2020-ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി., സെപ്റ്റംബര്‍ 13-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ നടക്കുകയാണ്. ഒ.എം.ആര്‍. രീതിയില്‍ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്സ് (45 ചോദ്യങ്ങള്‍), കെമിസ്ട്രി (45), ബയോളജി (ബോട്ടണി, സുവോളജി-90) എന്നീ വിഷയങ്ങളില്‍നിന്ന് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ഓരോ ശരിയുത്തരത്തിനും നാല് മാര്‍ക്ക്. ഒരു ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. പരമാവധി മാര്‍ക്ക് 720.

അഡ്മിറ്റ് കാര്‍ഡ്

മൂന്നു പേജുള്ളതാണ് അഡ്മിറ്റ് കാര്‍ഡ്. ആദ്യ പേജില്‍ പരീക്ഷാകേന്ദ്രത്തിന്റെ വിവരങ്ങളും കോവിഡ്-19 അണ്ടര്‍ടേക്കിങ്ങും ആണ്. പരീക്ഷാര്‍ഥികള്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍ രണ്ടാം പേജിലും കോവിഡ്-19 അഡൈ്വസറി മൂന്നാം പേജിലും. മൂന്നു പേജിന്റെയും വ്യക്തതയുള്ള പ്രിന്റ് ഔട്ട് A4 പേപ്പറില്‍ എടുക്കണം.

സുരക്ഷാ കരുതലുകള്‍

പരീക്ഷയ്ക്കിരിക്കുന്ന സ്ഥലം പൂര്‍ണമായി അണുവിമുക്തമാക്കും. പരീക്ഷാകേന്ദ്രത്തിലെ മുറികളുടെ പിടികള്‍, സ്റ്റെയര്‍കേസ് റെയിലിങ്, ലിഫ്റ്റ് ബട്ടണ്‍ തുടങ്ങിയവയും രോഗാണുവിമുക്തമാക്കും. സീറ്റുകള്‍ തമ്മില്‍ നിശ്ചിത അകലം ഉറപ്പാക്കും. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും അകത്ത് വിവിധ സ്ഥലങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടാകും. താപനില അളക്കാന്‍ രജിസ്ട്രേഷന്‍ റൂമില്‍ തെര്‍മല്‍ ഗണ്‍ ഉണ്ടാകും. പരിശോധന (ഫ്രിസ്‌കിങ്) ഉള്‍പ്പെടെ എല്ലാ പ്രക്രിയകളും സ്പര്‍ശനവിമുക്തമായിരിക്കും.

പരീക്ഷാര്‍ഥി ചെയ്യേണ്ടത്

 • അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയത്തുമാത്രം പരീക്ഷാകേന്ദ്രത്തിലെത്തുക. ആള്‍ക്കൂട്ടം ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇതുവഴി കഴിയും.
 • പരീക്ഷാകേന്ദ്രത്തിന്റെ കൃത്യസ്ഥാനം തലേദിവസംതന്നെ മനസ്സിലാക്കി വെക്കുക.
 • 1.30 കഴിഞ്ഞ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല.
 • ആചാരപരമായ വസ്ത്രധാരണം നടത്തി വരുന്നവര്‍ പരീക്ഷാ കേന്ദ്രത്തില്‍ നേരത്തേ എത്തി പരിശോധനയ്ക്കു വിധേയമാകണം.
 • അഡ്മിറ്റ് കാര്‍ഡ്, അണ്ടര്‍ ടേക്കിങ് എന്നിവ നിര്‍ദേശിക്കപ്പെട്ട രീതിയില്‍ പൂരിപ്പിക്കണം. പരീക്ഷാ ഹാളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തേ ചെയ്തുവെക്കരുത്.
 • പരീക്ഷാകേന്ദ്രത്തില്‍ അനുവദനീയമായ സാമഗ്രികള്‍മാത്രം കൊണ്ടുപോവുക.
 • മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍, ജ്യോമട്രി/പെന്‍സില്‍ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, പേന, സ്‌കെയില്‍, റൈറ്റിങ് പാഡ്, എറേസര്‍, ലോഗരിതം ടേബിള്‍ മുതലായവ പറ്റില്ല.
 • വാലറ്റ്, ഹാന്‍ഡ് ബാഗ്, ബല്‍റ്റ്, ക്യാപ്പ് എന്നിവ പാടില്ല.
 • വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലറ്റ്, ഓര്‍ണമെന്റ്സ്/മെറ്റാലിക് സാധനങ്ങള്‍ എന്നിവ ഒഴിവാക്കണം.
 • ഡ്രസ് കോഡ് പാലിക്കണം. നീണ്ട സ്ലീവ്സ് ഉള്ള വസ്ത്രം പാടില്ല. താഴ്ന്ന ഹീല്‍സുള്ള സ്ലിപ്പര്‍, സാന്‍ഡല്‍സ് ഇടാം. ഷൂസ് പറ്റില്ല. കട്ടിയുള്ള സോള്‍ ഉള്ള ഷൂസ്/ചെരിപ്പ് ഇടരുത്. വലിയ ബട്ടണുകള്‍ വസ്ത്രങ്ങളില്‍ പാടില്ല.

ഇവമാത്രം കൊണ്ടുപോവുക

 • അഡ്മിറ്റ് കാര്‍ഡ്, അണ്ടര്‍ടേക്കിങ് സഹിതം. പരീക്ഷയ്ക്കുമുമ്പ് പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ പൂരിപ്പിച്ചു കൊണ്ടുപോകണം. അണ്ടര്‍ടേക്കിങ്ങില്‍ ബാധകമായത് മാത്രം ടിക്കു ചെയ്യുക, അല്ലാത്തവ ഒന്നും ചെയ്യേണ്ടതില്ല. ബ്ലാങ്കായി ഇടുക.
 • സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സാധുവായ ഏതെങ്കിലും ഒറിജിനല്‍ ഫോട്ടോതിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുപോകണം. പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി., പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, ഇ-ആധാര്‍, ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍, റേഷന്‍ കാര്‍ഡ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ അഡ്മിറ്റ്/ രജിസ്ട്രേഷന്‍ കാര്‍ഡ് തുടങ്ങിയവയിലൊന്നാകാം. ഏതായാലും, അതില്‍ പരീക്ഷാര്‍ഥിയുടെ ഫോട്ടോ നിര്‍ബന്ധമാണ് (പരീക്ഷാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്). തിരിച്ചറിയല്‍ കാര്‍ഡിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, മൊബൈലില്‍ ഉള്ള സ്‌കാന്‍ കോപ്പി എന്നിവ പറ്റില്ല.
 • സ്വന്തം ഉപയോഗത്തിന് വെളിച്ചം കയറുന്ന വാട്ടര്‍ബോട്ടില്‍.
 • അറ്റന്‍ഡന്‍സ് ഷീറ്റില്‍ പതിപ്പിക്കാന്‍ പരീക്ഷാര്‍ഥിയുടെ ഒരു ഫോട്ടോ. അപേക്ഷയില്‍ അപ്ലോഡുചെയ്ത ഫോട്ടോയുടെ ഒരു കോപ്പിതന്നെ വേണം.
 • സ്വന്തം ഉപയോഗത്തിന് 50 മില്ലീ ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍.
 • മാസ്‌ക്, ഗ്ലൗസ്.
 • ബാധകമായവര്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, സ്‌ക്രൈബ് സംബന്ധ രേഖകള്‍

Content Highlights: NEET UG 2020 to be conducted on 13 September; know these things before taking the test