കൊച്ചി: അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് പൊതു വിദ്യാലയങ്ങളെ തിരികെ പിടിച്ച പ്രവൃത്തികള്‍ പുസ്തകമാക്കുകയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ അഞ്ചുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനമാണ് അദ്ദേഹം കുറിക്കുന്നത്.

സുസ്ഥിര വികസനത്തെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും വരുന്നുണ്ട്. രണ്ട് പുസ്തകങ്ങളുടെയും എഴുത്ത് അവസാന ഘട്ടത്തിലാണെന്ന് സി. രവീന്ദ്രനാഥ് 'മാതൃഭൂമി' യോട് പറഞ്ഞു.

പൊതു വിദ്യാഭാസ യജ്ഞത്തെക്കുറിച്ച് നാല് പുസ്തകങ്ങള്‍ നേരത്തെ എഴുതിയിരുന്നു. അതിനെയൊക്കെ ക്രോഡീകരിച്ച് അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുസ്തകമാക്കുന്നത്. 2016-ലാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടക്കം.

1991-ലെ സ്വകാര്യവത്കരണത്തിന്റെ വരവോടെയാണ് പൊതു വിദ്യാലയങ്ങളുടെ ഗ്രാഫ് താഴ്ന്നു തുടങ്ങിയതെന്ന് പുസ്തകം പറയുന്നു. ഈ തിരിച്ചടിയില്‍നിന്ന് കരകയറുക എന്നതായിരുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രഥമ ലക്ഷ്യം. പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷണീയമല്ലെന്ന ജനങ്ങളുടെ ധാരണ മാറ്റിയെടുക്കുകയായിരുന്നു ആദ്യ വെല്ലുവിളി. ആദ്യപടിയായി പൊട്ടിപ്പൊളിഞ്ഞ സ്‌കൂളുകള്‍ക്കു പകരം പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു.

ഇതിന് പിന്നാലെയായിരുന്നു ക്ലാസുകള്‍ ഹൈടെക് ആക്കിയത്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ പോരാ എന്ന ജനങ്ങളുടെ തെറ്റായ ധാരണയും തിരുത്തേണ്ടതുണ്ടായിരുന്നു. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിനായി അധ്യാപകരെ മാറ്റിയെടുക്കാനുള്ള പരിശീലനത്തിനും തുടക്കം കുറിച്ചു.

ശമ്പളമല്ലാതെ മറ്റൊന്നും കൈപ്പറ്റിയിട്ടില്ല

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. സി. രവീന്ദ്രനാഥ് മാത്രം ചികിത്സാച്ചെലവിനത്തില്‍ യാതൊരു തുകയും സര്‍ക്കാരില്‍നിന്ന് കൈപ്പറ്റിയില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. മറ്റെല്ലാവരും കൂടി മുക്കാല്‍ കോടിയോളം രൂപ കൈപ്പറ്റിയപ്പോഴാണിത്.

ശമ്പളത്തിന് പുറമെ മന്ത്രിയെന്ന നിലയില്‍ മറ്റൊന്നും വാങ്ങരുതെന്നതായിരുന്നു തന്റെ നിലപാടെന്നായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം. അതിന്റെ ശരിതെറ്റുകളൊന്നും നോക്കിയിട്ടല്ല, അങ്ങനെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു.

Content Highlights: Pro. C. Raveendranath is writing a book on government schools and its achievements