വീട്ടിലിരുന്നുള്ള ഒരുമണിക്കൂര്‍, രണ്ടുമണിക്കൂര്‍ ക്ലാസുകള്‍ക്കൊപ്പം കൂടുതലറിവുകളും പുതിയ ഭാഷകളുമൊക്കെ പഠിക്കാന്‍ സഹായകമാകുന്ന ഒട്ടേറെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനുകളാണ് ഇന്ന് നിലവിലുള്ളത്. അത്തരം ചില ആപ്ലിക്കേഷനുകളും ഓണ്‍ലൈന്‍ സൈറ്റുകളും പരിചയപ്പെടാം. ചെലവുകുറഞ്ഞതും സമയംലാഭിക്കാന്‍ സഹായിക്കുന്നവയുമായ ഈ പുതുപഠനവഴികള്‍ ലോകത്തിന്റെ ഏതുഭാഗത്തുള്ള വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ എളുപ്പത്തില്‍ ലഭ്യമാകുന്നവയാണ്. കൊച്ചുകൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാണ് ഇവയില്‍പ്പലതും. പക്ഷേ, കുട്ടികള്‍ വളരെ ശ്രദ്ധയോടെവേണം ഇത്തരം ആപ്പുകളില്‍ കൈവെക്കാന്‍. കരുതലോടെ ഉപയോഗിച്ചാല്‍ ക്ലാസിലെ പാഠത്തിനുപരി ഒരുപാട് പുതിയ അറിവുകളാണ് നിങ്ങളെകാത്തിരിക്കുന്നത്.

ഉമാങ് ആപ്പ്
സ്‌കൂള്‍കുട്ടികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഔദ്യോഗിക ആപ്പ്. യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ് ആണ് (യു.എം.എ.എന്‍.ജി.) ഉമാങ്. വിദ്യാര്‍ഥികള്‍ക്കുവേണ്ട ഒരുകോടിയിലധികം ഇ-ബുക്കുകള്‍, ഓഡിയോ ഫയലുകള്‍, വീഡിയോകള്‍ എന്നിവ ഇതിലുണ്ട്. പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.

ഇ-പാഠശാല
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ എന്‍.സി.ഇ.ആര്‍.ടിയും ഐ.സി.ഇ.ടിയും ചേര്‍ന്നാണ് ഇ-പാഠശാല അവതരിപ്പിച്ചത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുംവേണ്ട പാഠപുസ്തകങ്ങളും പഠനസഹായികളും മറ്റു പുസ്തകങ്ങളുമൊക്കെ ലഭിക്കും. പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.

ഡ്യുഓലിങ്കോ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കൂടുതല്‍ ഭാഷകള്‍ പഠിക്കാനുള്ള അവസരം നല്‍കുന്ന ആപ്പ്. ഫ്രഞ്ച്, സ്പാനിഷ്, ജാപ്പനീസ് തുടങ്ങി മുപ്പതോളം ഭാഷകള്‍ പഠിക്കാനുള്ള അവസരമാണ് ഡ്യുഓലിങ്കോ ഒരുക്കുന്നത്. ഭാഷാസ്‌നേഹം വളര്‍ത്താനായി ചെറിയ പരീക്ഷകളും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ ഡ്യുഓലിങ്കോ നല്‍കും. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം സ്വയം പരീക്ഷിക്കാം. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലുമൊക്കെ സൗജന്യമായി ലഭിക്കുന്ന ഡ്യുഓലിങ്കോ ലോകത്തിലേറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകളിലൊന്നാണ്.

ലേണ്‍ ഇംഗ്ലീഷ് കിഡ്‌സ്
കുട്ടികള്‍ക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാനായി ബ്രിട്ടീഷ് കൗണ്‍സില്‍ ആരംഭിച്ചത്. പാട്ടും കഥകളും ഗെയിമുകളുമൊക്കെയാണ് ഇംഗ്ലീഷ് പഠനമെളുപ്പമാക്കാനായി ഈ സൗജന്യ ആപ്പിലൊരുക്കിയിട്ടുള്ളത്. പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.

മാത്ത് ഗെയിംസ്-ബ്രെയിന്‍ ട്രെയിനിങ്
ഗണിതസംബന്ധമായ ഗെയിമുകളാണ് ഇതിന്റെ പ്രത്യേകത. ലളിതമായ കണക്കുകൂട്ടലുകളിലൂടെയാണ് ഓരോ റൗണ്ടും പൂര്‍ത്തിയാക്കുന്നത്. സമയത്തിനനുസരിച്ച് കളികള്‍ പൂര്‍ത്തിയാക്കാം. ഓര്‍മശക്തിയും വേഗത്തില്‍ കണക്ക് ചെയ്യാനുള്ള കഴിവുമൊക്കെ ഇതില്‍ പരിശോധിക്കപ്പെടും. പ്ലേ സ്റ്റോറില്‍ മാത്രമേ ഈ ഗെയിമുള്ളൂ.

ടെഡ് എഡ്@ഹോം
വിദ്യാര്‍ഥികളെയും വിവിധ വിഷയങ്ങളില്‍ പ്രഗല്ഭരായ അധ്യാപകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ പ്രശസ്തമായ ടെഡ് എക്‌സ് ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ചതാണ് ടെഡ് എഡ്@ഹോം. പ്രൈമറി ക്ലാസ് മുതല്‍ കോളേജ്തലംവരെ വിദ്യാര്‍ഥികള്‍ക്കുള്ള വിഷയങ്ങള്‍ ടെഡ് എഡ്@ഹോം എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നാഷണല്‍ ജ്യോഗ്രഫിക് കിഡ്‌സ്
കുട്ടികള്‍ളുടെ അറിവിന്റെ മേഖല വികസിപ്പിക്കാനുള്ള കളികളും വീഡിയോകളുമൊക്കെ നാഷണല്‍ ജ്യോഗ്രഫിക് കിഡ്‌സ് എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കുട്ടികളുടെ പ്രിയപ്പെട്ട മൃഗങ്ങളും സ്ഥലങ്ങളുമൊക്കെ ബന്ധിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയാണിത് ചെയ്യുന്നത്.

ക്രാഷ് കോഴ്‌സ് കിഡ്‌സ്
ശാസ്ത്രസംബന്ധമായ വിഷയങ്ങളിലുള്ള വീഡിയോകളാണ് ഈ യുട്യൂബ് ചാനലിന്റെ പ്രത്യേകത. ആനിമേഷനിലൂടെയാണ് വിവിധ വിഷയങ്ങള്‍ കുട്ടികള്‍ക്കുമുമ്പില്‍ രസകരമായി അവതരിപ്പിക്കുന്നത്.

Content Highlights: online courses for students