? NEET-I എഴുതി. അതിന്റെ ഉത്തരസൂചിക പ്രസിദ്ധപ്പെടുത്താത്തതു കൊണ്ട് സ്‌കോര്‍ എത്രയുണ്ടാകുമെന്ന് കണക്കാക്കാന്‍ കഴിയുന്നില്ല. NEET-II ന് അപേക്ഷിക്കണമോയെന്ന് തീരുമാനിക്കാന്‍ കഴിയുന്നില്ല. എന്തു ചെയ്യണം? 

= NEET-I ന്റെ ഔദ്യോഗിക ഉത്തരസൂചിക NEET-II കഴിഞ്ഞേ പ്രസിദ്ധപ്പെടുത്തുകയുള്ളൂവെന്ന് CBSE വ്യക്തിമാക്കിയിട്ടുണ്ട്. 

അതിനാല്‍ ഔദ്യോഗിക സൂചിക വന്നശേഷം സ്‌കോര്‍ മനസ്സിലാക്കി NEET-II ന് അപേക്ഷിക്കാന്‍ കഴിയില്ല. അനൗദ്യോഗിക ഉത്തര സൂചികകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. അവയുടെ വിശ്വാസ്യത പരിശോധിച്ച്, ലഭിച്ചേക്കാവുന്ന സ്‌കോര്‍ കണക്കാക്കി ഒരു തീരുമാനമെടുക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. 

? NEET എഴുതാന്‍ പ്രായപരിധിയുണ്ടോ?

= MBBS/BDS ന്റെ അഖിലേന്ത്യ ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് അര്‍ഹതയ്ക്ക് ഉയര്‍ന്ന പ്രായപരിധി 25 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ AIQ സീറ്റിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ പ്രായം 25 വയസ്സ് കവിയാന്‍ പാടില്ല. SC/ST/OBC ക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് പ്രായപരിധി സംബന്ധിച്ച വ്യവസ്ഥ, സംസ്ഥാനങ്ങളും സ്ഥാപനങ്ങളും നിശ്ചയിക്കുന്നതു പ്രകാരമായിരിക്കും. 

? NEET എത്ര തവണ എഴുതാം?

= NEET അഭിമുഖീകരിക്കുന്നതിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. 

? കേരളത്തില്‍ NEET വഴി MBBS/BDS പ്രവേശനം ഉണ്ടാകുമോ?

= കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ MBBS/BDS പ്രവേശനം കേരള എന്‍ട്രന്‍സ് റാങ്കനുസരിച്ചായിരിക്കും. സര്‍ക്കാറുമായി കരാറിലേര്‍പ്പെടുന്ന സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഗവ. സീറ്റുകളിലേക്കും പ്രവേശനം കേരള എന്‍ട്രന്‍സ് വഴിയായിരിക്കും. എന്നാല്‍ ഈ വിഭാഗം കോളേജുകളിലെ മാനേജ്മെന്റ് സീറ്റിലെയും കരാറിലേര്‍പ്പെടാത്ത കോളേജുകളിലെ മാനേജ്മെന്റ് സീറ്റിലെയും പ്രവേശനം അപേക്ഷകരുടെ NEET റാങ്ക് പരിഗണിച്ചായിരിക്കും. 

? സ്വാശ്രയ കോളേജുകളിലെയും കല്പിത സര്‍വകലാശാലകളിലെയും MBBS/BDS പ്രവേശനത്തിന് ഇനി അപേക്ഷിക്കാന്‍ കഴിയുമോ?

= മിക്ക കോളേജുകളും MBBS/BDS പ്രവേശനത്തിനുള്ള വിജ്ഞാപനം, NEET കോടതിവിധി വരുന്നതിന് മുമ്പുതന്നെ പുറപ്പെടുവിച്ചിരുന്നു. ചിലര്‍ പരീക്ഷ നടത്തിയിരുന്നു. ചിലര്‍ക്ക് പരീക്ഷ റദ്ദു ചെയ്യേണ്ടി വന്നു. ഇതിനകം അപേക്ഷ ക്ഷണിച്ചവര്‍ വീണ്ടും അപേക്ഷ ക്ഷണിക്കുമോ എന്നതില്‍ വ്യക്തത വരേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, അപേക്ഷിച്ചവര്‍ NEET പരീക്ഷ അഭിമുഖീകരിക്കേണ്ടി വരും. CMC ലുധിയാന ഇപ്രകാരമുള്ള ഒരു അറിയിപ്പ് അവരുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അവര്‍ വീണ്ടും അപേക്ഷ ക്ഷണിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ഇത് സംന്ധിച്ച ഏറ്റവും പുതിയ നില അറിയാന്‍ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് നിത്യേന സന്ദര്‍ശിക്കുക. 

? AFMC യിലേക്ക് ഇനിയും അപേക്ഷിക്കാന്‍ കഴിയുമോ?

= NEET-II, AFMC പ്രവേശനത്തിനുള്ള പരീക്ഷ കൂടിയാണ്. NEET-II എഴുതുന്നവര്‍ക്ക് AFMC പ്രവേശനത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകും. AFMC ഇതിനായി അപേക്ഷ ക്ഷണിക്കുമ്പോള്‍ പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. നേരത്തെ AFMC യിലേക്ക് അപേക്ഷിക്കാന്‍ മെയ് 20 വരെ സമയം നല്‍കിയിരുന്നു. NEET-II വഴിയും AFMC യിലേക്ക് അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ AFMC വീണ്ടും അപേക്ഷ വിളിക്കേണ്ടി വരും. അപ്പോള്‍ AFMC യിലേക്ക് അപേക്ഷിക്കുക. NEET എഴുതാത്ത ഒരാളെ AFMC പ്രവേശനത്തിന് പരിഗണിക്കുന്നതല്ല.