നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന നീറ്റ് -യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) 2020 മേയ് മൂന്നിന് നടക്കും. സമയം: ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ച് വരെ. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും ഡെന്റല്‍ കോളേജുകളിലെയും എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്കാണ് നീറ്റ് വഴി പ്രവേശനം.

നീറ്റ് വഴി പ്രവേശനം

 • കേന്ദ്ര, കല്പിത സര്‍വകലാശാലകള്‍, സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സീറ്റുകള്‍, മാനേജ്മെന്റ്/ന്യൂനപക്ഷ, എന്‍.ആര്‍.ഐ.സീറ്റുകള്‍
 • സംസ്ഥാന ക്വാട്ട സീറ്റുകള്‍ നീറ്റിന്റെ അടിസ്ഥാനത്തില്‍ അതത് സംസ്ഥാനത്തിന്റെ സംവരണതത്ത്വങ്ങള്‍ പ്രകാരമാണ് നികത്തുക.
 • രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍
 • പുണെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. ആദ്യഘട്ട തിരഞ്ഞെടുപ്പ്
 • ആയുര്‍വേദ, യോഗ ആന്‍ഡ് നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) കോഴ്സുകളിലെ പ്രവേശനം
 • ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. (വെറ്ററിനറി) കോഴ്സിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍
 • വിദേശത്ത് മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്നവരും (ഭാരതീയര്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാര്‍) നീറ്റ് യോഗ്യത നേടണം
 • ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) എന്നിവയിലേക്കുള്ള എം.ബി.ബി.എസ്. പ്രവേശനവും ഇത്തവണ നീറ്റ് -യു.ജി. വഴിയാണ്.

പരീക്ഷാ രീതി  

ഒബ്ജക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള ഒരു പേപ്പര്‍ പരീക്ഷയ്ക്കുണ്ടാകും. ഒ.എം.ആര്‍. ഷീറ്റുപയോഗിച്ച് ഓഫ് ലൈന്‍ രീതിയിലായിരിക്കും പരീക്ഷ. ബയോളജിയില്‍ (ബോട്ടണിയും സുവോളജിയും)നിന്ന് 90-ഉം ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍നിന്ന് 45-ഉം വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ഒരു ശരിയുത്തരത്തിന് നാല് മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. പരീക്ഷാകേന്ദ്രത്തില്‍നിന്ന് നല്‍കുന്ന ബോള്‍ പോയന്റുപേന ഉപയോഗിച്ച് ഉത്തരം രേഖപ്പെടുത്തണം.

സിലബസ് ntaneet.nic.in ലുള്ള ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. ചോദ്യപ്പേപ്പര്‍, ഇംഗ്ലീഷ് ഉള്‍പ്പെടെ 11 ഭാഷകളില്‍ (മലയാളം ഇതില്‍ ഇല്ല) തയ്യാറാക്കിയിട്ടുണ്ട്. ഏതു ഭാഷയിലെ ചോദ്യപ്പേപ്പര്‍ വേണമെന്ന് അപേക്ഷിക്കുമ്പോള്‍ അറിയിക്കണം. പരീക്ഷയ്ക്കുശേഷം ഒ.എം.ആര്‍. ഷീറ്റിന്റെ ഇമേജും അതില്‍നിന്ന് മൂല്യനിര്‍ണയത്തിന് കംപ്യൂട്ടര്‍ സ്വരൂപിച്ച റെസ്പോണ്‍സുകളും വെബ്സൈറ്റില്‍ ലഭ്യമാക്കും. ഉത്തരസൂചികയും സൈറ്റില്‍ ലഭ്യമാക്കും. പരാതിയുണ്ടെങ്കില്‍ ഫീസടച്ച് (രണ്ടിലും ഓരോ പരാതിക്കും 1000 രൂപവെച്ച്) പരാതിപ്പെടാന്‍ സൗകര്യം കിട്ടും. തീയതികള്‍ പിന്നീട്.

പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍.

നീറ്റ് യോഗ്യത ഇങ്ങനെ

നീറ്റ് പരീക്ഷയില്‍ യോഗ്യതനേടാന്‍ ജനറല്‍ അപേക്ഷകര്‍ 50-ാം പെര്‍സന്റൈല്‍ സ്‌കോറും ഒ.ബി.സി./പട്ടിക വിഭാഗക്കാര്‍ 40-ാം പെര്‍സന്റൈല്‍ സ്‌കോറും യു.ആര്‍.(ഓപ്പണ്‍) പി.എച്ച്. വിദ്യാര്‍ഥികള്‍ 45-ാം പെര്‍സന്റൈല്‍ സ്‌കോറും നേടണം.

*പരീക്ഷ എഴുതുന്നവര്‍, പരമാവധി മാര്‍ക്ക് മനസ്സില്‍ കണ്ടുകൊണ്ട് പരീക്ഷയെ അഭിമുഖീകരിക്കുക. കാരണം മറ്റുള്ളവരുടെ മാര്‍ക്ക് രീതി, നമ്മുടെ റാങ്കിനെയും ബാധിക്കും. നീറ്റ് യു.ജി. യോഗ്യത നേടുന്നവര്‍ തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവേശന പ്രക്രിയയെക്കുറിച്ച് അറിയണം. നടപടിക്രമങ്ങളില്‍ പങ്കെടുക്കാനും ചോയ്‌സ് നല്‍കാനും ശ്രദ്ധിക്കണം (ഇതെല്ലാം ഫലപ്രഖ്യാപനത്തിനുശേഷം).

ഓര്‍മിക്കാന്‍

 • അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് 27 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
 • പരീക്ഷ മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ
 • ജൂണ്‍ നാലിനകം എന്‍.ടി.എ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ntaneet.nic.in സന്ദര്‍ശിക്കുക.

Content Highlights: NEET UG 2020: Candidates should know these things before writing exam