നീറ്റ് യു.ജി. 2021 ഫലം അടിസ്ഥാനമാക്കി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.), എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളിലേക്കു നടത്തുന്ന കൗണ്‍സലിങ് സംബന്ധിച്ച വിജ്ഞാപനമായി. www.mcc.nic.in ല്‍ അപ്‌ലോഡു ചെയ്യുന്ന കൗണ്‍സലിങ് ഷെഡ്യൂള്‍ പ്രകാരമാകും നടപടികള്‍.

എം.സി.സി. കൗണ്‍സലിങ്ങിന്റെ പരിധിയില്‍ വരുന്ന പ്രവേശനങ്ങള്‍:

• ഗവ. കോളേജുകളിലെ 1-5 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ (ജമ്മു ആന്‍ഡ് കശ്മിര്‍ ഇത്തവത്തെ കൗണ്‍സലിങ്ങില്‍ പങ്കെടുത്തേക്കും)

•സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ (അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി, ജാമിയ മിലിയ ഇസ്‌ലാമിയ (െഡന്റല്‍) എന്നിവയിലെ 100 ശതമാനം സീറ്റുകള്‍ (ഓള്‍ ഇന്ത്യ ക്വാട്ട+ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാട്ട), ഡീംഡ് യൂണിവേഴ്‌സിറ്റികള്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (രണ്ടിലെയും മുഴുവന്‍ സീറ്റുകള്‍) എം.സി.സി. കൗണ്‍സലിങ് സ്‌കീമിലെ അര്‍ഹതാവ്യവസ്ഥകള്‍ക്കു വിധേയമായി

•എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകള്‍ (ഇ.എസ്.ഐ.സി. ഇന്‍ഷ്വേര്‍ഡ് പേഴ്‌സണ്‍സിന്റെ ആശ്രിതര്‍ക്കുള്ള സീറ്റുകള്‍)

•ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, പുണെ (രജിസ്‌ട്രേഷന്‍ ഭാഗംമാത്രം)

•സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സഫ്ദര്‍ജങ് ഹോസ്പിറ്റല്‍, അടല്‍ ബിഹാരി വാജ്‌പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ (15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍+സ്റ്റേറ്റ് ക്വാട്ട 85 ശതമാനം സീറ്റുകള്‍)

• ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ് എല്ലാ കേന്ദ്രങ്ങളും), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍ പുതുച്ചേരി, കാരെക്കല്‍ കേന്ദ്രങ്ങള്‍)

•ഇവ കൂടാതെ ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമിന്റെ പ്രവേശന കൗണ്‍സലിങ്ങും എം.സി.സി. നടത്തിയേക്കാം.

കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍, യോഗ്യത നേടിയവര്‍ എം.സി.സി. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കാറ്റഗറി അനുസരിച്ചുള്ള, തിരികെ ലഭിക്കാത്ത രജിസ്‌ട്രേഷന്‍ ഫീസും തിരികെ കിട്ടാവുന്ന സെക്യൂരിറ്റി നിക്ഷേപവും രജിസ്‌ട്രേഷന്‍ വേളയില്‍ അടയ്ക്കണം. രണ്ടാം റൗണ്ടിലോ, തുടര്‍ന്നുള്ള റൗണ്ടുകളിലോ അലോട്ട് ചെയ്യുന്ന സീറ്റില്‍ പ്രവേശനം നേടാത്തവര്‍ക്ക്, സെക്യൂരിറ്റി നിക്ഷേപം തിരികെ ലഭിക്കുന്നതല്ല. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്., പി.ഡബ്ല്യു.ഡി. മുതലായ കാറ്റഗറി സംവരണം ഗസറ്റ് വിജ്ഞാപനങ്ങള്‍, സുപ്രീം കോടതി നിദേശങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉത്തരവുകള്‍ എന്നിവയനുസരിച്ചായിരിക്കും.കൗണ്‍സലിങ് പദ്ധതി, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ തുടങ്ങിയവ www.mcc.nic.in ല്‍ അപ് ലോഡ് ചെയ്യുന്നതാണ്.


നീറ്റ് യു.ജി.: അപേക്ഷയുടെ രണ്ടാംഭാഗം പൂര്‍ത്തിയാക്കാം

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്‌യു.ജി.) 2021 അപേക്ഷയുടെ രണ്ടാംഘട്ടം neet.nta.nic.in വഴി പൂര്‍ത്തിയാക്കാം. വിജയകരമായി രജിസ്റ്റര്‍ചെയ്ത്, പരീക്ഷാഫീസ് ഓണ്‍ലൈനായി അടച്ചവര്‍ക്കാണ് ഇതിനുള്ള അവസരം ഒക്ടോബര്‍ 10 വരെ നല്‍കിയിരിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ ചില വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ചില രേഖകളുടെ പകര്‍പ്പുകള്‍ സ്‌കാന്‍ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ കാണാന്‍ കഴിയും. ഒപ്പം, നീറ്റ് യു.ജി. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ അനുബന്ധം XVIIല്‍ (പേജ് 106108) വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ അധികഫീസ് ഒന്നും അടയ്‌ക്കേണ്ടതില്ല. രണ്ടാംഘട്ട അപേക്ഷ പൂര്‍ത്തിയാക്കാത്തവരുടെ കാന്‍ഡിഡേച്ചര്‍ റദ്ദാക്കുന്നതാണ്.

ആദ്യഘട്ടവിവരങ്ങള്‍ തിരുത്താം: അപേക്ഷയുടെ ആദ്യഘട്ടത്തില്‍ അപേക്ഷാര്‍ഥികള്‍ നല്‍കിയ ചില വിവരങ്ങള്‍ തിരുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. താത്പര്യമുള്ളപക്ഷം, ജന്‍ഡര്‍, നാഷണാലിറ്റി, ഇമെയില്‍ വിലാസം, കാറ്റഗറി, സബ്കാറ്റഗറി, ക്ലാസ് 11, 12 സംബന്ധിച്ച വിദ്യാഭ്യാസവിവരങ്ങള്‍ എന്നിവയില്‍ തിരുത്തല്‍ നടത്താം. ഇതിനും ഒക്ടോബര്‍ 10 വരെയാണ് സമയമുള്ളത്.

Content Highlights: NEET UG 2021 Education news