മെഡിക്കല്‍ കോഴ്‌സുകള്‍പോലെ എന്നും സാധ്യതയുള്ളവയാണ് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍. ഈ മേഖലകളില്‍ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്ലസ് ടു സയന്‍സ് പഠനം കഴിഞ്ഞ് വിവിധ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളെക്കുറിച്ച് ചിന്തിക്കാം.

പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ചിരിക്കണം. വേഗം ജോലി വേണമെന്നുള്ളവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമുകളെക്കുറിച്ചും തുടര്‍പഠനവും അതിനുശേഷം തൊഴിലും ആഗ്രഹിക്കുന്നവര്‍ക്ക് ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചും ആലോചിക്കാം. രോഗനിര്‍ണയം, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഡോക്ടര്‍മാരുമൊത്ത്, അവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും.

സ്ഥാപനങ്ങള്‍

നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദ പ്രോഗ്രാമുകള്‍ മിതമായ ഫീസില്‍ പഠിക്കാന്‍ ദേശീയ സ്ഥാപനങ്ങളില്‍ അവസരമുണ്ട്. എയിംസ് വിവിധ കേന്ദ്രങ്ങള്‍, ജിപ്മര്‍ പുതുച്ചേരി, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ചണ്ഡീഗഢ്, നിംഹാന്‍സ്  ബെംഗളൂരു തുടങ്ങിയവ നഴ്‌സിങ്, പാരാമെഡിക്കല്‍/അലൈഡ് ഹെല്‍ത്ത്‌സയന്‍സ് ബിരുദ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.

രാജ്കുമാരി അമിത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ് ന്യൂഡല്‍ഹി, കോളേജ് ഓഫ് നഴ്‌സിങ് ബനാറസ് ഹിന്ദു സര്‍വകലാശാല വാരാണസി, ഭോപാല്‍ നഴ്‌സിങ് കോളേജ്, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് പുണെ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസിന്റെ കീഴിലുള്ള നഴ്‌സിങ് കോളേജുകള്‍ തുടങ്ങിയവ നഴ്‌സിങ് മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളാണ്. ഓക്‌സിലറി നഴ്‌സ് ആന്‍ഡ് മിഡ് വൈഫ്, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി, ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ് പ്രോഗ്രാമുകള്‍ എന്നിവ ലഭ്യമാണ്.

അവസരങ്ങള്‍

പഠനം കഴിഞ്ഞാല്‍ സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ സാധാരണ ക്ലിനിക്കുകള്‍, പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാം.

പ്രതിരോധമേഖല, വ്യവസായ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലും അവസരമുണ്ട്. ഹെല്‍ത്ത് ക്ലിനിക്കുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവയും ചില മേഖലകളിലുള്ളവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നു. അധ്യാപന, ഗവേഷണ രംഗത്തും പ്രവര്‍ത്തിക്കാം. വിദേശരാജ്യങ്ങളിലും ഒട്ടേറെ അവസരമുണ്ട്.

കേരളത്തിലും പഠിക്കാം

ബി.എസ്‌സി. നഴ്‌സിങ് ബി.എസ്‌സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ബി.എസ്‌സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി ബി. എസ്‌സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ബി.എസ്‌സി. ഒപ്‌റ്റോമെട്രി ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി ബാച്ചിലര്‍ ഓഫ് ഡയാലിസിസ് ടെക്‌നോളജി ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി ബാച്ചിലര്‍ ഓഫ് റേഡിയോ തെറാപ്പി ടെക്‌നോളജി ബാച്ചിലര്‍ ഓപ് ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ അപേക്ഷ, ഓരോ കോഴ്‌സിനും വേണ്ട യോഗ്യത എന്നിവ അറിയാന്‍ www.lbscetnre.kerala.gov.in കാണുക. സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം.

Content Highlights:  Nursing and paramedical courses