കോവിഡ് പ്രതിസന്ധി നമ്മുടെ ജോലിയുടെ സ്വഭാവത്തിലും പഠനരീതിയിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. സര്‍ട്ടിഫിക്കറ്റുകളെക്കാള്‍ തൊഴില്‍ വൈദഗ്ധ്യത്തിനാണ് കമ്പനികള്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യത്തിനകത്തും വിദേശത്തും ഏറെ തൊഴില്‍സാധ്യതയുള്ള പുതുതലമുറ കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടെ ഓണ്‍ലൈനായി പഠിക്കാന്‍ നോര്‍ക്ക റൂട്‌സും ഐ.സി.ടി. അക്കാദമിയും അവസരമൊരുക്കുന്നു.

മികച്ച തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ലക്ഷ്യം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 19,700 രൂപയാണ് ഫീസ്. പ്രവേശനപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ്

വെബ് ആപ്ലിക്കേഷന്റെ ഫ്രണ്ട് എന്‍ഡും ബാക്ക് എന്‍ഡും സമര്‍ഥമായി വികസിപ്പിക്കാന്‍ കഴിവുള്ളവരെയാണ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ എന്ന് വിളിക്കുന്നത്. ഒരു വെബ് ആപ്ലിക്കേഷന്‍ പൂര്‍ണമായും രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും കഴിവുള്ളവരാണ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പേഴ്സ്.

ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്

ഡേറ്റ ഏറ്റവും വിലപ്പെട്ട വസ്തുവായി മാറുന്ന കാലത്ത് അതിന്റെ പിന്നിലെ ശാസ്ത്രം പഠിക്കാം.

റോബോട്ടിക് പ്രോസസ് ഓട്ടോമെഷന്‍

ആവര്‍ത്തന സ്വഭാവമുള്ള ഓഫീസ് ജോലികള്‍ കൃത്യമായി പഠിച്ച് വേഗത്തിലും കൃത്യതയോടെയും സോഫ്റ്റ്വേര്‍ ബോട്ടുകള്‍ ചെയ്യുന്നതിനെയാണ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്നു വിളിക്കുന്നത്. ബാങ്കിങ് ഉള്‍പ്പെടെയുള്ള ഒട്ടേറെ മേഖലകളില്‍ ഈ രംഗത്തെ വിദഗ്ധരുടെ ആവശ്യം വര്‍ധിക്കുകയാണ്.

സൈബര്‍ സെക്യൂരിറ്റി അനലിറ്റിക്‌സ്

സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഡേറ്റകള്‍ക്കും കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള നെറ്റ്വര്‍ക്ക്ഡ് ഉപകരണങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കുകയാണ് ഇവരുടെ ജോലി. കൂടാത ഹാക്കിങ്, മാല്‍വേര്‍, ഫിഷിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സുകളിലുള്ള ആക്രമണങ്ങള്‍, ഡേറ്റ ബ്രീചെസ്, സ്‌പൈയിങ് എന്നിവ പ്രതിരോധിക്കുന്നതും ഇവരുടെ ജോലിയാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്

സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് ഓണ്‍ലൈനിലേക്ക് മാറ്റുന്നതിനും അതിലൂടെ ബിസിനസ് വളര്‍ത്തുന്നതിനും സഹായിക്കുന്നവരാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദഗ്ധര്‍. ഇന്റര്‍നെറ്റ് യുഗത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒട്ടേറെ തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.

സോഫ്റ്റ്വേര്‍ ടെസ്റ്റിങ്

ഉപഭോക്താവിന്റെ ആവശ്യാനുസരണം സോഫ്റ്റ്വേറിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതാണ് സോഫ്റ്റ്വേര്‍ ടെസ്റ്റിങ്. സോഫ്റ്റ്വേര്‍ ടെസ്റ്റിങ്ങിന്റെ ആവശ്യകത, വിവിധ ടെസ്റ്റിങ് രീതികള്‍, ടൂള്‍സ് തുടങ്ങിയവയാണ് ഇതില്‍ പഠിപ്പിക്കുന്നത്.

യോഗ്യത

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മറ്റ് അഞ്ച് കോഴ്സുകള്‍ക്ക് എന്‍ജിനിയറിങ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദം. പ്രൊഫഷണലുകള്‍ക്കും അപേക്ഷിക്കാം.

അപേക്ഷ

www.ictkerala.org വഴി സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 7594051437, 8078102119

തൊഴില്‍ സുരക്ഷ

കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ പുതുതലമുറ കോഴ്സുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ആറുമാസത്തിനിടെ അഞ്ഞൂറിലധികം വിദ്യാര്‍ഥികളെയാണ് തൊഴില്‍ പ്രാപ്തരാക്കിയത്.

-കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, സി.ഇ.ഒ., നോര്‍ക്ക റൂട്സ്

പ്ലേസ്മെന്റ്

മാറിവരുന്ന തൊഴിലവസരങ്ങള്‍ മനസ്സിലാക്കിയാണ് കോഴ്സുകള്‍ ആരംഭിക്കുന്നത്. നോര്‍ക്കയുമായി സഹകരിച്ച് കോഴ്സ് നടത്തുന്നതിനാല്‍ വിദേശരാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്ലേസ്മെന്റ് സൗകര്യം ഒരുക്കാന്‍ സാധിക്കും.

-സന്തോഷ് കുറുപ്പ്, സി.ഇ.ഒ., ഐ.സി.ടി. അക്കാദമി ഓഫ് കേരള