കോഴിക്കോട്: വീണ്ടും ഒരു ഓൺലൈൻ അധ്യയനവർഷത്തിനു തുടക്കമാവുമ്പോൾ സംസ്ഥാനത്ത് 20 ശതമാനത്തോളം വിദ്യാർഥികൾ ഡിജിറ്റൽ പഠനസൗകര്യങ്ങളില്ലാത്തവർ. 12 ശതമാനത്തോളം പേർക്ക് വീട്ടിൽ ടെലിവിഷനില്ലെന്നും എട്ടുശതമാനം കുട്ടികൾക്ക് സ്മാർട്ട് ഫോണില്ലെന്നുമാണ് കണക്ക്. ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങളാണിത്.

ഇക്കുറി സ്കൂൾതലത്തിലും ഓൺലൈൻ ക്ലാസുകൾ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. എല്ലാ വിദ്യാർഥികളിലേക്കുമെത്തിക്കാൻ സംവിധാനമൊരുക്കാതെ ഇത് നടപ്പാക്കുമ്പോൾ ഒരുവിഭാഗം കുട്ടികൾ ഒഴിവായിപ്പോകുമെന്നുറപ്പാണ്. ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾ എത്രയുണ്ടെന്നറിയാൻ അധ്യാപകർ വഴി സമഗ്രശിക്ഷാ കേരളം കണക്കെടുപ്പ് നടത്തിയിരുന്നു. അതനുസരിച്ച്, ഓൺലൈൻ പഠനസൗകര്യമില്ലെന്നു കണ്ടെത്തിയവർക്കായി തുടങ്ങിയ പൊതുപഠന കേന്ദ്രങ്ങളാകട്ടെ, കോവിഡ് വ്യാപനത്തോടെ നിലച്ചു.

കഴിഞ്ഞവർഷം വിക്ടേഴ്സ് ചാനൽ വഴിയുള്ള എല്ലാ ക്ലാസുകളും മുടങ്ങാതെ കണ്ടത് 67 ശതമാനം കുട്ടികളാണ്. ഇന്റർനെറ്റിന്റെ വേഗക്കുറവ് കാരണം 39.5 ശതമാനം കുട്ടികൾക്ക് ക്ലാസ് കാണാൻ പ്രയാസമുണ്ടായി. ഇന്റർനെറ്റില്ലായ്മ (17 ശതമാനം), സ്മാർട്ട് ഫോണില്ലായ്മ (14.5 ശതമാനം) എന്നിവയാണ് മറ്റു പ്രശ്നങ്ങൾ. ഇന്റർനെറ്റ് റേഞ്ച് ലഭിക്കായ്ക, റീച്ചാർജ് ചെയ്യാനുള്ള സാമ്പത്തികശേഷി ഇല്ലാതിരിക്കൽ തുടങ്ങിയവ വേറെ.

ശാസ്ത്രീയ കണക്കെടുപ്പ് വേണം

സ്കൂൾതല ഓൺലൈൻ ക്ലാസ് നടപ്പാക്കുന്നതിനു മുന്നോടിയായി വിശദവും ശാസ്ത്രീയവുമായ കണക്കെടുപ്പ് നടത്തേണ്ടതുണ്ട്. ഇന്റർനെറ്റ് ലഭ്യത, വേഗം, ഡേറ്റാ റീച്ചാർജിനുള്ള പണം തുടങ്ങിയവയും ഉൾപ്പെടുത്തിയ പരിശോധനയിലേ ഓൺലൈൻ ക്ലാസുകളിലെ അസൗകര്യം വ്യക്തമാവൂ.

-ഡോ. എ.പി. കുട്ടികൃഷ്ണൻ, ഡയറക്ടർ, സമഗ്രശിക്ഷാ കേരളം

Content Highlights: Online academic year started, 20 percent of students with no digital facilities