കൊച്ചി: 'വീട്ടിലെ കടമൊക്കെ തീര്‍ക്കണം. ക്ലാസ് ഓണ്‍ലൈനായത് വളരെ ഉപകാരമായി. ജോലിയൊക്കെ അതിനൊപ്പം നടന്നുപോകും' - ആലപ്പുഴ സ്വദേശി വി.ആര്‍. അരുണ്‍ പറയുന്നു. പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജിലെ ബി.എ. മലയാളം വിദ്യാര്‍ഥിയാണ്. ഓണ്‍ലൈന്‍ പഠനത്തോടൊപ്പം അരുണ്‍ ചെയ്യുന്നത് നിരവധി ജോലികള്‍... പ്ലംബിങ്, വെല്‍ഡിങ്, ലോഡിറക്കല്‍, കടകളിലെ രാത്രിഷിഫ്റ്റ് അങ്ങനെയങ്ങനെ.

കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാരുടെ കുടുംബത്തിന്റെ സാമ്പത്തിക നില തെറ്റുമ്പോള്‍ ആശ്വാസമാകുന്നത് അരുണിനെപ്പോലെയുള്ള വിദ്യാര്‍ഥികളാണ്. ഓണ്‍ലൈന്‍ ക്ലാസുകളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതും ഇത്തരം ചെറുപ്പക്കാര്‍ തന്നെ.

ഓണ്‍ലൈന്‍ ക്ലാസിനൊപ്പം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചതായി അധ്യാപകരും പറയുന്നു. ലൈവ് ക്ലാസുകള്‍ റെക്കോഡ് ചെയ്ത് കുട്ടികള്‍ക്ക് അയച്ചുകൊടുക്കുന്ന അധ്യാപകരുമുണ്ട്. ഓണ്‍ലൈനായി ട്യൂഷനെടുക്കുന്ന വിദ്യാര്‍ഥികളും ഏറെയുണ്ട്.

കല്‍പ്പണിയുംടെലി കോളിങ്ങും

ബി.എ. സംസ്‌കൃതം വിദ്യാര്‍ഥിയായ പി.എസ്. എഡ്വിന്‍ കോവിഡ് കാലത്തെ അതിജീവിക്കാന്‍ ചെയ്യുന്നത് കല്‍പ്പണിയാണ്. അച്ഛന്റെ കൂടെയാണ് എഡ്വിനും ജോലിക്ക് പോകുന്നത്. കാലടി സ്വദേശിയായ എഡ്വിന്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. ഇടയ്ക്ക് ബേക്കറിയിലും ജോലിക്ക് പോകും.

'ഓണ്‍ലൈന്‍ ക്ലാസായതുകൊണ്ടുമാത്രമാണ് ഇങ്ങനെയൊക്കെ ജോലിക്കു പോകാന്‍ കഴിയുന്നത്. വീട്ടിലേക്ക് കുറച്ച് പൈസ കൊടുക്കാനും കഴിയുന്നുണ്ട്' - എഡ്വിന്റെ വാക്കുകളില്‍ അഭിമാനത്തിളക്കം.

മഹാരാജാസ് കോളേജില്‍ ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കെ. രഹ്ന. പഠനത്തോടൊപ്പം വീട്ടിലിരുന്ന് ടെലി കോളിങ് ജോലി കൂടി ചെയ്യുന്നുണ്ട്. നേരെത്തേ ഇവന്റ് മാനേജ്മെന്റ് ജോലി ചെയ്തിരുന്നു. 'ലോക്ഡൗണ്‍ വന്ന് വേറൊന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് ടെലി കോളിങ് ജോലി തുടങ്ങിയത്. ചെറുതാണെങ്കിലും ഒരു വരുമാനം ഇതിലൂടെ കിട്ടുന്നുണ്ട്' - രഹ്ന പറയുന്നു.

Content Highlights: Online classes 2021