* അപേക്ഷിക്കുമ്പോള്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണോ?

= ഇത്തവണ നീറ്റ് യു.ജി. അപേക്ഷാസമര്‍പ്പണത്തിന്റെ ഭാഗമായി സംവരണ ആനുകൂല്യങ്ങള്‍ക്കുവേണ്ടിയുള്ള രേഖകള്‍ നല്‍കണം. അപേക്ഷ രണ്ടു സമയത്താണ് പൂര്‍ത്തിയാക്കേണ്ടത്. ഓഗസ്റ്റ് 6/7നകം ആദ്യഘട്ടം. ഈ ഘട്ടത്തില്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. അപേക്ഷയുടെ രണ്ടാംഭാഗം പൂര്‍ത്തിയാക്കേണ്ടത് ഫലപ്രഖ്യാപനത്തിനു മുമ്പ്/സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡിങ്ങിന് മുമ്പാണ്. ഈ ഘട്ടത്തില്‍ നിശ്ചിത രേഖകള്‍ അപ്‌ലോഡ് ചെയ്യണം. അതില്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ നല്‍കിയിട്ടുള്ള നിശ്ചിത മാതൃകയില്‍ത്തന്നെ സര്‍ട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.

* അപേക്ഷിക്കുന്നവര്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ടോ?

= നീറ്റിന് അപേക്ഷിക്കാന്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ നാല് വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. അഞ്ചാം വിഷയമായി മാത്തമാറ്റിക്‌സോ മറ്റേതെങ്കിലും വിഷയമോ ആകാം. മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം എന്ന വ്യവസ്ഥ ഇല്ല.

* മൂന്നുതവണ നീറ്റ് യു.ജി. എഴുതി. ഈവര്‍ഷം വീണ്ടും നീറ്റ് യു.ജി എഴുതാമോ?

= നീറ്റ് നിശ്ചിതതവണ മാത്രമേ എഴുതാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ ഇല്ല. മറ്റ് യോഗ്യതാവ്യവസ്ഥകള്‍ക്കു വിധേയമായി ഒരാള്‍ക്ക് എത്രതവണ വേണമെങ്കിലും നീറ്റ്  യു.ജി. എഴുതാം.

* 2020-ല്‍ നീറ്റ് യു.ജി. യോഗ്യത നേടി. അതുവെച്ച് ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കാമോ?

= ഇന്ത്യയില്‍ 2021-22ല്‍ ഒരു മെഡിക്കല്‍ പ്രവേശനമാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ 2021-22 പ്രവേശനത്തിനായി സെപ്റ്റംബര്‍ 12-ന് നടത്തുന്ന നീറ്റ് യു.ജി. അഭിമുഖീകരിച്ച് യോഗ്യത നേടണം. 2020-ലെ നീറ്റ് യു.ജി. യോഗ്യതാഫലം, ഇന്ത്യയിലെ 2021-22 മെഡിക്കല്‍ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. എന്നാല്‍, വിദേശത്താണ് നിങ്ങള്‍ മെഡിക്കല്‍പഠനം ആഗ്രഹിക്കുന്നെങ്കില്‍, 2020-21 പ്രവേശനത്തിനുള്ള നീറ്റ് യു.ജി. സ്‌കോര്‍, വിദേശപഠനത്തിന് 2020-21 ലേക്കുകൂടാതെ 2021-22, 2022-23 വര്‍ഷങ്ങളിലേക്കും (മൊത്തം മൂന്ന് അക്കാദമിക്‌വര്‍ഷത്തേക്ക്) ഉള്ള പ്രവേശനത്തിന് പരിഗണിക്കും.

* ബി.എസ്‌സി. നഴ്‌സിങ്ങിന് നീറ്റ് ബാധകമായേക്കുമെന്ന് നീറ്റ് ബ്രോഷറില്‍ പറയുന്നു. ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകം?

= ചില സ്ഥാപനങ്ങള്‍ നീറ്റ് യു.ജി. 2021 റാങ്ക്/സ്‌കോര്‍ പരിഗണിച്ച് ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം നടത്തുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട് (i) ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്ബി.എസ്‌സി. നഴ്‌സിങ് കൂടാതെ ബി. എസ്‌സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രവേശനത്തിനും നീറ്റ് യു.ജി. 2021 റാങ്ക് ബാധകമായിരിക്കും (ii) രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ്, ന്യൂ ഡല്‍ഹി (iii) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബനാറസ് ഹിന്ദു സര്‍വകലാശാല, വാരാണസി. ഇവയില്‍ താത്പര്യമുള്ളവര്‍ നീറ്റ് യു.ജി. 2021ല്‍ യോഗ്യത നേടുന്നതിനൊപ്പം സ്ഥാപനം അവരുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷിക്കുകയും വേണം.

* ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. നീറ്റിന് അപേക്ഷിക്കാമോ?

= ഓപ്പണ്‍ സ്‌കൂര്‍ വിദ്യാര്‍ഥികള്‍ക്ക്, പൊതുവായ അര്‍ഹത, മറ്റു വ്യവസ്ഥകള്‍ എന്നിവയ്ക്കു വിധേയമായി നീറ്റ് യു.ജി.ക്ക് അപേക്ഷിക്കാം. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നീറ്റ് യു.ജി. അഭിമുഖീകരിക്കാനുള്ള അര്‍ഹത, ഇക്കാര്യത്തിലുള്ള കോടതിവിധിക്കു വിധേയമായിരിക്കും എന്ന് നീറ്റ് ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ അപേക്ഷ ഈ വ്യവസ്ഥയ്ക്കു വിധേയമായിരിക്കും.

* വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കഴിഞ്ഞവര്‍ക്ക് നീറ്റിന് അപേക്ഷിക്കാമോ?

= ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നിവയും മറ്റേതെങ്കിലും ഒരു വിഷയവും (മൊത്തം അഞ്ച് വിഷയങ്ങള്‍) പഠിച്ച് പ്ലസ്ടു/തത്തുല്യം ജയിച്ചവര്‍ക്ക് നീറ്റ് യു.ജി.ക്ക് അപേക്ഷിക്കാം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിങ്ങള്‍ ആറ് വിഷയങ്ങള്‍ പഠിക്കുന്നുണ്ടല്ലോ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഉള്‍പ്പെടുന്ന കോമ്പിനേഷന്‍ എടുത്താണ് നിങ്ങള്‍ പഠിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാം.

* കേരളത്തില്‍ എം.ബി.ബി.എസിന് നഴ്‌സസ് ക്വാട്ടയ്ക്ക് അപേക്ഷിക്കുന്നവര്‍ നീറ്റ് യോഗ്യത നേടണോ?

= 2021-ല്‍ സ്‌പെഷ്യല്‍ റിസര്‍വേഷനില്‍കൂടെ ഉള്‍പ്പെടെ, കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകളിലെ പ്രവേശനം തേടുന്നവര്‍ നീറ്റ് യു.ജി. 2021ല്‍ യോഗ്യത നേടേണ്ടതുണ്ട്.

Content Highlights: NEET UG 2021, Frequently Asked Questions