എന്‍ജിനിയറിങ്, എം.ബി.ബി. എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്‌സ് മാസ്റ്റേഴ്‌സ് എന്നീ പ്രോഗ്രാമുകളില്‍ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്, ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.) 2000 സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.

മാസം 4000 രൂപ നിരക്കില്‍ ഒരു വര്‍ഷം 48,000 രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്, എന്‍ജിനിയറിങ്, എം.ബി.ബി.എസ്. പഠനത്തിന് നാല് വര്‍ഷത്തേക്കും മറ്റുള്ളവയ്ക്ക് രണ്ടു വര്‍ഷത്തേക്കും ലഭിക്കും.

ജനറല്‍, ഒ.ബി.സി. കാറ്റഗറിയിലായി 500 വീതവും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ 1000വും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ഓരോ വിഭാഗത്തിലും ഓരോ കോഴ്‌സിനും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ongcscholar.org ല്‍ നല്‍കിയിട്ടുണ്ട്.

പകുതി സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 2020 - 21 അധ്യയനവര്‍ഷം ഈ പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയവര്‍ക്കാണ് അര്‍ഹത. എന്‍ജിനിയറിങ്/എം.ബി.ബി.എസ്. അപേക്ഷാര്‍ഥി പ്ലസ് ടു പരീക്ഷയും എം.ബി.എ./മാസ്റ്റേഴ്‌സ് അപേക്ഷകര്‍ ബിരുദ പരീക്ഷയും 60 ശതമാനം മാര്‍ക്കു വാങ്ങി ജയിച്ചവരാകണം. (ഗ്രേഡിങ് എങ്കില്‍ 6.0 ഒ.ജി.പി.എ./സി.ജി.പി.എ.).

അംഗീകൃത ഫുള്‍ടൈം റഗുലര്‍ കോഴ്‌സില്‍ ആകണം പഠനം. 2020 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്. വാര്‍ഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയില്‍ താഴെയാകണം. പട്ടികവിഭാഗക്കാരുടെ കാര്യത്തില്‍ വാര്‍ഷിക കുടുംബവരുമാനം നാലരലക്ഷം രൂപയില്‍ താഴെയാകണം.

യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ongcscholar.org വഴി നല്‍കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ അപ് ലോഡ് ചെയ്യണം.

അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, അപേക്ഷാ ഫോമില്‍ നല്‍കിയിട്ടുള്ള നിശ്ചിത വിലാസത്തില്‍ സെപ്റ്റംബര്‍ അഞ്ചിനകം ലഭിക്കണം.

Content Highlights: Oil and Natural Gas Corporation (ONGC) Announces 2000 Scholarships