നീറ്റ് റാങ്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ട്മെന്റ് നടപടികള്‍ 27-ന് www.mcc.nic.in ല്‍ ആരംഭിക്കും. എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ കൗണ്‍സലിങ്ങിന്റെ പരിധിയില്‍ വരുന്നത്. രജിസ്റ്റര്‍ചെയ്ത് ഫീസടച്ച് ചോയ്‌സ് ഫില്ലിങ് നടത്തിയാണ് പ്രക്രിയയില്‍ പങ്കെടുക്കേണ്ടത്.
ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍
എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രോഗ്രാമുകള്‍ക്ക് ചോയ്‌സ് നല്‍കാവുന്ന കൗണ്‍സലിങ്ങിലെ വിഭാഗങ്ങള്‍/സ്ഥാപനങ്ങള്‍ (അര്‍ഹതയ്ക്കു വിധേയം):
15 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റുകള്‍. ജമ്മു ആന്‍ഡ് കശ്മീരില്‍ ഒഴികെയുള്ള സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്-മുഴുവന്‍ സീറ്റുകള്‍)
ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍-മുഴുവന്‍ സീറ്റും)
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോളേജുകള്‍
കേന്ദ്രസര്‍വകലാശാലകള്‍-ഡല്‍ഹി, അലിഗഢ് മുസ്ലിം, ബനാറസ് ഹിന്ദു സര്‍വകലാശാലകള്‍, വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സഫ്ദര്‍ജങ് ഹോസ്പിറ്റല്‍, അടല്‍ ബിഹാരി വാജ്‌പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റാംമനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, ജാമിയ മിലിയ ഇസ്ലാമിയ
കല്പിതസര്‍വകലാശാലകളിലെ 100 ശതമാനം സീറ്റുകള്‍
ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസിന്റെ (എ.എഫ്.എം.എസ്.) കീഴിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ് - എ.എഫ്.എം.സി. (ആദ്യഘട്ട ചോയ്‌സ് ഫില്ലിങ് മാത്രം)
ഇവയില്‍ ഓരോ സ്ഥാപനത്തിലും എം.സി.സി. കൗണ്‍സലിങ് വഴി നികത്തുന്ന സീറ്റുകള്‍ അവയിലേക്കുള്ള അര്‍ഹത തുടങ്ങിയ വിവരങ്ങള്‍ www.mcc.nic.in ലെ 'കൗണ്‍സലിങ് സ്‌കീം' എന്ന ലിങ്കില്‍ ലഭിക്കും. നീറ്റ്- 2020 യോഗ്യത നേടിയവര്‍ക്ക് ഓരോ സംവിധാനത്തിലേക്കുമുള്ള പ്രവേശന അര്‍ഹതയ്ക്കുവിധേയമായി നടപടിക്രമങ്ങളില്‍ പങ്കെടുക്കാം.
ആദ്യം രജിസ്‌ട്രേഷന്‍
പ്രക്രിയയില്‍ പങ്കെടുക്കാന്‍ ആദ്യം www.mcc.nic.in-ല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ ഫീസ്, സെക്യൂരിറ്റിത്തുക എന്നിവ ഓണ്‍ലൈനായി അടച്ച് ചോയ്‌സ് ഫില്ലിങ് നടത്താം. നീറ്റ് യു.ജി. അഭിമുഖീകരിക്കാന്‍ എന്‍.ടി.എ. അപേക്ഷയില്‍ നല്‍കിയ ചിലവിവരങ്ങള്‍ രജിസ്‌ട്രേഷന്‍വേളയില്‍ നല്‍കേണ്ടിവരും. അന്നുനല്‍കിയ വിവരങ്ങളിലെ സ്‌പെല്ലിങ്, അക്കങ്ങള്‍ തുടങ്ങിയവ അതേപടി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍, ഫീസ് അടയ്ക്കാനുള്ള പേജ് പ്രത്യക്ഷപ്പെടും.
രജിസ്‌ട്രേഷന്‍ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്
ചോയ്‌സ് നല്‍കുന്നതിനുമുമ്പ് പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍ക്കനുസരിച്ച രജിസ്‌ട്രേഷന്‍ ഫീസും സെക്യൂരിറ്റിത്തുകയും ഓണ്‍ലൈനായി അടയ്ക്കണം. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി തുക അടയ്ക്കാം. കല്പിതസര്‍വകലാശാലയില്‍മാത്രം ചോയ്‌സ് നല്‍കാന്‍ എല്ലാവിഭാഗം വിദ്യാര്‍ഥികളും രജിസ്‌ട്രേഷന്‍ ഫീസായി 5000 രൂപ അടയ്ക്കണം. സെക്യൂരിറ്റിത്തുകയായി രണ്ടുലക്ഷം രൂപയും അടയ്ക്കണം. സര്‍ക്കാര്‍വിഭാഗ കൗണ്‍സലിങ്ങില്‍മാത്രം (കല്പിത സര്‍വകലാശാല ഒഴികെയുള്ളതെല്ലാം) പങ്കെടുക്കാന്‍ ജനറല്‍ വിഭാഗക്കാര്‍ 1000 രൂപ രജിസ്‌ട്രേഷന്‍ ഫീസും സെക്യൂരിറ്റിത്തുകയായി 10,000 രൂപയും അടയ്ക്കണം.
പട്ടികജാതി/വര്‍ഗ, മറ്റുപിന്നാക്ക/ഭിന്നശേഷി വിഭാഗങ്ങള്‍ യഥാക്രമം 500 രൂപയും 5000 രൂപയും അടയ്ക്കണം. കല്പിത സര്‍വകലാശാലകളിലും സര്‍ക്കാര്‍വിഭാഗം സ്ഥാപനങ്ങളിലും (കൗണ്‍സലിങ് പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും) ചോയ്‌സ് നല്‍കാന്‍ കൂടിയ തുകയായ 5000 രൂപ, രണ്ടുലക്ഷം രൂപ, യഥാക്രമം രജിസ്‌ട്രേഷന്‍ ഫീസായും സെക്യൂരിറ്റി ഡെപ്പോസിറ്റായും നല്‍കണം. തുക അടച്ചാലേ ചോയ്‌സ് നല്‍കാന്‍ കഴിയൂ.
രജിസ്‌ട്രേഷന്‍ നടത്താന്‍ ചൊവ്വാഴ്ചമുതല്‍ നവംബര്‍ രണ്ടിന് വൈകീട്ട് അഞ്ചുവരെ സമയമുണ്ടാകും. രണ്ടിന് രാത്രി ഏഴുവരെ പണമടയ്ക്കാം.
ചോയ്‌സ് ഫില്ലിങ്
രജിസ്റ്റര്‍ചെയ്ത് പണമടച്ചശേഷം ചോയ്‌സ് ഫില്ലിങ് നടത്താന്‍ 28 മുതല്‍ നവംബര്‍ രണ്ട് രാത്രി 11.59 വരെയാണ് സമയം ലഭിക്കുക.
സംയുക്ത കൗണ്‍സലിങ്
പലവിഭാഗം കോളേജുകളും സീറ്റുകളും ഉണ്ടെങ്കിലും പൊതുവായ ഒരു കൗണ്‍സലിങ് പ്രക്രിയയാണ് ബാധകമാക്കിയിട്ടുള്ളത്. അര്‍ഹതപ്പെട്ട എല്ലാ വിഭാഗം കോളേജുകളും കോഴ്‌സുകളും മൊത്തത്തില്‍ പരിഗണിച്ചുകൊണ്ടാണ് ചോയ്‌സ് (ഒരു സ്ഥാപനവും ഒരു കോഴ്‌സും-എം.ബി.ബി.എസ്./ബി.ഡി.എസ്.-ചേരുന്നത്) നല്‍കേണ്ടത്. ഇവയുടെ ആപേക്ഷിക മുന്‍ഗണന 1, 2, 3, എന്ന ക്രമത്തില്‍ നല്‍കണം.
വിവിധ വിഭാഗങ്ങളിലായി താത്പര്യമുള്ള ചോയ്‌സുകള്‍ ഇടകലര്‍ത്തി നല്‍കാം. എത്ര ചോയ്സുകള്‍ നല്‍കണമെന്നും എങ്ങനെ നല്‍കണമെന്നുമൊക്കെ വിദ്യാര്‍ഥിക്ക് തീരുമാനിക്കാം. ഒരു പ്രത്യേകസമയംവരെ നല്‍കിയിട്ടുള്ള ചോയ്‌സുകള്‍ പരിഗണിച്ചുകൊണ്ടുള്ള സാധ്യതകള്‍ വിലയിരുത്താന്‍ ആദ്യ റൗണ്ട് ചോയ്‌സ് ഫില്ലിങ് വേളയില്‍ നടത്തുന്ന മോക് അലോട്ട്മെന്റ് വഴി ഒരാള്‍ക്ക് കഴിയും. മുന്‍വര്‍ഷത്തെ അലോട്‌മെന്റ് വിവരങ്ങളും പരിശോധിക്കാം.
ചോയ്‌സ് ലോക്കിങ്
ചോയ്‌സ് നല്‍കാനുള്ള സമയപരിധിക്കുമുമ്പ് ചോയ്‌സുകള്‍ ലോക്ക് ചെയ്യണം. അതിനുമുമ്പ് എത്രതവണ വേണമെങ്കിലും ചോയ്‌സുകള്‍ മാറ്റാം, പുനഃക്രമീകരിക്കാം. 'ചോയ്‌സ് ലോക്കിങ്', നവംബര്‍ രണ്ടിന് വൈകീട്ട് നാലു മുതല്‍ രാത്രി 11.59 വരെ നടത്താം. അപേക്ഷാര്‍ഥി ചോയ്‌സ് ലോക്കിങ് നടത്തിയില്ലെങ്കില്‍ സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക്കുചെയ്യും.
അലോട്ട്മെന്റ്
ആദ്യ അലോട്ട്മെന്റ് നവംബര്‍ അഞ്ചിന് പ്രസിദ്ധപ്പെടുത്തും. റിപ്പോര്‍ട്ടിങ്ങിന് നവംബര്‍ ആറുമുതല്‍ 12 വരെ സമയമുണ്ട്. 18-ന് രണ്ടാംറൗണ്ട് തുടങ്ങും. പുതിയ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് അവസരം 22-ന് വൈകീട്ട് മൂന്നുവരെ ഉണ്ടാകും. പണമടയ്ക്കാന്‍ 22-ന് വൈകീട്ട് അഞ്ചുവരെ സമയം കിട്ടും. ചോയ്‌സ് ഫില്ലിങ് 19 മുതല്‍ 22 രാത്രി 11.59 വരെ നടത്താം. ലോക്കിങ് 22 വൈകീട്ട് മൂന്നിനും രാത്രി 11.59-നും ഇടയ്ക്ക് നടത്താം. രണ്ടാംറൗണ്ട് ഫലം നവംബര്‍ 25-ന് പ്രഖ്യാപിക്കും. പ്രവേശനം നേടാന്‍ 26 മുതല്‍ ഡിസംബര്‍ 2 വരെ സൗകര്യമുണ്ടാകും.
അഖിലേന്ത്യാ ക്വാട്ട ഒഴിവുകള്‍
രണ്ടാംറൗണ്ടിനുശേഷമുള്ള 15 ശതമാനം അഖിലേന്ത്യാ ക്വാട്ട ഒഴിവുകള്‍ സംസ്ഥാന ക്വാട്ടയിലേക്ക് ഡിസംബര്‍ മൂന്നിന് ലയിപ്പിക്കും. തുടര്‍ന്ന് എയിംസ്, ജിപ്മര്‍, കേന്ദ്ര/കല്പിത സര്‍വകലാശാലകള്‍/എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോളേജുകളിലേക്ക് മോപ് അപ് റൗണ്ട് അലോട്ട്മെന്റ് ഉണ്ടാകും. ഇതിന്റെ നടപടികള്‍ ഡിസംബര്‍ 10-ന് തുടങ്ങും. അലോട്ട്മെന്റ് 17-ന്. പ്രവേശനം 18 മുതല്‍. 24-നകം പൂര്‍ത്തിയാക്കണം. അതിനുശേഷമുള്ള ഒഴിവുകള്‍ സ്ഥാപനങ്ങളിലേക്ക് സ്‌ട്രേ വേക്കന്‍സി റൗണ്ടിനായി കൈമാറും. ഡിസംബര്‍ 28-31 കാലയളവില്‍ ഈറൗണ്ട് പൂര്‍ത്തിയാക്കണം.
വിശദമായ സമയപ്പട്ടികയ്ക്ക്: www.mcc.nic.in
Content Highlights: NEET Counselling starts today, know how to fill choice and allotment details