2020-ലെ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) യു.ജി. ഫലം/റാങ്ക് ഉയർന്ന മാർക്ക് സ്കോർ ചെയ്തവരെപ്പോലും അത്ഭുതപ്പെടുത്തി. സ്കോറിങ് തോത് ഉയർന്നതോടെ മുൻവർഷം ഏതെങ്കിലും ഒരുമാർക്കിനു ലഭിച്ച റാങ്കും അതേ മാർക്കിന് ഈവർഷം ലഭിച്ച റാങ്കും തമ്മിൽ ഉയർന്ന മാർക്കുകൾക്കുപോലും കാര്യമായ അന്തരമാണ് പരീക്ഷാഫലത്തിൽ പ്രകടമാകുന്നത്.

2020-ൽ, 720-ൽ 720 മാർക്ക് വാങ്ങിയവർ രണ്ടുപേരാണ്. ആദ്യ 50 റാങ്കുകളിലെ ഏറ്റവും കുറഞ്ഞ മാർക്ക് 705-ഉം. 715 മാർക്കുലഭിച്ചവർ -4, 711 -1, 710 -13, 707 -1, 706 -3, 705 - 26. (കഴിഞ്ഞ വർഷം 50-ാം റാങ്കിന്റെ മാർക്ക് 685 ആയിരുന്നു)

2019-ൽ ഒന്നാം റാങ്ക് ലഭിച്ച പരീക്ഷാർഥിയുടെ മാർക്ക് 701 ആയിരുന്നെങ്കിൽ 2020-ൽ ഇതേ മാർക്ക് ലഭിച്ചവർ ആദ്യ 50 റാങ്കിൽ ഉൾപ്പെട്ടിട്ടില്ല. 701 മാർക്കുനേടിയവരിൽ ചിലർക്ക് 62 മുതൽ 66 വരെ റാങ്കുകൾ ലഭിച്ചിട്ടുണ്ട്. മറ്റുമാർക്കുകളുടെ കാര്യത്തിലും റാങ്കുകൾ മുൻവർഷത്തെ അപേക്ഷിച്ച് പ്രകടമായി താഴേക്കുവന്നിട്ടുണ്ട്. 2019-ൽ 650 സ്കോറിന് ലഭിച്ച റാങ്കുകൾ 950-നുചുറ്റുമായിരുന്നു. എന്നാൽ, 2020-ൽ ഇതേ സ്കോറിന് ലഭിച്ച റാങ്കുകളിൽ ചിലത് 3925-നു ചുറ്റുമാണ്. താഴേക്കുള്ള മാർക്കുകളിൽ റാങ്കിലുള്ള മാറ്റം വളരെ കൂടുതലാണ്.

കട്ട് ഓഫ് ഉയർന്നു

മാർക്കുനിരക്ക് ഉയർന്നതോടെ യോഗ്യത നേടാൻവേണ്ട കട്ട് ഓഫ് മാർക്ക് ഉയർന്നു. അൺ റിസർവ്ഡ് (യു.ആർ.) വിഭാഗത്തിൽ, മുൻവർഷത്തെ അപേക്ഷിച്ച് കട്ട് ഓഫിലെ വർധന 13 മാർക്കാണ്. 2019-ൽ യു.ആർ. വിഭാഗത്തിൽ യോഗ്യതയ്ക്കുവേണ്ട 50-ാം പെർസന്റൈൽ കട്ട് ഓഫ് മാർക്ക് 134 ആയിരുന്നെങ്കിൽ 2020-ൽ ഇത് 147 ആയി ഉയർന്നു. 6,82,406 പേർക്കാണ് ഈ വിഭാഗത്തിൽ യോഗ്യത നേടാൻ കഴിഞ്ഞത്.

2018-ൽ യു.ആർ. കട്ട് ഓഫ് 119-ഉം 2017-ൽ 131-ഉം ആയിരുന്നു. മറ്റുവിഭാഗങ്ങളിലും കട്ട് ഓഫ് മുൻവർഷത്തെ അപേക്ഷിച്ച് ഉയർന്നിട്ടുണ്ട്. യു.ആർ./ഇ.ഡബ്ല്യു.എസ്. ആൻഡ് പി.എച്ച്. -129 (2019 -120, 2018 -107, 2017 -118); ഒ.ബി.സി., എസ്.സി., എസ്.ടി. -113 (2019 -107, 2018 -96, 2017 -107)

കേരളവും നീറ്റും

നീറ്റ് യു.ജി. 2020-ൽ യോഗ്യത നേടിയ 7,71,500 പേരിൽ 59,404 പേർ (7.7 ശതമാനം) കേരളത്തിൽനിന്നാണ്. 2019-ൽ യോഗ്യത നേടിയ 7,97,042 പേരിൽ 73,385 പേർ (9.21 ശതമാനം) കേരളത്തിൽനിന്നായിരുന്നു. 2019-ൽ കേരളത്തിലെ പരീക്ഷാർഥികളിൽ 66.59 ശതമാനം പേർ നീറ്റ് യോഗ്യത നേടിയപ്പോൾ 2020-ൽ പരീക്ഷയെഴുതിയ കേരളീയരിൽ 63.94 ശതമാനം പേരാണ് യോഗ്യത നേടിയത്.

ആദ്യ 10,000 റാങ്കിലെ കേരളീയർ

പ്രവേശനപരീക്ഷാകമ്മിഷണർ തയ്യാറാക്കുന്ന കേരളത്തിലെ മെഡിക്കൽ റാങ്ക് പട്ടിക വരുമ്പോൾമാത്രമേ കേരളത്തിലെ കുട്ടികളിൽ എത്രപേർ നീറ്റ് യു.ജി.യിൽ ഉയർന്ന റാങ്ക് പരിധികൾ ഉൾപ്പടെ, നിശ്ചിതപരിധിക്കുള്ളിൽ റാങ്കുകൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ. 2017-ൽ കമ്മിഷണർ തയ്യാറാക്കിയ മെഡിക്കൽ റാങ്ക് പട്ടികയിൽ 10,000-നുള്ളിൽ നീറ്റ് റാങ്ക് നേടിയവരുടെ എണ്ണം 1662 ആയിരുന്നു. 2018-ൽ ഇത് 1540-ഉം 2019-ൽ 1289 -ഉം ആയിരുന്നു.

കേരളത്തിൽ ഇനിയെന്ത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക...

നീറ്റ് ഫലം അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി റാങ്ക് പട്ടിക തയ്യാറാക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പ്രവേശനപരീക്ഷാകമ്മിഷണർ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. അത് ശ്രദ്ധിക്കണം. ഇതിന്റെ ഭാഗമായി കമ്മിഷണർക്ക് ഈ കോഴ്സുകളിലേക്ക് ഇതിനകം അപേക്ഷിച്ചവർ അവരുടെ നീറ്റ് സ്കോർ ഓൺലൈനായി നൽകണം. ഇതിനുള്ള വിജ്ഞാപനം വന്നശേഷമേ മാർക്ക് നൽകാൻ കഴിയൂ. കാൻഡിഡേറ്റ്സ് പോർട്ടലിലെ പരീക്ഷാർഥിയുടെ ഹോംപേജ് വഴിയാണ്, ഇത് പൂർത്തിയാക്കേണ്ടത്.

നീറ്റ് യു.ജി. റോൾ നമ്പർ, നീറ്റ് യു.ജി. ആപ്ലിക്കേഷൻ നമ്പർ, നീറ്റ് യു.ജി. അപേക്ഷയിൽ നൽകിയിട്ടുള്ള ജനനത്തീയതി എന്നിവ നൽകുമ്പോൾ സ്ക്രീനിൽ കാണുന്ന നീറ്റ് സ്കോർ, റാങ്ക്, മറ്റുവിവരങ്ങൾ എന്നിവ പരിശോധിച്ച് ശരിയെന്ന് ബോധ്യപ്പെട്ട് അംഗീകരിക്കുന്ന രീതിയാണ് മുൻവർഷങ്ങളിൽ നടപ്പാക്കായിരുന്നത്. നീറ്റ് റിസൽട്ട് സബ്മിഷൻ റിപ്പോർട്ടിന്റെ പ്രിന്റ്ഔട്ട് എടുത്ത് പരീക്ഷാർഥിക്ക് സൂക്ഷിക്കാം.

ഈവർഷത്തെ നടപടിക്രമം ഇതുസംബന്ധിച്ചുള്ള വിജ്ഞാപനത്തിൽ വിശദീകരിച്ചിരിക്കും. അത് മനസ്സിലാക്കി സ്കോർ സബ്മിഷൻ പൂർത്തിയാക്കുക. സമയപരിധിക്കകം ഈ പ്രക്രിയ പൂർത്തിയാക്കാത്ത നീറ്റ് യോഗ്യത നേടിയവരെ കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ റാങ്കിങ്ങിനായി പരിഗണിക്കുന്നതല്ല എന്നകാര്യവും ശ്രദ്ധിക്കുക.

Content Highlights: NEET UG 2020 results analysis and admission prospect