വീണിടത്ത് നിന്ന് പിന്നെയും സര്‍വശക്തിയുമെടുത്ത് ഓടണം. നിങ്ങളുടെ സ്വപ്നം ശക്തമാണെങ്കില്‍ വിജയം സുനിശ്ചിതമാണ്. നീറ്റ് പരീക്ഷയില്‍ ഇത്തവണ 23-ാം റാങ്ക് നേടിയ വൈഷ്ണ ജയവര്‍ദ്ധന്റെ അനുഭവം ഇതാണ് ഓര്‍മിപ്പിക്കുക

ആദ്യത്തെ തവണ നീറ്റ് പരീക്ഷയില്‍ 32425 റാങ്ക് നേടിയ വൈഷ്ണ തളര്‍ന്നില്ല പകരം ഉറച്ച വിശ്വാസത്തോടെ വീണ്ടും ശ്രമിക്കുകയായിരുന്നു. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് വൈഷ്ണ ഇത്തവണ നേടിയത്

പ്ലസ് വണ്‍ മുതല്‍ തന്നെ എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയിരുന്നു. വളരെ പ്രതീക്ഷയോടെ തന്നെയാണ് ആദ്യത്തെ പ്രാവശ്യം പരീക്ഷയെഴുതിയത്. എന്നാല്‍ ദേശീയ തലത്തില്‍ 32425 - ആയിരുന്നു റാങ്ക്. വലിയ നിരാശയായിരുന്നു ആ റിസള്‍ട്ട്. എന്നാല്‍ ഡോക്ടറാവുക എന്ന സ്വപ്‌നം അവളിൽ ശക്തമായി തന്നെയുണ്ടായിരുന്നു. അതാണ് പിന്നീടും എഴുതിയത്. 

തന്റെ പഠന രീതിയെക്കുറിച്ച് പറയുകയാണ് വൈഷ്ണ.....

"തെറ്റുകള്‍ എന്തെന്ന് മനസിലാക്കി

സത്യത്തില്‍ ആദ്യത്തെ തവണ എഴുതിയ പരീക്ഷ എനിക്കൊരു പാഠമായിരുന്നു. തെറ്റുകള്‍ പറ്റിയതെവിടെയെന്ന് കൃത്യമായി മനസിലാക്കുകയും അവയില്‍ ശ്രദ്ധ ചെലുത്തിയതുമാണ് ഈ പ്രാവശ്യത്തെ വിജയത്തിന് കാരണമായത്. പാഠപുസ്തകങ്ങള്‍ക്ക് പുറമേയുള്ള പുസ്തങ്ങളും വായിച്ച് ഒരുപാട് സമയം അന്ന് കളഞ്ഞിരുന്നു. സത്യത്തില്‍ എന്‍.സി. ആര്‍.ടി ടെക്സ്റ്റ് ബുക്ക് തന്നെ ധാരാളമായിരുന്നു. അതിനാല്‍ ഇത്തവണ ടെക്സ്റ്റ് ബുക്ക് കേന്ദ്രികരിച്ചായിരുന്നു പഠനം

പഠനം

കൃത്യമായി എല്ലാ ദിവസവും ഇത്ര സമയം പഠിക്കുക എന്ന രീതി എനിക്ക് നടക്കില്ലായിരുന്നു. ദിവസേന ക്ലാസില്‍ എടുത്ത പാഠങ്ങള്‍ കൃത്യമായി പഠിക്കുമായിരുന്നു. പഠിക്കാന്‍ ഇരിക്കുന്ന സമയം ശ്രദ്ധയോടു കൂടി ഇരുന്ന് പഠിക്കും. ഈ സമയങ്ങളില്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും പോവില്ല. സമ്മര്‍ദ്ദം അധികം എടുക്കാതെ സന്തോഷത്തോടെ പഠിക്കുക എന്നതായിരുന്നു രീതി.

കീറാമുട്ടിയായിരുന്ന കെമിസ്ട്രി

കെമിസ്ട്രിയായിരുന്നു പഠിക്കാന്‍ ബുദ്ധിമുട്ട്. കെമിക്കല്‍ ഫോര്‍മുലകള്‍ പഠിക്കാന്‍ തന്നെ ഒരുപാട് ബുദ്ധിമുട്ടി. എഴുതി തന്നെ പഠിച്ചാണ് ഈ പ്രശ്‌നം പരിഹരിച്ചത്. ഫിസിക്‌സില്‍ പ്രോബ്ലം ചെയ്ത് തന്നെ പഠിക്കണം. ഒരോ പാഠങ്ങളും ലഘു കുറിപ്പുകളാക്കി എഴുതി സൂക്ഷിക്കുമായിരുന്നു. എന്നും ഇവയെല്ലാം കൃത്യമായി വായിക്കും. അതിനാല്‍ എപ്പോഴും പാഠങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു.

മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ 

മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ പരീക്ഷയുടെ അവസാനകാലയളവില്‍ നോക്കിയിരുന്നു. ടെക്‌സ്റ്റ്ബുക്ക് നന്നായി മനസിലാക്കി ചോദ്യങ്ങള്‍ എങ്ങനെ വരുന്നുവെന്ന് മനസിലാക്കുകയായിരുന്നു എന്റെ രീതി. 

സഹായിച്ചത് മോക്ക്‌ടെസ്റ്റുകള്‍

ടൈം മാനേജ്‌മെന്റ് ഈ പരീക്ഷയില്‍ വലിയൊരു കീറാമുട്ടിയാണ്. മോക്ക് ടെസ്റ്റ് എഴുതിയാണ് ഇതിനെ മറികടക്കുക. കോച്ചിങ്ങ് ക്ലാസില്‍ തരുന്ന ടെസ്റ്റുകള്‍ക്ക് പുറമേ സ്വയം മോക്കടെസ്റ്റുകളും നടത്തിയിരുന്നു. ഇത്തരം ടെസ്റ്റുകള്‍ പരീക്ഷയെ സുഗമമായി നേരിടാന്‍ സഹായിക്കുന്നു

എയിംസ് എന്ന് സ്വപ്നം

എതോ കാലത്ത് മനസ്സില്‍ കയറിയ ആഗ്രഹമാണ് ഡോക്ടര്‍. ആദ്യ വട്ടം കിട്ടാതായപ്പോള്‍ ചെറിയ നിരാശ തോന്നിയെങ്കിലും വീണ്ടും എഴുതാന്‍ ശക്തി തന്നത് മാതാപിതാക്കളാണ്. എയിംസില്‍ സീറ്റ് കിട്ടണമെന്നാണ് ആഗ്രഹം"

തൃശ്ശൂര്‍ താന്നിയം പെരിങ്ങോട്ടുകര പറയനങ്ങാട്ടില്‍ വിദേശ ബിസിനസ്സുകാരനായ  ജയവര്‍ദ്ധനന്റെയും രസ്മിയുടെയും മകളാണ്. ഏക സഹോദരന്‍ വിഷ്ണു വര്‍ദ്ധന്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്

Content Highlights: NEET Results 2021 Vaishna jayavardhan