പാഠപുസ്തകങ്ങളില്‍ ശാസ്ത്രവും ചരിത്രവും മറ്റും വിവരിക്കുന്നത് പ്രകൃതിയുമായും ദൈനംദിന ജീവിതവുമായും ബന്ധപ്പെടുത്തിക്കൊണ്ടാണ് എന്നിട്ടും പല വിദ്യാര്‍ത്ഥികള്‍ക്കും ആ ബന്ധം മനസ്സിലാകുന്നില്ല. ജ്യോമെട്രി (Geometry) യിലെ ജിയോ എന്നതു് ഗ്രീക്ക് ഭാഷയില്‍ ഭൂമിയെ കുറിക്കുന്നതാണ് (അതില്‍നിന്നാണ് ജിയോളജി, ജിയോഫിസിക്‌സ്, തുടങ്ങിയ പഠനശാഖകളുണ്ടായത്). മെട്രി എന്നാല്‍ അളവ്. അപ്പോള്‍ ജ്യോമെട്രി എന്നത് ഭൂമി അളക്കുന്നതില്‍ കണ്ട ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി വളര്‍ന്നുവന്ന ഗണിതശാസ്ത്രശാഖയാണ്. അതുപോലെയാണ് ഓരോ വിഷയത്തിന്റെയും കാര്യം. പഠിപ്പിക്കാനായി പല അദ്ധ്യാപകര്‍ക്കും അറിഞ്ഞുകൂട!  എനിക്കു പരിചയമുള്ള ഒരു വ്യക്തി തന്നെ ഫിസിക്‌സ് പഠിപ്പിച്ച കോളജ് അദ്ധ്യാപകനോടു ചോദിച്ചു. 'സര്‍, സൈക്കിള്‍ ചവിട്ടുന്നതിന്റെ പിന്നിലുള്ള ഫിസിക്‌സ് എന്താണ്?' അല്പനേരം ആലോചിച്ചശേഷം അദ്ധ്യാപകന്‍ പറഞ്ഞു, 'സൈക്കിള്‍ ചവിട്ടുന്നതിലെ ഫിസിക്‌സോ? അതിലെന്തു ഫിസിക്‌സാണുള്ളതു്?' ഈ പറഞ്ഞ വ്യക്തി പഠിച്ചു പരീക്ഷയെഴുതി പാസായ കാര്യങ്ങള്‍ തന്നെയാണ് സൈക്കിള്‍ ചവിട്ടുന്നതിലും ഉള്ളത് എന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. ഒരുപക്ഷെ അദ്ദേഹത്തിന് ഫിസിക്‌സ് മാത്രമല്ല സയന്‍സ്തന്നെ മനസ്സിലായിട്ടില്ല എന്നുവേണം കരുതാന്‍.

ഇത് അദ്ദേഹത്തിന്റെയോ ആ തലമുറയുടെയോ പ്രശ്‌നമല്ല. അദ്ദേഹത്തെ പഠിപ്പിച്ചവര്‍തന്നെ ജീവിതവുമായി ബന്ധമില്ലാതെയാവണം ശാസ്ത്രം പഠിപ്പിച്ചത്. പഠിച്ച സംഗതിക്ക് ജീവിതവുമായുള്ള ബന്ധം മനസ്സിലാക്കാതെ ആ അറിവ് നിത്യജീവിതത്തില്‍ ഉപയോഗിക്കാനുവാമില്ല.

പരീക്ഷയും മാര്‍ക്കും ലക്ഷ്യംവച്ചുള്ള വിദ്യാഭ്യാസമാണ് ഈ സ്ഥിതിക്കു കാരണം. എന്നോടൊപ്പം ഫിസിക്‌സ് എംഎസ്സി പഠിച്ച ഒരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത് ജോലിയെടുക്കുന്ന കാലത്താണ് ഞാനിവിടെ ഭൗമശാസ്ത്രപഠനകേന്ദ്രത്തില്‍ ശാസ്ത്രജ്ഞനായി വരുന്നത്. സ്വാഭാവികമായും മിക്ക സായാഹ്നങ്ങളും ഞങ്ങള്‍ ഒരുമിച്ചാണ് ചെലവഴിച്ചിരുന്നത്. അങ്ങനെ ഒരു വൈകുന്നേരം അദ്ദേഹം എന്നോടു ചോദിച്ചു, 'താനിപ്പോള്‍ അന്തരീക്ഷശാസ്ത്രത്തിലല്ലേ ഗവേഷണം ചെയ്യുന്നത്, അപ്പോള്‍ താനൊന്നു പറഞ്ഞേ, ആകാശത്തിനെന്താ നീല നിറമെന്ന്!' ഈ ചോദ്യംതന്നെ എന്നെ അത്ഭുതപ്പെടുത്തി, എന്തെന്നാല്‍ ഇതിന്റെ പിന്നിലുള്ള ശാസ്ത്രം വിശദമായിത്തന്നെ ഞങ്ങളൊരുമിച്ചു പഠിച്ചതാണ്. എന്നാലും ഞാന്‍ പറഞ്ഞു, 'നമ്മള്‍ പഠിച്ചതോര്‍മ്മയില്ലേ, മീ സ്‌കാറ്ററിങ് (Mie Scattering), റാലേ സ്‌കാറ്ററിങ് (Rayleigh scattering) തുടങ്ങിയവ? അങ്ങനെ അന്തരീക്ഷത്തിലെത്തുന്ന സൂര്യപ്രകാശം ചിതറിത്തെറിച്ച് നമ്മുടെ കണ്ണിലെത്തുമ്പോള്‍ അതില്‍ നീലനിറമാണ് കൂടുതലുണ്ടാവുക. അതുകൊണ്ടാണ് നമ്മള്‍ ആകാശം നീലനിറത്തില്‍ കാണുന്നത്.' അതദ്ദേഹത്തിനു ബോധിച്ചു. എന്നാല്‍ എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചോദ്യം, 'ഓ, അപ്പോള്‍ അതൊക്കെ ശരിക്കുള്ളതാണോ?' അതായത് നമ്മള്‍ പഠിച്ചതൊക്കെ യഥാര്‍ത്ഥത്തില്‍ പ്രകൃതിയില്‍ സംഭവിക്കുന്നതാണോ എന്ന്. ഈ ചോദിച്ചതു  എംഎസ്സി ഫിസിക്‌സ് ഫസ്റ്റ് ക്ലാസ്സില്‍ പാസായ വ്യക്തിയാണെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം.

ഇതേപോലെതന്നെയാവണമല്ലോ എന്‍ജിനിയറിങ് പാസ്സായി വരുന്നവരുടെയും അവസ്ഥ. എല്ലാവരും ഇതുപോലെയാണെന്നല്ല പറയുന്നത്. എംഎസ്സി ഒന്നാംക്ലാസില്‍ പാസ്സായ ഒരാളിന്റെ അവസ്ഥ ഇതാണെങ്കില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും കാര്യം ഇതുപോലെയോ ഇതിനേക്കാളോ കഷ്ടമാവണമല്ലോ! ഇങ്ങനെ ലോകവുമായി ബന്ധപ്പെടാതെ എന്തൊക്കെയോ കാണാതെ പഠിച്ചു പാസ്സായി വരുന്നവര്‍ ''അണെംപ്ലോയബിള്‍'' ആകാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടൂ! അതിനുമപ്പുറം ഇവരൊക്കെയാണു് അടുത്ത തലമുറയെ പഠിപ്പിക്കാനായി അദ്ധ്യാപകരാകുന്നതും എന്നതാണ് കഷ്ടവും അപകടകരവും.

ഇതിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാനായി ഹൈസ്‌ക്കൂളിലെ ശാസ്ത്രത്തിന്റെ പാഠപുസ്തകം എടുത്തു നോക്കുകയുണ്ടായി. ഉദാഹരണമായി എട്ടാംക്ലാസിലെ പാഠം തുടങ്ങുന്നതുതന്നെ ടീച്ചര്‍ മൈക്രോസ്‌ക്കോപ്പും വാഴയുടെ വേരുമായി ക്ലാസ്സില്‍ വരുന്നതിന്റെ വിവരണവുമായാണു. ആ വേരിന്റെ ഒരു ഭാഗമെടുത്തു് ഒരു വിദ്യാര്‍ത്ഥിതന്നെ മൈക്രോസ്‌ക്കോപ്പില്‍വച്ചു് പരിശോധിക്കുന്നതായി വിവരിച്ചുകൊണ്ടു പാഠം തുടങ്ങുകയാണു്. ക്ലാസിലെ ടീച്ചര്‍ ഇങ്ങനെതന്നെ ചെയ്യുകയാണെങ്കില്‍ പാഠവും പ്രകൃതിയുമായുള്ള ബന്ധം കുട്ടികള്‍ക്കു് വേറെ പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? ഇല്ല എന്നാണു എനിക്കു തോന്നുന്നതു. അപ്പോള്‍പ്പിന്നെ എന്താണു പ്രശ്‌നം?  പാഠപുസ്തകത്തില്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ക്ലാസ്മുറിയില്‍ പലപ്പോഴും ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ നടക്കുന്നതു. (കൊറോണക്കാലത്തിനു മുമ്പുള്ള കാര്യമാണു പറയുന്നതു) അവിടെ ഇപ്പോഴും പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പു മാത്രമാണു നടക്കുന്നത്. മാര്‍ക്കുതന്നെയാണു ലക്ഷ്യം. മാര്‍ക്കിനും ഗ്രേഡിനും സമൂഹത്തില്‍ പ്രാധാന്യമുള്ളിടത്തോളംകാലം ഇങ്ങനെയേ നടക്കൂ എന്നും എനിക്കു മനസ്സിലായി. എന്തെന്നാല്‍, ഉയര്‍ന്ന ഗ്രേഡോ മാര്‍ക്കോ ലഭിച്ചാലേ അടുത്ത ക്ലാസിലേക്കു പ്രവേശനം ലഭിക്കൂ, അല്ലെങ്കില്‍ ജോലി ലഭിക്കൂ എന്നതാണല്ലോ അവസ്ഥ. അപ്പോള്‍ രക്ഷിതാക്കളും അദ്ധ്യാപകരും ഗ്രേഡും മാര്‍ക്കും ലക്ഷ്യംവെയ്ക്കുന്നതു മനസ്സിലാക്കാവുന്നതാണു്. എന്നാല്‍ ഉയര്‍ന്ന മാര്‍ക്കു് നേടിയതുകൊണ്ടുമാത്രം ജോലി കിട്ടില്ല എന്ന അവസ്ഥ ഇപ്പോള്‍ത്തന്നെ പ്രകടമാണ്, കാരണം സര്‍ക്കാരുദ്യോഗം മാത്രമുണ്ടായിരുന്ന സ്ഥിതി മാറി ഇപ്പോള്‍ കൂടുതലും ജോലികള്‍ സ്വകാര്യകമ്പനികളിലാണ്. അവിടെയാണെങ്കില്‍ മാര്‍ക്കു കിട്ടിയതുകൊണ്ടുമാത്രമായില്ല. പണിയെടുക്കാനും അറിയണം, അതായത് അവരുടെ ജോലിക്കിടയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍തേടുന്ന വ്യക്തിക്കാവണം. അവിടെ ശരിയുത്തരം കണ്ടെത്തലല്ല ചെയ്യേണ്ടത്, പുതിയ ഉത്തരം കണ്ടുപിടിക്കലാണു്.

ചോദ്യങ്ങള്‍ രണ്ടുതരത്തിലുണ്ടു എന്നു പറയാം. 'ശരിയുത്തരം' എന്നൊന്നു് അറിയാവുന്നവയും അതെന്താണെന്നു അറിയാന്‍വയ്യാത്തതും. ആദ്യത്തെ തരത്തില്‍പ്പെട്ടതിനു ഇംഗ്ലിഷില്‍ (closed ended ) എന്നും രണ്ടാമത്തെ തരത്തില്‍പ്പെട്ടതിനു (open ended) എന്നും പറയും. ജീവിതത്തില്‍ മുഴുവനും രണ്ടാമത്തെ തരത്തില്‍പ്പെട്ട ചോദ്യങ്ങളാണു് നേരിടേണ്ടതു. അതിനാൽ വിഷയം നന്നായിത്തന്നെ അറിഞ്ഞിരിക്കണം. ഉദാഹരണമായി, ഈ പുഴയുടെ കുറുക്കെ പാലം കെട്ടണമെങ്കില്‍ അതിനു് എന്തു വലുപ്പമുള്ള എത്ര തൂണുകള്‍ വേണം? ഇതിന് ഒരു പാഠപുസ്തകത്തിലും ശരിയുത്തരം എഴുതിയിട്ടില്ല, നാം കണ്ടുപിടിച്ചേ തീരൂ. എന്നാല്‍ നമ്മുടെ പരീക്ഷകളില്‍ ആദ്യത്തെ തരത്തില്‍പ്പെട്ട ചോദ്യങ്ങളാണുള്ളത്. കുറേ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പഠിച്ചുവച്ചാല്‍, വിഷയം മനസ്സിലായില്ലെങ്കില്‍പ്പോലും നല്ല മാര്‍ക്കു വാങ്ങാം, പക്ഷെ ആ മാര്‍ക്കു കൊണ്ട് ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനാവില്ല. അതുകൊണ്ടാണ് ഒരുപാടുപേര്‍ തൊഴില്‍ രഹിതരാണെന്ന് പറയപ്പെടുന്നത്.

ഇതിനെന്താണ് പരിഹാരം? 
 
അദ്ധ്യയനരീതി മാറണം. സയന്‍സായാലും കണക്കായാലും ഭാഷയായാലും ചരിത്രമായാലും അത് ജീവിതവുമായി ബന്ധപ്പെടുത്തിവേണം പഠിപ്പിക്കാന്‍. അതിനുള്ള ശ്രമമായിരുന്നു ഒരുകാലത്ത് കേരളം നടപ്പിലാക്കാന്‍ ശ്രമിച്ചത്. സോഷ്യല്‍ കണ്‍സ്ട്രക്ടിവിസം എന്ന സമ്പ്രദായം നടപ്പിലാക്കിയത് അതിന്റെ ഭാഗമായിരുന്നു. വിദ്യാര്‍ത്ഥികള്‍ കാലിപ്പാത്രങ്ങളും അദ്ധ്യാപകര്‍ അറിവിന്റെ നിറകുടങ്ങളുമാണെന്നും അദ്ധ്യയനം എന്നാല്‍ അദ്ധ്യാപകര്‍ അറിവ് വിദ്യാര്‍ത്ഥികളെന്ന കാലിപ്പാത്രങ്ങളിലേക്ക് പകരുകയാണെന്നുമുള്ള ആശയമാിരുന്നു പണ്ട്. അത് മാറ്റി പകരം വിദ്യാര്‍ത്ഥികള്‍ അറിവ് സ്വയം നിര്‍മ്മിച്ചെടുക്കുകയാണെന്നും അതിനു സഹായിക്കുന്നവരാണ് അദ്ധ്യാപകരെന്നുമുള്ള കാഴ്ചപ്പാട് കൊണ്ടുവരികയായിരുന്നു. പുതിയ രീതിയില്‍ അദ്ധ്യയനം എങ്ങനെ നടത്തണം എന്നതിനു് അദ്ധ്യാപകര്‍ക്ക് പലതവണയായി പരിശീലനം നല്‍കിയിരുന്നു. എന്നാലും രണ്ടു പ്രശ്‌നങ്ങളാണ് എനിക്കു മനസ്സിലായേടത്തോളം തടസ്സം നിന്നത്. ഒന്ന്, പുതിയ രീതിയില്‍ പഠിപ്പിക്കുമ്പോള്‍ ഒരു പാഠം തീര്‍ക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു എന്നതുകൊണ്ട് പല ക്ലാസുകളിലും ഒരുവര്‍ഷം പഠിപ്പിക്കേണ്ടതു മുഴുവനും പഠിപ്പിക്കാനാകുന്നില്ല എന്ന കുറേ അദ്ധ്യാപകരുടെ പരാതി. രണ്ട്, പല അദ്ധ്യാപകര്‍ക്കും ഈ പുതിയ രീതി ശരിയായി വശമായില്ല എന്ന പ്രശ്‌നം. അതുകൊണ്ട് പല അദ്ധ്യാപകരും ക്ലാസില്‍വന്നു പ്രഭാഷണം നടത്തുന്ന പഴയ രീതിതന്നെയാണ് പിന്തുടര്‍ന്നത്. 

മാര്‍ക്കോ സ്‌ക്കോറോ മാത്രമല്ല പ്രധാനം, വിഷയം നന്നായി മനസ്സിലാക്കുക എന്നതാണ് എന്ന ബോധം സമൂഹത്തില്‍ത്തന്നെ ഉണ്ടാവണം. ഇന്നത്തെ തൊഴില്‍മേഖലതന്നെ അതാവശ്യപ്പെടുന്നു. ഇതിന് സമൂഹത്തില്‍ത്തന്നെ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ''എന്റെ മകന് നല്ല മാര്‍ക്കും ഫസ്റ്റ് ക്ലാസുമുണ്ട്, എന്നിട്ടും ഒരു ജോലിയും കിട്ടുന്നില്ല. എല്ലായിടത്തും സ്വാധീനമാണ് പ്രധാനം'' എന്ന് എത്രയോ മാതാപിതാക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇതില്‍ കുറച്ചൊക്കെ സത്യമുണ്ടാകാം. എങ്കിലും അതു പൂര്‍ണ്ണമായി സത്യമല്ല, വിശേഷിച്ച് ഇന്നത്തെ സ്വകാര്യകമ്പനികളില്‍ സ്വാധീനംകൊണ്ടുമാത്രം ജോലി ലഭിക്കില്ല, എന്തെന്നാല്‍ പണിയെടുക്കാന്‍ അറിയാന്‍വയ്യാത്തവരെ വെറുതെ ശമ്പളംകൊടുത്തു ഇരുത്താന്‍ സര്‍ക്കാരിനെപ്പോലെ അവര്‍ തയാറല്ല എന്നതുതന്നെ. ഇക്കാര്യം മാതാപിതാക്കളെ മനസ്സിലാക്കേണ്ട ഉത്തരവാദിത്വം കൂടി അദ്ധ്യാപകര്‍ക്കുണ്ട് എന്നാണു് എന്റെ വിശ്വാസം. തീര്‍ച്ചയായും അദ്ധ്യാപകര്‍മാത്രം വിചാരിച്ചാല്‍ തീരുന്ന കര്‍മ്മമല്ല അത്. സന്നദ്ധസംഘടനകളും സര്‍ക്കാരിന്റെ സംവിധാനങ്ങളുംകൂടി ഇക്കാര്യത്തില്‍ സഹകരിച്ചാലേ കാര്യം നടക്കൂ.

പരീക്ഷകള്‍ ഓര്‍മ്മശക്തിയെ അടിസ്ഥാനമാക്കിയുള്ളതിനു പകരം പ്രശ്‌നപരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാവണം. അവിടെ പുസ്തകങ്ങളോ മറ്റു റഫറന്‍സ് വസ്തുക്കളോ കൊണ്ടുപോകാനാകണം. കാണാതെപഠിക്കാനുള്ള കഴിവ് മാനദണ്ഡമല്ലാതാകും. പകരം ജീവിതഗന്ധമുള്ള പ്രശ്‌നങ്ങളുടെ പരിഹാരം കണ്ടെത്താനുള്ള കഴിവാകും. പലരും ചിന്തിക്കുന്നതുപോലെ ഓപ്പണ്‍ ബുക്ക് പരീക്ഷ എന്നതു് കാണാതെ പഠിച്ചു ശീലമുള്ളവര്‍ക്കു് എളുപ്പമല്ല, കഠിനംതന്നെയാണ്.

പരീക്ഷ യഥാര്‍ത്ഥത്തില്‍ ഒരു കടമ്പയാവണം. നന്നായി പഠിച്ചവരേ നല്ല മാര്‍ക്കോ സ്‌ക്കോറോ നേടാവൂ. എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കാനായി നടത്തുന്ന നാടകമാകരുതു്, വെറുതെ മാര്‍ക്കുകള്‍ വാരിക്കോരി കൊടുത്ത് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന സമ്പ്രദായം നിര്‍ത്തണം. ഇന്നത്തെ രീതിയില്‍ പഠിച്ചവരും പഠിക്കാത്തവരും തമ്മില്‍ എന്താണു് വ്യത്യാസം? പഠിച്ചില്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടുമെങ്കില്‍ എന്തിനു ഞാന്‍ മെനക്കെട്ടു പഠിക്കണം? അതെത്ര വിലയില്ലാത്ത സര്‍ട്ടിഫിക്കറ്റാണെങ്കിലും അടുത്ത ക്ലാസില്‍ പ്രവേശനം കിട്ടാനോ ജോലിക്കു് അപേക്ഷിക്കാനോ ഉപകരിക്കുമെങ്കില്‍ അങ്ങനെ ചെയ്താല്‍ മതിയല്ലോ? പക്ഷെ ഈ വിലയില്ലാത്ത സര്‍ട്ടിഫിക്കറ്റ് ഇന്നു് ജോലി നേടി കൊടുക്കുന്നില്ല, എന്തെന്നാല്‍ തൊഴില്‍ദാതാക്കള്‍ക്കു് വേണ്ടതു് വിഷയം നന്നായി മനസ്സിലാക്കിയവരാണു്.
അപ്പോള്‍ പുതിയ അദ്ധ്യയനരീതിയിലും പ്രശ്‌നങ്ങളുണ്ടു് എന്നാണു് മനസ്സിലാക്കേണ്ടത്. അതുകൊണ്ടു് അതു മാറ്റി പഴയ രീതി ആക്കണോ? തീര്‍ച്ചയായും വേണ്ട. പഴയരീതിയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണല്ലോ അത് മാറ്റിയതു. അപ്പോള്‍പ്പിന്നെ എന്തു ചെയ്യും?

പുതിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമോ എന്നു പരിശോധിക്കാം. ഒന്നാമതായി, പാഠഭാഗങ്ങള്‍ മുഴുവനും തീര്‍ക്കാനാവില്ല എന്നാണു് ചില അദ്ധ്യാപകരെങ്കിലും പറയുന്നത്. എല്ലാവരും അതിനോടു യോജിക്കുന്നില്ല എന്നോര്‍ക്കണം. അതുകൊണ്ടു് പരാതിയുള്ള അദ്ധ്യാപകര്‍ക്ക് അത് പരിഹരിക്കാനാവശ്യമായ പരിശീലനം നല്‍കാം. ഇനി അതല്ല, ഒരുപാടുപേര്‍ക്കു് ഇതേ പരാതിയുണ്ടെങ്കില്‍ താഴ്ന്ന ക്ലാസുകളിലെ പാഠഭാഗം കുറയ്ക്കാം. വിശേഷിച്ച് താഴ്ന്ന ക്ലാസുകളില്‍ കുട്ടികള്‍ നന്നായി മനസ്സിലാക്കി പഠിച്ചുവന്നാല്‍ തുടര്‍ന്നുള്ള ക്ലാസുകളില്‍ അവര്‍ക്കു് പഠനം കൂടുതല്‍ എളുപ്പമാകും. ഓര്‍ത്തുനോക്കൂ, അക്ഷരമാല ഭംഗിയായി അറിയാത്ത കുട്ടികളെക്കൊണ്ടു് കത്തെഴുതാന്‍ പഠിപ്പിക്കുക തീര്‍ത്തും കഠിനമല്ലേ? അതുപോലെ പ്രാഥമികകാര്യങ്ങള്‍ നന്നായി മനസ്സിലാക്കിക്കഴിഞ്ഞാല്‍ തുടര്‍ന്നുള്ള പാഠങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാകും, സമയവും കുറച്ചു മതിയാകും. അമേരിക്കന്‍ വിദ്യാലയങ്ങളില്‍ ചെറിയ ക്ലാസുകളില്‍ നാം പഠിപ്പിക്കുന്നതിനെക്കാള്‍ വളരെ കുറച്ചുമാത്രമേ പഠിപ്പിക്കുന്നുള്ളൂ എങ്കിലും ഹൈസ്‌ക്കൂള്‍ കഴിയുമ്പോഴേക്ക് അവരുടെ നിലവാരം നമ്മുടേതിനെക്കാള്‍ വളരെ ഉയരത്തിലാകുന്നുണ്ട്. അതുകൊണ്ടു് ചെറിയ ക്ലാസുകളില്‍ കുറച്ചു പാഠഭാഗങ്ങള്‍ നന്നായി പഠിപ്പിക്കുകയാണ് വേണ്ടത്. ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ പഠിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെതന്നെ പാഠഭാഗങ്ങള്‍ അതനുസരിച്ച് കൂട്ടാനും കഴിയും.

ഏറ്റവും പ്രധാനം ഇതല്ല. മനസ്സിലാക്കി പഠിച്ചുവളരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം കൂടുതല്‍ എളുപ്പമാവുകയും ഒടുവില്‍ തൊഴില്‍ തിരയുമ്പോള്‍ അതു നേടാനുള്ള സാദ്ധ്യത കൂടുകയും ചെയ്യും എന്നതുതന്നെയാവും ഈ മാറ്റത്തിന്റെ ഗുണം. മാത്രമല്ല, സമൂഹത്തില്‍ മൊത്തത്തില്‍ ശാസ്ത്രവും കണക്കും ചരിത്രവുമെല്ലാം നന്നായി മനസ്സിലാക്കിയവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് വളരെയധികം ഗുണംചെയ്യും എന്നു പറയേണ്ടതില്ലല്ലോ. ആലോചിച്ചുനോക്കൂ, ഇത്രയധികം കാലമായി പല സംഘടനകള്‍ ശാസ്ത്രപ്രചാരണം നടത്തുന്നുണ്ടെങ്കിലും കുട്ടിച്ചാത്തന്‍സേവയും മറ്റന്ധവിശ്വാസങ്ങളും നാട്ടില്‍ വര്‍ദ്ധിച്ചുവരികയല്ലേ ചെയ്തിട്ടുള്ളത്? ഇതിന്റെ കാരണമെന്താണ്? ശാസ്ത്രം മനസ്സിലാക്കാതെ പരീക്ഷയ്ക്കുവേണ്ടി കാണാതെപഠിച്ചതുതന്നെയല്ലേ? ആണെന്നാണ് തോന്നുന്നത്. ശാസ്ത്രം എന്നത് കുറേ വസ്തുതകള്‍ മാത്രമല്ല, യുക്തിപരമായ ഒരു ചിന്താരീതി കൂടിയാണ്. അതില്ലാതെ കുറേ വസ്തുതകള്‍ കാണാതെ പഠിച്ചതുകൊണ്ട് ശാസ്ത്രചിന്തയോ ശാസ്ത്രാഭിമുഖ്യമോ ഉണ്ടാവില്ല. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അവയെ പരിഹരിക്കാനായി യുക്തിയും ശാസ്ത്രവും ഉപയോഗിക്കുമ്പോള്‍മാത്രമാണ് ശാസ്ത്രബോധമുണ്ടാകുന്നതു. അത്തരത്തിലൊരു മാറ്റം സമൂഹത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നതിനു സംശയമുണ്ടോ?

Content Highlights: About Educatonal system