എന്‍ജിനീയറിങ് പഠനത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാനവെല്ലുവിളി ഏത് ബ്രാഞ്ച് തിരഞ്ഞെടുക്കണം എന്നതിലാണ്. സ്ഥിരം സ്ട്രീമുകള്‍ ഒഴിവാക്കി വേറിട്ടവഴി തിരഞ്ഞെടുത്താല്‍ എന്‍ജിനീയറിങ് പഠനത്തില്‍ സാധ്യതകള്‍ ഉറപ്പാക്കാം. എന്നാല്‍, ഇത്തരം കോഴ്സുകളെക്കുറിച്ച് വേണ്ടത്ര ധാരണ അധികപേര്‍ക്കും ഇല്ലെന്നതാണ് സത്യം. വിദേശരാജ്യങ്ങളിലടക്കം വലിയ ജോലിസാധ്യതകളുള്ള എന്‍ജിനീയറിങ് കോഴ്സായ പെട്രോളിയം എന്‍ജിനീയറിങ്ങിനെക്കുറിച്ച് അറിയാം. 

എന്താണ് പെട്രോളിയം എന്‍ജിനീയറിങ് 

എല്‍.പി.ജി. ഗ്യാസ് മുതല്‍ ഡീസല്‍, മണ്ണെണ്ണ, പെട്രോകെമിക്കല്‍സ്, ലൂബ്രിക്കന്റ്സ്, പാരഫിന്‍ വാക്സ്, ലിക്വിഡ് ഫ്യുവല്‍സ് തുടങ്ങി ഒരു ഡസനിലധികം ഉത്പന്നങ്ങളാണ് സംസ്‌കരണത്തിലൂടെ 
പെട്രോളിയം ഉത്പന്നങ്ങളായി മാറ്റപ്പെടുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ പെട്രോളിയം നിക്ഷേപം കണ്ടെത്തല്‍, ഖനനം, സംസ്‌കരണം എന്നിവ ഉള്‍പ്പെടുന്നതാണ് പെട്രോളിയം എന്‍ജിനീയറിങ്. പെട്രോളിയം അസംസ്‌കൃത വസ്തുക്കള്‍ ഖനികളില്‍നിന്ന് പുറത്തെടുക്കുന്നതുമുതല്‍ അവസാന ഉത്പന്നങ്ങളാക്കി മാറ്റുന്നതുവരെയുള്ള വിവിധ പ്രോസസിങ് ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഈ കോഴ്സില്‍ ഉള്‍പ്പെടുന്നത്. 

പഠനവിഷയങ്ങള്‍

ബി.ടെക്., എം.ടെക്., ഗവേഷണ കോഴ്സുകള്‍ നിലവിലുണ്ട്. ജിയോഫിസിക്സ്, ജിയോളജി, ജിയോകെമിസ്ട്രി, ഹീറ്റ് ട്രാന്‍സ്ഫര്‍, മാസ്ട്രാന്‍സ്ഫര്‍, റിസര്‍വോയര്‍ മോഡലിങ്, റിസര്‍വോയര്‍ എന്‍ജിനീയറിങ്്, പെട്രോളിയം മോഡലിങ്, ഗ്യാസ് പ്രോസസിങ്, വെല്‍ഡ്രില്ലിങ്, പെട്രോളിയം റിഫൈനിങ്, പെട്രോളിയം എക്വിപ്മെന്റ് ഡിസൈന്‍, പെട്രോളിയം ട്രാന്‍സ്പോര്‍ട്ടേഷന്‍, സര്‍വേയിങ്, ഫിസിക്കല്‍ കെമിസ്ട്രി, ഡ്രില്ലിങ് ടെക്നോളജി, ഡയറക്ഷണല്‍ ഡ്രില്ലിങ് തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങള്‍. 

എവിടെ പഠിക്കാം

സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സ്ഥാപനങ്ങള്‍ കോഴ്സ് നടത്തുന്നുണ്ട് 

ഐ.ഐ.ടി. ധന്‍ബാദ്- ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്

  • ബി.ടെക്. പെട്രോളിയം എന്‍ജിനീയറിങ്
  • യോഗ്യത: പ്ലസ് ടു യോഗ്യതയ്‌ക്കൊപ്പം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്കും

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, ഉത്തര്‍പ്രദേശ്

  • ബി.ടെക്. പെട്രോളിയം എന്‍ജിനീയറിങ്
  • യോഗ്യത: പ്ലസ്ടു തലത്തില്‍ 60% മാര്‍ക്കും ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്കും

യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് ഡെറാഡൂണ്‍ 

  • ബി.ടെക്. -ഓയില്‍ ആന്‍ഡ് ഗ്യാസ്
  • യോഗ്യത: പ്ലസ് ടു അടിസ്ഥാന യോഗ്യതയ്‌ക്കൊപ്പം യു.പി.ഇ.എസ്. എന്‍ജിനീയറിങ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വിജയിക്കണം. ജെ.ഇ.ഇ. റാങ്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സീറ്റുകളിലേക്ക് നേരിട്ട് യോഗ്യത നേടാം. 

എം.ടെക്. - പെട്രോളിയം എന്‍ജിനീയറിങ്

പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാല, ഗാന്ധിനഗര്‍

  •  ബി.ടെക് ഇന്‍ പെട്രോളിയം എന്‍ജിനീയറിങ്. അടിസ്ഥാന യോഗ്യതയ്‌ക്കൊപ്പം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്കും പരിഗണിക്കും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി

  • ബി.ടെക്. - പെട്രോളിയം എന്‍ജിനീയറിങ്. അടിസ്ഥാന യോഗ്യതയ്‌ക്കൊപ്പം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്കും

മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പുണെ

  1.  ബി.ടെക്: അടിസ്ഥാന യോഗ്യതയ്‌ക്കൊപ്പം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്കും.

എന്‍ജിനീയറിങ്ങിലെ ന്യൂജെന്‍

എന്‍ജിനീയറിങ്ങിലെ ന്യൂജെനറേഷന്‍ സ്ട്രീം ആണ് പെട്രോളിയം എന്‍ജിനീയറിങ്. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍ കമ്പനികളില്‍ വലിയ സാധ്യതകളാണ് ഈ കോഴ്സ് മുന്നോട്ടുവെക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ പരിമിത കോളേജുകളും വളരെ ചെറിയ ശതമാനം സീറ്റുകളും മാത്രമേ പെട്രോളിയം എന്‍ജിനീയറിങ് പഠിക്കാന്‍ സൗകര്യമൊരുക്കുന്നുള്ളൂ. കെമിസ്ട്രി, മെക്കാനിക്കല്‍ വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് ഈ കോഴ്സ്. എന്നാല്‍, പഠിക്കാന്‍ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകാരം, മുന്‍പരിചയം അടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം.


-ഡോ. കെ.എ. നവാസ്,പ്രൊഫസര്‍,  ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, കണ്ണൂര്‍

Content Highlights: Petroleum Engineering, New Generation Courses