ലോകത്തെ മിക്ക യൂണിവേഴ്‌സിറ്റികളിലും ഇപ്പോള്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ ടെക്സ്റ്റ് ബുക്ക് എക്‌സാം അഥവാ ഓപ്പണ്‍ ബുക്ക് എക്‌സാം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ പല യൂണിവേഴ്‌സിറ്റികളും ഇതിനായി ഒരുങ്ങുകയുമാണ്. മഹാമാരിയെ മറികടന്ന് മുന്നോട്ടു പോകാനുള്ള മനുഷ്യന്റെ സ്വാഭാവികമായ ത്വരയ്ക്ക് വിവര സാങ്കേതികവിദ്യയും മറ്റു സാങ്കേതിക സൗകര്യങ്ങളും ഒപ്പമുണ്ട്. ചിന്തയില്‍ മാത്രമല്ല, സൗകര്യങ്ങളിലും മാറ്റം അനിവാര്യമായ കാലമാണിത്. ലോക്ക്ഡൗണുകളുടെയും സമ്പര്‍ക്ക വിലക്കുകളുടെയും കാലത്ത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും ഈ രീതി തന്നെയാണ് അഭികാമ്യം.

എന്താണ് ഓപ്പണ്‍ ടെക്സ്റ്റ് ബുക്ക് എക്‌സാം അഥവാ ഓപ്പണ്‍ ബുക്ക് എക്‌സാം?

ഇത് ആധുനിക കാലത്തിന്റെ പരീക്ഷാ സമ്പ്രദായം എന്നതിനേക്കാള്‍, കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന കാലത്തിന് അഭികാമ്യവും പ്രാവര്‍ത്തികമാക്കാന്‍ എളുപ്പവുമുള്ള ഒരു പരീക്ഷാരീതിയാണ്.   

വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പര്‍, പേര്, ഇ മെയില്‍ ഐ.ഡി. എന്നിവ അധ്യാപകരെ/ കോളേജിനെ/ യൂണിവേഴ്‌സിറ്റിയെ അറിയിച്ചാല്‍ പരീക്ഷ തുടങ്ങുന്നതിന്റെ സമയത്തിന് തൊട്ടുമുമ്പ് ചോദ്യപേപ്പര്‍ ഇ മെയില്‍ മുഖേന വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുക്കും. എ ഫോര്‍ സൈസ് വലുപ്പമുള്ള പേപ്പറില്‍ നാലു ഭാഗത്തും മൂന്നു സെന്റീമീറ്റര്‍ കുറയാത്ത മാര്‍ജിന്‍ വരച്ച് സാധാരണ പരീക്ഷ എഴുതും പോലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാവുന്നതാണ്.   

ഉത്തരങ്ങള്‍ എഴുതുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് പുസ്തകങ്ങള്‍, നോട്ട്ബുക്കുകള്‍ അടക്കമുള്ള പഠനസാമഗ്രികള്‍ തുറന്നു നോക്കാനും റഫര്‍ ചെയ്യാനും അനുവാദം ഉണ്ടാവും. എന്നാല്‍, ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ടെക്സ്റ്റ് ബുക്കിലുള്ളതു പോലെ അതേപടി പകര്‍ത്തിയെഴുതരുത്. പകരം, പഠനങ്ങളിലൂടെയും വായനയിലൂടെയും ആര്‍ജിച്ചെടുത്ത ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഉത്തരങ്ങള്‍ ആയിരിക്കണം. പരീക്ഷക്ക് അനുവദിച്ച സമയം കഴിഞ്ഞാല്‍ ഉടന്‍ ഉത്തര പേപ്പറുകള്‍ ക്രമനമ്പര്‍ ഇട്ട് സ്‌കാന്‍ ചെയ്ത് ഒറ്റ ഫയലായി അധ്യാപകര്‍ക്ക് അയച്ചുകൊടുക്കണം. ഇതിന് പരീക്ഷാസമയത്തിനു ശേഷം പരമാവധി 30 മിനിറ്റ് അനുവദിക്കും.

ചെലവു കുറഞ്ഞതും നൂലാമാലകളില്‍ കുരുങ്ങാത്തതുമായ പരീക്ഷാ സമ്പ്രദായമാണ് ഓപ്പണ്‍ ബുക്ക് പരീക്ഷ രീതി. എന്നാല്‍ ഓഫ്ലൈന്‍ രീതിയില്‍ മാത്രമേ കൃത്യമായ മൂല്യം നിര്‍ണായിക്കപ്പെടുകയുള്ളൂ, അതിനാല്‍ അത് മാത്രമേ ചെയ്യാവൂ എന്ന് വാശിപിടിക്കുന്നതിന് പിന്നില്‍ സര്‍ക്കാറിന്റെയും മറ്റും പണം പരീക്ഷയുടെ പേരില്‍ തിന്നു കൊഴുക്കുന്ന വെള്ളാനകളാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. നിര്‍ഭാഗ്യവശാല്‍, നമ്മുടെ നാട്ടില്‍ പഴയതുതന്നെ പിന്തുടരണമെന്ന് വാശി പിടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ഉത്തരങ്ങള്‍ മനപ്പാഠമാക്കി അത് ഉത്തരക്കടലാസില്‍ എഴുതിവച്ച് ഏറ്റവും കൂടുതല്‍ ഓര്‍മശക്തി ഉള്ളവര്‍ ഏറ്റവും മികച്ച വിദ്യാര്‍ഥികളായി കണക്കാക്കപ്പെടുന്ന മൂല്യനിര്‍ണയ സമ്പ്രദായവും പരീക്ഷാ സമ്പ്രദായവും പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

വിദ്യാഭ്യാസ പ്രക്രിയയിലൂടെയും അധ്യായനങ്ങളിലൂടെയും പുസ്തക വായനയിലൂടെയും ഒരു വിദ്യാര്‍ത്ഥി ആര്‍ജ്ജിക്കുന്ന അറിവിനെ ഉത്തരക്കടലാസില്‍ ഉചിതമായി എഴുതി വെക്കുമ്പോള്‍, ടെക്സ്റ്റ് ബുക്ക് റഫറന്‍സ് ആയി ഉപയോഗിക്കുന്നതിന് തടസ്സമില്ല. പഠനത്തിലൂടെ ആ വിദ്യാര്‍ഥി മനസ്സിലാക്കിയത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന യഥാര്‍ത്ഥ പരീക്ഷാസമ്പ്രദായമാണ് ഓപ്പണ്‍ ബുക്ക് എക്‌സാം. മിക്കവാറും എല്ലാ ഡിപ്പാര്‍ട്‌മെന്റ് തല പരീക്ഷകളും ഓപ്പണ്‍ ബുക്ക് എക്‌സാം ആണെന്ന യാഥാര്‍ത്ഥ്യം ഓര്‍ക്കുക.

15 മാസത്തിലേറെയായി ഓണ്‍ലൈനില്‍ തന്നെയാണ് വിദ്യാഭ്യാസവും അധ്യയനങ്ങളും നടക്കുന്നത്.   പിന്നെന്തു കൊണ്ട് പരീക്ഷകള്‍ ഓണ്‍ലൈനിലൂടെ നടത്തുന്നതിന് എതിരു നില്‍ക്കണം. കമ്പ്യൂട്ടര്‍ വന്നപ്പോഴും കാര്‍ഷികമടക്കമുള്ള പല മേഖലകളിലും യന്ത്രവല്‍ക്കരണങ്ങള്‍ വന്നപ്പോഴും തൊഴില്‍നഷ്ടവും മറ്റും പറഞ്ഞു എതിര്‍ത്ത അതേ മാനസികാവസ്ഥയാണ് ഓണ്‍ലൈന്‍ ഓപ്പണ്‍ ബുക്ക് എക്‌സാമിനെയും എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്. മാറ്റങ്ങളെ എതിര്‍ക്കുന്ന അതേ വരട്ടുവാദം.

ലളിതവും യുക്തിഭദ്രവും കാലികപ്രസക്തിയുള്ളതും പുരോഗമനപരവുമായ ഈ പരീക്ഷാ സമ്പ്രദായത്തിന്ന്  മുഴുവന്‍ സമയ  ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആവശ്യമില്ല. ചോദ്യക്കടലാസ് ഡൗണ്‍ലോഡ് ചെയ്യാനും ഉത്തരക്കടലാസ് അപ്‌ലോഡ് ചെയ്തയക്കാനുമുള്ള സമയത്തേക്കുള്ള കണക്ടിവിറ്റി മാത്രം മതിയാകും. ബേസ് മോഡല്‍ സ്മാര്‍ട്ട് ഫോണില്‍ അടക്കം ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്യാനും അത് ഒറ്റ ഫയല്‍ പി.ഡി.എഫ്. ആക്കാനും മെയില്‍ സൗകര്യം ഉപയോഗിക്കാനും കഴിയും. ഇതിനാല്‍ത്തന്നെ, ആരും ഈ പരീക്ഷാ സമ്പ്രദായത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടില്ല.

രോഗിയായി ആശുപത്രിയിലാണെങ്കില്‍ പോലും പരീക്ഷ എഴുതാന്‍ സാധിക്കും.  ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ബ്ലെന്‍ഡഡ് രീതിയില്‍ കോളേജില്‍ പോയി പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ വച്ച് ഓപ്പണ്‍ ടെക്സ്റ്റ് ബുക്ക് എക്‌സാം എഴുതാവുന്നതാണ്. ടെക്സ്റ്റ് ബുക്കുകളും നോട്ട്ബുക്കുകളും തുറന്നു വെച്ച് അത് റഫര്‍ ചെയ്തു കൊണ്ട് പരീക്ഷ എഴുതിയാല്‍ ഏത് കഴിവില്ലാത്ത കുട്ടിയും പരീക്ഷ കടന്നു കൂടും എന്ന പ്രചരണം ഇക്കാര്യത്തിലുള്ള അജ്ഞതയാണെന്ന് സംശയിക്കണം.

പരീക്ഷകള്‍ മാറ്റി വെക്കുന്നതും മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്കകളും ആകുലതകളും ഉണ്ടാക്കുന്നതായി കാണാം. അതിനേക്കാള്‍ ആശങ്ക ഓഫ്ലൈനായി പരീക്ഷ നടത്തുന്നതിലും ഉണ്ട്. വിദ്യാര്‍ത്ഥി സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും നിര്‍ഭാഗ്യവശാല്‍ ഇക്കാര്യം ഉയര്‍ത്തുന്നില്ല. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഈ ദുഷ്‌കരകാലത്ത് ഓഫ്‌ലൈനായി പരീക്ഷ എഴുതണമെന്ന് എന്തിന് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കണം?

ഡല്‍ഹി, പോണ്ടിച്ചേരി, ജാമിയ മില്ലിയ, ബനാറസ്, അണ്ണാ, ഗുവാഹട്ടി യൂണംിവേഴ്‌സിറ്റികളും നാഷണല്‍ ലോ സ്‌കൂള്‍ അടക്കമുള്ള പല സ്ഥാപനങ്ങളും ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. പരീക്ഷ മേലധികാരികളുടെയും ഉത്തരക്കടലാസുകള്‍ തുന്നികെട്ടുന്നവരുടെയും തൊഴില്‍നഷ്ടമാണ് എതിര്‍ക്കുന്നവര്‍ക്ക്് പിന്നിലെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികള്‍ പരിഹാസരൂപേണ പറയുന്നത്. 

2020 ഏപ്രിലില്‍ യു.ജി.സി. മാര്‍ഗനിര്‍ദേശ പ്രകാരം പരീക്ഷകള്‍ റദ്ദ് ചെയ്യാനും ബദല്‍ സാധ്യതകള്‍ പ്രാവര്‍ത്തികമാക്കാനുമുള്ള അധികാരം യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, മഹാരാഷ്ട്രയിലെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായഭിന്നത മൂലം അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി മാത്രം പുതിയ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കാന്‍ ജൂലായില്‍ യു.ജി.സി. തയ്യാറായി. തൊട്ടുപിന്നാലെ, പരീക്ഷകള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും രണ്ടുംകൂടി ചേര്‍ന്നുള്ള രീതിയിലും നടത്താമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടു. 

സുപ്രീം കോടതി തീരുമാനം വന്നതോടെ ഡല്‍ഹി യൂണിവേഴ്‌സിറ്റി ആദ്യമായി ഓപ്പണ്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ ബുക്ക് എക്‌സാമിനേഷന്‍ പ്രഖ്യാപിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റി യുടെ ഈ തീരുമാനം ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയും പരാതികളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷവും ഒട്ടേറെ സര്‍വ്വകലാശാലകള്‍ ഇത്തരത്തില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍ക്ക് അനുമതി നല്‍കി. ഇപ്പോള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഓപ്പണ്‍ ബുക്ക് പരീക്ഷക്ക് പച്ചക്കൊടി കാണിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ ഓഫ്ലൈന്‍ പരീക്ഷയുമായി മുന്നോട്ടു പോകുന്നത് കാലത്തിനൊപ്പം മാറാനുള്ള മനസ്സില്ലാത്തതിനാലാണെന്ന് വ്യക്തം.

(ലേഖകന്‍ സബര്‍മതി ഫൗണ്ടേഷന്‍ ചെയര്‍മാനാണ്)

Content Highlights: Online Open Text Book Exam and Universities in Kerala