പുതിയ അധ്യയന വര്‍ഷം വരികയായി. ഇതുവരെയുള്ളതില്‍നിന്ന് വ്യത്യസ്തമായി ഒരുപാട് പുതിയ അനുഭവങ്ങളാണ് ഇത്തവണ കാത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമാകുന്നതോടെ മഴയില്‍ കുടപിടിച്ച് സ്‌കൂളിലേക്ക് പോകുന്ന കാഴ്ച ഇത്തവണ കുറവായിരിക്കും. പക്ഷെ കൊറോണക്കാലത്ത് ജീവിക്കണമെങ്കില്‍ അകത്ത് ഇരിക്കാന്‍ പഠിച്ചേപറ്റൂ. ഒരോ വീടും വിദ്യാലയമായി  മാറുന്നു. ഇത്തവണ മക്കള്‍  അടുത്തുതന്നെ കാണും. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കൈയില്‍ ഫോണ്‍ നിര്‍ബന്ധം എന്ന സ്ഥിതി. അതുകൊണ്ടുതന്നെ അധ്യാപകരും രക്ഷിതാക്കളും ഇത്തവണ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണം.

അധ്യാപകര്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികളുടെ ഫോണ്‍ ഉപയോഗം  മാതാപിതാക്കളെ  അടുത്ത പ്രശ്‌നത്തില്‍  എത്തിക്കരുത്. സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ  ക്ലാസ് സമയം അറിയിക്കുന്നത് നല്ലതാണ്. അനാവശ്യമായ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ഇത് സഹായിക്കും. മാതാപിതാക്കള്‍ക്ക് ക്ലാസിനെക്കുറിച്ചും ഇതിന്റെ രീതികളെ കുറിച്ചും ചെറുവിവരണം നല്‍കാം. മിക്കവരും  ഇതിനെക്കുറിച്ച്  അജ്ഞരാണ്. ഏതുതരം ക്ലാസ്, എത്ര സമയം, ഏത് രീതിയില്‍ ആണ് നടത്തുന്നത് എന്നെല്ലാം രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം .

വാട്ട്‌സ്ആപ്പ് ക്ലാസ്, സൂം ക്ലാസ് എന്നൊക്കെ പറഞ്ഞ് ഫോണ്‍ കൈക്കലാക്കുന്ന വിരുതന്‍മാരുടെ എണ്ണം ഈ അവധിക്കാലത്ത് കൂടിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് ക്ലാസിന്റെ സമയം അറിയാത്തത് കൊണ്ടാണ് ഈ പ്രശ്‌നമുണ്ടാകുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പല സ്‌കൂളുകളും  നോട്ട്‌സ് അയക്കുന്ന രീതിയുമുണ്ട്. ഒരുവീട്ടില്‍ ഒന്നിലധികം കുട്ടികളുള്ളപ്പോള്‍ ഒരേ സമയം രണ്ട് ക്ലാസുകളില്‍ പങ്കെടുക്കുകയെന്നതും ബുദ്ധിമുട്ടാണ്. 

അധ്യാപകരുടെ പ്രശ്‌നങ്ങള്‍ 

കുട്ടികളെ അടുത്തു കണ്ട് പഠിപ്പിച്ച അധ്യാകര്‍ക്ക്് ഇനി പുതിയ രീതിയുമായി പൊരുത്തപ്പെടണം. പലരും സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവരാണ്. പുതിയ സംവിധാനവും അതിന്റെ ഉപയോഗ രീതികളുമെല്ലാം അറിയണം. ചിലയിടത്ത് മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം  ഇരിക്കുന്നതും അധ്യാപകര്‍ക്ക് പ്രയാസമാകുന്നുണ്ട്.

 • അധ്യാപകര്‍ വര്‍ഷങ്ങളായി പിന്‍തുടര്‍ന്നുവന്ന രീതി ഒറ്റയടിക്ക് മാറ്റേണ്ട സ്ഥിതിയാണുള്ളത്. 
 • സ്റ്റാഫ് റൂം മിസ്സിങ്  ഒരു പ്രധാന ഇമോഷണല്‍ ഘടകമാണ്. 
 • പുതിയ രീതിയില്‍ മാതാപിതാക്കളുമായി നിരന്തര ആശയവിനിമയം അത്യാവശ്യമാണ്. 
 • വീട്ടിലെ പണികള്‍ വേറെയുമുണ്ടാകും
 • നിര്‍ത്താതെയുള്ള ഫോണ്‍ ഉപയോഗവും വെല്ലുവിളിയാണ്.  

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് 

 • കുട്ടികളുടെ പഠന രീതിയും സമയവും  അറിയണം  
 • വാട്ട്‌സ്അപ്പ് നോട്ട്‌സ് ശ്രദ്ധിക്കണം 
 • കുട്ടികളുമായി  സംസാരിക്കണം 
 • ക്ലാസിനെപ്പറ്റി അവരുടെ അഭിപ്രായം  കേള്‍ക്കുമ്പോള്‍  ക്ലാസില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാം. 
 • അധ്യാപകരുമായി നിരന്തര ആശയവിനിമയം വേണം 
 • പഠന സമയം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കരുത്
 • ഇന്റര്‍നെറ്റ് ലോക്കുകള്‍  ചിലതിന് വേണം 
 • നിങ്ങളുടെ പേഴ്‌സണല്‍ ഫോണ്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം 

നിങ്ങളെ കണ്ട് കുട്ടികള്‍ പഠിക്കും അത് മറക്കണ്ട. നല്ലത് ഒരു  മിനിമം സൗകര്യമുള്ള ടാബ്‌ലെറ്റ് വാങ്ങിനല്‍കുന്നതാണ്. വൈഫെ ആവശ്യം കഴിഞ്ഞാല്‍ ഓഫാക്കുക. നിങ്ങളുടെ ആവശ്യത്തിന്  ഫോണ്‍ ഡേറ്റ ആണ് നല്ലത്. ഫോണില്‍ ഹോട്ട് സ്‌പോട്ട് ഓണ്‍ ആണോ എന്ന് നോക്കണം, കുട്ടികള്‍ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുക.

കുട്ടികള്‍ അറിഞ്ഞു പെരുമാറുക

കുട്ടികള്‍ പുതിയ പഠനിരീതി ഉള്‍ക്കൊണ്ട് ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സാഹചര്യം ദുരുപയോഗം ചെയ്യാതെ ഗൗരവത്തോടെതന്നെ ക്ലാസുകളില്‍ പങ്കെടുക്കുക. മാതാപിതാക്കളെ  അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്. നിങ്ങള്‍ക്ക് നിങ്ങളുടെ  മാതാപിതാക്കളെ പറ്റിക്കാന്‍ എളുപ്പമാണ്  എന്നാല്‍ ചെയ്യുന്നതിന്റെ പരിണതഫലം എന്താകുമെന്ന് എപ്പോഴും ചിന്തിക്കുക.

(സെക്കോളജിസ്റ്റും മുന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പറുമാണ് ലേഖിക)

Content Highlights: Online learning amid covid-19: challenges for teachers and parents