യുവാക്കളിൽ സമ്മർദരഹിത ചിന്താശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച എക്സാംവാരിയേഴ്സ് എന്ന പദ്ധതിയുടെ ഘടകമായ 'പരീക്ഷാ പേ ചർച്ച'യ്ക്ക് ഇപ്പോൾ എൻട്രികൾ നൽകാം. പരീക്ഷകളെ പോരാട്ടമായി കാണാതെ, വ്യത്യസ്തമായ ഒരുവീക്ഷണം സ്വീകരിക്കാൻ ആഹ്വാനംചെയ്യുന്ന പ്രധാനമന്ത്രിയുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സംവദിക്കാനും അഭിപ്രായങ്ങളും നിർദേശങ്ങളും തേടാനും ഇത് അവസരമൊരുക്കുന്നു.

ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ആദ്യം 'മൈ ഗവ്' പ്ലാറ്റ്ഫോമിൽ (https://www.mygov.in) പ്രോഗ്രാം ലിങ്കിൽ വിദ്യാർഥി നേരിട്ടോ ടീച്ചർ ലോഗിൻവഴി അധ്യാപകർവഴിയോ രജിസ്റ്റർചെയ്യണം.

നൽകിയിട്ടുള്ള പ്രമേയങ്ങളിൽ ആക്ടിവിറ്റി പൂർത്തിയാക്കിയശേഷം പരീക്ഷാസമ്മർദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടുള്ള വിദ്യാർഥിയുടെ ചോദ്യം പരമാവധി 500 അക്ഷരങ്ങളിൽ ഉന്നയിക്കാം. രക്ഷിതാക്കൾക്കും അധ്യാപകർക്കും www.mygov.in ൽ രജിസ്റ്റർചെയ്ത് ബന്ധപ്പെട്ട വിഭാഗത്തിൽ പങ്കെടുക്കാം. രക്ഷിതാക്കളുടെ വിഭാഗത്തിൽ രണ്ടുപ്രമേയങ്ങളും അധ്യാപകവിഭാഗത്തിൽ ഒരുപ്രമേയവും നിർദേശിച്ചിട്ടുണ്ട്.

എൻട്രികൾ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 14. വിദ്യാർഥിവിഭാഗത്തിൽ 1500 പേരെയും രക്ഷിതാക്കൾ, അധ്യാപകർ എന്നീ വിഭാഗങ്ങളിൽ 250 പേരെവീതവും വിജയികളായി പ്രഖ്യാപിക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരീക്ഷാ പേ ചർച്ച വെർച്വൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക്: www.mygov.in

Content Highlights: Pareeksha pe charcha, a conversation with prime minister