വര്‍ഷത്തെ എന്‍ജിനിയറിങ് പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുന്നത്തില്‍ ആശയക്കുഴപ്പത്തിലാകാന്‍ സാധ്യതയുണ്ട്. കേരള എന്‍ജിനിയറിങ്ങില്‍ കഴിഞ്ഞവര്‍ഷം 32 ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 39 ബ്രാഞ്ചുകളാണുള്ളത്. ഏഴ് പുതിയ ബ്രാഞ്ചുകള്‍. അതെല്ലാം കംപ്യൂട്ടര്‍ സയന്‍സിന്റെ ഉപവിഭാഗങ്ങളാണ്.

ബ്രാഞ്ചുകള്‍ ശ്രദ്ധിക്കുക

ഒരു ബ്രാഞ്ചിന്റെ പേര് കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ആണെങ്കില്‍ മറ്റൊന്ന് കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) ആണ്. മറ്റൊന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നാണെങ്കില്‍ അടുത്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സാണ്. ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?. ഏതിനാണ് കൂടുതല്‍ ജോലിസാധ്യത?. സര്‍ക്കാര്‍ കോളേജുകളിലൊന്നും ഈ ബ്രാഞ്ചുകളില്ലാത്തതുകൊണ്ട് അവിടെ കിട്ടുമായിരുന്ന ബ്രാഞ്ചുകള്‍ ഒഴിവാക്കി ഈ ബ്രാഞ്ചുകളുള്ള കോളേജുകളില്‍ പ്രവേശനം എടുക്കണോ? എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്ക് പല സംശയങ്ങളുമുണ്ടാകാം. അതിനാല്‍ ചില വസ്തുതകള്‍ ശ്രദ്ധിക്കാം.

പഠനത്തോടൊപ്പം നൈപുണിയും

ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, കെമിക്കല്‍ തുടങ്ങി ഏത് ബ്രാഞ്ചെടുത്തു പഠിക്കുന്ന വിദ്യാര്‍ഥിക്കും പഠനത്തോടൊപ്പം കൈവരിക്കാനാവുന്ന നൈപുണ്യമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത്. അതിന് ദേശീയഅന്തര്‍ദ്ദേശീയ തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ ഒട്ടേറെ കോളേജുകളില്‍ സര്‍ക്കാര്‍ തന്നെ അസാപ്പ് സെന്ററുകള്‍ വഴി പുതിയ മേഖലകളില്‍ പരിശീലനം നടത്തുന്നുണ്ട്.

മൈനര്‍ ഡിഗ്രി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലയില്‍ മെഷീന്‍ ലേണിങ് മാത്രമല്ല ഡീപ്പ് ലേണിങ്ങും ഓഗ്മെന്റ് റിയാലിറ്റിയും പോലെ ഒട്ടേറെ വിഷയങ്ങളുണ്ട്. ഇതിലെല്ലാം അവഗാഹം നേടാന്‍ ഇവയിലോരോന്നിലും ബി.ടെക്. എടുക്കുകയല്ല വേണ്ടത്. അഭിരുചിക്കനുസരിച്ച് ഒരു ബ്രാഞ്ചെടുത്ത് പഠിച്ച് പഠനത്തോടൊപ്പം ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ അറിവ് നേടാം. ഇന്നാകട്ടെ മൈനര്‍ ഡിഗ്രി എടുക്കാനുള്ള സംവിധാനവുമുണ്ട്. ഒരു ബ്രാഞ്ചില്‍ പഠിച്ചുകൊണ്ടിരിക്കേ മറ്റൊരു ബ്രാഞ്ചിലെ ചില വിഷയങ്ങള്‍ കൂടി പഠിച്ച് ആ ബ്രാഞ്ചില്‍ ഒരു മൈനര്‍ ഡിഗ്രി നേടാം. ഉദാഹരണത്തിന് ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചില്‍ ഡിഗ്രി കിട്ടുന്നതോടൊപ്പം കംപ്യൂട്ടര്‍ സയന്‍സില്‍ മൈനര്‍ ഡിഗ്രി കൂടി നേടാനാവും.

പുതിയ വിഷയങ്ങള്‍

പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ പലതും പഴഞ്ചനായി മാറും. നാലുവര്‍ഷം പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഒരുപക്ഷേ, സോളാര്‍ വാഹന മേഖലയിലാകാം ജോലി സാധ്യതയുണ്ടാവുക. അപ്പോള്‍ അതിനാവശ്യം ഇലക്ട്രിക്കലിലോ ഇലക്‌ട്രോണിക്‌സിലോ മെക്കാനിക്കിലോ കെമിക്കലിലോ വൈഭവമുള്ളവരെയാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബി.ടെക്. നേടുന്നതിനെക്കാള്‍ നല്ലത് ഇലക്‌ട്രോണിക്‌സിലോ കംപ്യൂട്ടര്‍ സയന്‍സിലോ മറ്റേതെങ്കിലും ബ്രാഞ്ചിലോ ഡിഗ്രിയെടുക്കുകയും പഠനത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡേറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ നൈപുണ്യം നേടുന്നതുമാണ്.

നിര്‍മിതബുദ്ധി

കംപ്യൂട്ടറിനുതന്നെ മനുഷ്യന്റെ വിവേചനശേഷി കുറെയൊക്കെ കൈവരുത്താനായാല്‍ ഭീമമായ ഡേറ്റ ഉത്പാദനത്തിന്റെ ഇക്കാലത്ത് കാര്യങ്ങള്‍ എളുപ്പമാകും. അതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടാണ് അതില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന കോഴ്‌സുകള്‍ രൂപമെടുക്കുന്നത്.

Content Highlights:  Newgen Engineering and scope