2021ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് നീറ്റ്‌യു.ജി. സെപ്റ്റംബര്‍ 12ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ നടക്കും. പ്രോസ്പക്ടസിലും അഡ്മിറ്റ് കാര്‍ഡിലും നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

അഡ്മിറ്റ് കാര്‍ഡ്, സെല്‍ഫ് ഡിക്ലറേഷന്‍

അഡ്മിറ്റ് കാര്‍ഡ് A4 വലുപ്പമുള്ള പേജില്‍ പ്രിന്റ് എടുക്കുക. അഡ്മിറ്റ് കാര്‍ഡിന്റെ ആദ്യ പേജിന്റെ മൂന്നാം ഭാഗം കോവിഡ് സെല്‍ഫ് ഡിക്ലറേഷന്‍ (അണ്ടര്‍ ടേക്കിങ്) ആണ്. ഇത് പൂരിപ്പിക്കണം. രക്ഷിതാവ് അതില്‍ ഒപ്പിടണം. ഡിക്ലറേഷന്റെ താഴെ ഇടതുഭാഗത്ത് നീറ്റ് അപേക്ഷാഫോമില്‍ ഒട്ടിച്ച ഫോട്ടോയുടെ കോപ്പി ഒട്ടിക്കണം. ഡിക്ലറേഷനില്‍ പരീക്ഷാര്‍ഥിയുടെ ഇടത് പെരുവിരല്‍ അടയാളം, ഒപ്പ് എന്നിവ പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്ററുടെ മുന്നില്‍വെച്ചേ ഇടാന്‍ പാടുള്ളൂ.

രണ്ടാം പേജ്, പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ ഒട്ടിക്കേണ്ട പേജാണ്. വിദ്യാര്‍ഥിയുടെ പോസ്റ്റ് കാര്‍ഡ് സൈസിലുള്ള കളര്‍ ഫോട്ടോ (അപേക്ഷയില്‍ ഒട്ടിച്ച ഫോട്ടോയുടെ 4':6' സൈസ്) പരീക്ഷാകേന്ദ്രത്തിലേക്കുപോകുമ്പോള്‍ ഒട്ടിച്ചു കൊണ്ടുപോകണം. അതിന്‍മേല്‍ ഒപ്പിട്ടുകൊണ്ടുപോകരുത്. പരീക്ഷാഹാളില്‍ വെച്ച്, ഫോട്ടോയ്ക്കുകുറുകെ അതിന്റെ ഇടതുഭാഗത്ത് പരീക്ഷാര്‍ഥിയും വലതുഭാഗത്ത് ഇന്‍വിജിലേറ്ററും ഒപ്പിടണം. അതുകൂടാതെ ഫോട്ടോയ്ക്കു താഴെയുള്ള നിശ്ചിതഭാഗത്തും പരീക്ഷാര്‍ഥി ഇന്‍വിജിലേറ്ററുടെ സാന്നിധ്യത്തില്‍ ഒപ്പിടണം. ഇടതുഭാഗത്ത് ഇന്‍വിജിലേറ്ററും ഒപ്പിടേണ്ടതുണ്ട്. പരീക്ഷ കഴിഞ്ഞ് ഷീറ്റ്/പൂരിപ്പിച്ച അഡ്മിറ്റ് കാര്‍ഡ് ഇന്‍വിജിലേറ്ററെ ഏല്‍പ്പിക്കണം. ഈ ഷീറ്റ് ഹാളില്‍ കൊണ്ടുവന്നില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല.

മൂന്ന്, നാല് എന്നീ പേജുകളില്‍ പരീക്ഷ/കോവിഡ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ്.

പരീക്ഷാഹാളിലേക്ക്

ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ്: പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി., പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് അഡ്മിറ്റ്/ രജിസ്‌ട്രേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോയുള്ള ആധാര്‍കാര്‍ഡ്, ഇആധാര്‍, ഫോട്ടോയുള്ള ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ തുടങ്ങിയവയില്‍ ഒന്നാകാം. മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുള്ള പരിശോധനയ്ക്കും വിധേയമാകണം.

അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാന്‍, അപേക്ഷാഫോമില്‍ ഒട്ടിച്ച ഫോട്ടോയുടെ ഒരു കോപ്പി

സുതാര്യമായ വെള്ളക്കുപ്പിയില്‍ വെള്ളം

50 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍

ബാധകമായവര്‍ ഭിന്നശേഷിസര്‍ട്ടിഫിക്കറ്റും സ്‌ക്രൈബ് രേഖയും കൊണ്ടുപോകണം.

ഒന്നരമണിക്കുശേഷം പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. പരീക്ഷാസമയമായ മൂന്നുമണിക്കൂറും കഴിഞ്ഞേ പരീക്ഷാഹാള്‍ വിട്ടുപോകാന്‍ കഴിയൂ. പരീക്ഷ കഴിഞ്ഞ് ഒ.എം.ആര്‍. ഷീറ്റ് (ഒറിജിനലും ഓഫീസ് കോപ്പിയും) ഇന്‍വിജിലേറ്ററെ ഏല്‍പ്പിക്കണം. ടെക്സ്റ്റ് ബുക്ക് ലെറ്റ് പരീക്ഷാര്‍ഥിക്ക് കൊണ്ടുപോകാം. പരീക്ഷ കഴിഞ്ഞ് ഇന്‍വിജിലേറ്ററുടെ നിര്‍ദേശത്തിനായി കാത്തിരിക്കുക. ഒരുസമയത്ത് ഒരാള്‍ക്കുമാത്രമേ ഹാളിനുപുറത്തേക്ക് പോകാന്‍ കഴിയൂ.

കോവിഡ് പ്രോട്ടോകോള്‍

പരീക്ഷാകേന്ദ്രത്തിലും ഹാളിലും പാലിക്കേണ്ട കോവിഡ് പ്രോട്ടോകോള്‍/ മാനദണ്ഡങ്ങള്‍ പേജ് നാലില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തില്‍നിന്ന് നല്‍കുന്ന എന്‍ 95 മാസ്‌ക് ധരിക്കണം. അതിനുമുമ്പ് സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ കഴുകണം. സാമൂഹിക അകലം പാലിക്കണം.

ഡ്രസ് കോഡ്

ഷൂസ് പറ്റില്ല. സ്ലിപ്പര്‍, താഴ്ന്ന ഹീലുള്ള ചെരുപ്പ് എന്നിവ ആകാം.

കട്ടിയുള്ള സോള്‍ ഉള്ള പാദരക്ഷകള്‍ പറ്റില്ല.

വസ്ത്രങ്ങളില്‍ വലിയ ബട്ടണുകള്‍ പാടില്ല.

നീണ്ട സ്ലീവ്‌സ് ഉള്ള വസ്ത്രം അനുവദനീയമല്ല.

വിശ്വാസകാരണങ്ങളാല്‍ എന്തെങ്കിലും സാമഗ്രികള്‍/വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പരിശോധനാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ടരമണിക്കൂര്‍മുമ്പ് എത്തണം.

ഒ.എം.ആര്‍. ഷീറ്റ്

ഒ.എം.ആര്‍. ഷീറ്റ് പൂരിപ്പിക്കേണ്ട രീതി എന്‍.ടി.എ. വെബ്‌സൈറ്റിലുള്ളത് വായിച്ചുമനസ്സിലാക്കണം. ഒ.എം.ആര്‍. ഷീറ്റിലെ പ്രതികരണങ്ങള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്. അതിനാല്‍ ഷീറ്റ് സൂക്ഷ്മതയോടെ കൈകാര്യംചെയ്യണം. അനാവശ്യമായ രേഖപ്പെടുത്തലുകളൊന്നും അതില്‍ പാടില്ല. ടെസ്റ്റ് ബുക്ക്‌ലെറ്റില്‍ നല്‍കിയിട്ടുള്ള സ്ഥലത്തുമാത്രമേ ക്രിയ ചെയ്യാവൂ. ഒ.എം.ആര്‍. ഷീറ്റില്‍ റോള്‍ നമ്പര്‍, ടെസ്റ്റ് ബുക്ക്‌ലെറ്റ് നമ്പര്‍ എന്നിവ എഴുതണം. ബാധകമായ വൃത്തങ്ങള്‍ കറുപ്പിക്കണം. ടെക്സ്റ്റ് ബുക്ക്‌ലെറ്റിലെ കോഡും ഒ.എം.ആര്‍. ആന്‍സര്‍ ഷീറ്റിലെ കോഡും ഒന്നാണെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ രണ്ടും മാറ്റിവാങ്ങുക.

Content Highlights: NEET UG, Important Things to remember