത്. കണക്കറിയാത്തവരെ പോലും എൻജിനീയറിങ് കോഴ്സുകൾക്ക് പ്രവേശിപ്പിക്കണമെന്നേ അവർക്കുള്ളൂ. നാലുവർഷത്തെ ഫീസ് വാങ്ങണമെന്നേ അവർക്ക് ഉദ്ദേശ്യമുള്ളൂ. പിന്നീട് വിദ്യാർഥികൾക്ക് എന്ത് സംഭവിക്കുന്നു എന്നതിൽ അവർക്ക് ആശങ്കയില്ല. എന്നാൽ അത് സമൂഹത്തിന്റെ ഉത്‌കണ്ഠയാണുതാനും.

കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി എൻജിനീയറിങ് പ്രവേശനത്തിന് ഗണിതത്തിന്റെ മാർക്ക് പ്രത്യേകം പരിഗണിക്കുന്നുണ്ട്. വിദ്യാർഥികൾ പരീക്ഷ ജയിക്കുമെന്ന് ഉറപ്പിക്കാൻ അതെങ്കിലും ആവശ്യമാണ്. എന്നാൽ സ്വാശ്രയ മാനേജ്മെന്റ് കോളേജുകൾ കച്ചവട താത്‌പര്യത്തോടെ പ്രവേശന പരീക്ഷയ്ക്ക് ഗണിതം ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ്. ഭാഗ്യവശാൽ ഇതുവരെ സർക്കാർ അതിന് തയ്യാറായിട്ടില്ല.

Content Highlights: ProfRVG Menon taks on engineering aptitude and employability