കേരളത്തിലെ പ്ലസ് വണ്‍ പൊതുപരീക്ഷകള്‍ സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി വിധി വന്നിരിക്കുകയാണ്. പ്ലസ്‌വണ്‍ വിദ്യാഭ്യാസം വേണ്ടവിധത്തില്‍ നടന്നിട്ടില്ലായെന്നും അതിനാല്‍ പൊതുപരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാല്പത്തിയെട്ട് വിദ്യാര്‍ഥികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

കോവിഡിന്റെ ഒന്നാംതരംഗത്തിന്റെ ഘട്ടത്തില്‍ പത്താംക്ലാസ് പരീക്ഷയെഴുതി പുറത്തുവന്ന ഈ വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈനിലാണ് കഴിച്ചുകൂട്ടിയത്. അതായത്, പഠിക്കുന്ന സ്‌കൂളുമായും അധ്യാപകരുമായുമെല്ലാമുള്ള ഇവരുടെ ബന്ധം വെര്‍ച്വലാണ്. എന്നാല്‍, വെര്‍ച്വലായി മാത്രം പൂര്‍ത്തീകരിക്കാനാകുന്നതല്ല, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം. പത്താംക്ലാസ് വരെയുള്ള സിലബസുമായി വലിയ വ്യത്യാസം ഹയര്‍സെക്കന്‍ഡറിക്കുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയെന്ന നിലയില്‍ കൂടുതല്‍ ആഴത്തിലും പരപ്പിലുമുള്ള സിലബസാണ് ഹയര്‍സെക്കന്‍ഡറിക്കുള്ളത്. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, സൈക്കോളജി, ജ്യോഗ്രഫി എന്നിങ്ങനെ സ്റ്റേറ്റ് സിലബസിലെ പത്താം ക്ലാസുകാര്‍ കേട്ട് പരിചയിച്ചിട്ടുപോലുമില്ലാത്ത സബ്ജക്ട് കോമ്പിനേഷനുകള്‍ ഹയര്‍സെക്കന്‍ഡറിയിലുണ്ട്. സയന്‍സ് കോമ്പിനേഷനിലാകട്ടെ ലാബ് ക്ലാസുകള്‍ അത്യാവശ്യമാണ്. സാധാരണഗതിയില്‍ത്തന്നെ ഹയര്‍സെക്കന്‍ഡറി സിലബസുമായി പരിചയിച്ചുവരാന്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല പരിശ്രമം ആവശ്യമാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് എത്തുമ്പോള്‍ ഈ പ്രശ്‌നം ഗുരുതരമാകും. എന്നാല്‍, ഈ പ്രശ്‌നത്തെ മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിനോ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിനോ സാധിച്ചില്ല; വിദ്യാര്‍ഥികള്‍ ഈ വിഷയം ഉന്നയിച്ചിട്ടുപോലും അതു പരിഗണിക്കാന്‍ തയ്യാറായതുമില്ല.

പ്ലസ് വണ്‍ പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ പാഠങ്ങളും പഠിപ്പിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അതെത്ര പേര്‍ക്ക് ഉപകരിച്ചു എന്നറിയില്ല. വിക്ടേഴ്‌സിലൂടെയും സ്‌കൂളുകള്‍ വഴി ഗൂഗിള്‍ മീറ്റിലുടെയും മറ്റും നടന്ന ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് പ്ലസ് വണ്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്ന ചിത്രം വ്യത്യസ്തമാണ്. നാല്പത്തിയാറോളം സബ്ജക്ട് കോമ്പിനേഷനുകളാണ് ഹയര്‍സെക്കന്‍ഡറിയിലുള്ളത്. വിക്ടേഴ്‌സിലൂടെ ഏകദേശം ഇരുപത്തിയഞ്ചോളം കോമ്പിനേഷനുകളിലാണ് ക്ലാസുകള്‍ നടന്നിരിക്കുന്നത്. ഒരു വിദ്യാര്‍ഥിസംഘടന നടത്തിയ റാന്‍ഡം സാംപിള്‍ സര്‍വേയില്‍ പങ്കെടുത്ത 77.3 ശതമാനം വിദ്യാര്‍ഥികള്‍ വിക്ടേഴ്‌സിലൂടെയുള്ള ഏകപക്ഷീയമായ ക്ലാസുകള്‍ മനസ്സിലായില്ലായെന്നാണ് അഭിപ്രായപ്പെട്ടത്. ഗൂഗിള്‍ മീറ്റിലോ മറ്റോ സമാനമായ ആപ്ലിക്കേഷനുകളിലൂടെയോ ലഭിക്കുന്ന ക്ലാസുകള്‍ പൂര്‍ണമായും ലഭിച്ചത് ഈ സര്‍വേയില്‍ പങ്കെടുത്ത 14.2 ശതമാനത്തിനു മാത്രമാണ്. 80.2 വിദ്യാര്‍ഥികള്‍ക്ക് നെറ്റ് വര്‍ക്കിന്റെ അപര്യാപ്തതമൂലം ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിച്ചിട്ടില്ല. 35.7 ശതമാനം വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളുടെയും പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടില്ല. 15.5 ശതമാനത്തിന് എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാനുള്ള അധ്യാപകരുണ്ടായിരുന്നില്ല. 2020 ഫെബ്രുവരിയില്‍ നിയമനശുപാര്‍ശ കൈപ്പറ്റിയ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ 2021 ജൂലായിലാണ് ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. ഇക്കാലമത്രയും അധ്യാപകതസ്തികകള്‍ ഒഴിഞ്ഞുകിടന്നതും അക്കാദമിക് പ്രതിസന്ധി രൂക്ഷമാക്കി.

ഇപ്പോള്‍ പ്ലസ്‌വണ്‍ പരീക്ഷയെഴുതേണ്ടവര്‍ സാങ്കേതികാര്‍ഥത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികളാണ്. പരീക്ഷാ ടൈംടേബിള്‍ പ്രഖ്യാപിക്കുന്നതുവരെ പകുതി ദിവസം പ്ലസ് വണ്‍ ക്ലാസുകളും പകുതിദിവസം പ്ലസ്ടു ക്ലാസുകളുമെന്നിങ്ങനെ വിചിത്രമായ രീതിയിലാണ് ബഹുഭൂരിപക്ഷം സ്‌കൂളുകളിലും അധ്യയനം നടന്നുവന്നത്. അശാസ്ത്രീയമായ ഈ സമ്പ്രദായം വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദവും ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിപ്പിക്കുന്നതിനു മാത്രമേ പ്രയോജനപ്പെട്ടുള്ളൂ. കഴിഞ്ഞ ഒരു മാസമായി പ്ലസ്ടു ക്ലാസുകള്‍ നിര്‍ത്തിവെച്ചാണ് പ്ലസ് വണ്‍ പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ നടക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ ഒരു എലിജിബിലിറ്റി ടെസ്റ്റല്ല. എട്ടുവര്‍ഷംമുന്‍പ് മാത്രമാണ് പ്ലസ് വണ്‍ പൊതുപരീക്ഷയായി മാറ്റിയത്. അതുകൊണ്ട് പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുന്നത് സാരമായ തട്ടുകേടുകള്‍ സൃഷ്ടിക്കുകയില്ല. അതേസമയം, ഇംപ്രൂവ്‌മെന്റ് സാധ്യത പോലുമില്ലാതെ ഇപ്പോള്‍ പരീക്ഷ നടത്തിയാല്‍, അത് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

കോവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പ് രാഷ്ട്രീയ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ഉപാധിയായി പരിഗണിക്കുന്ന ഒരു സമീപനം കേരളം തുടക്കംമുതല്‍ സ്വീകരിച്ചിട്ടുണ്ട്. പഠനവും പരീക്ഷയും അക്കാദമിക വിഷയങ്ങളാണ്. വിദ്യാഭ്യാസത്തിന്റെയും വിദ്യാര്‍ഥികളുടെയും താത്പര്യമാണ് പ്രാഥമികമായി പരിഗണിക്കപ്പെടേണ്ടത്.

Content Highlights: Online Classes for Higher secondary Kerala