എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി.) മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍, എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകള്‍ക്ക്, ഇന്‍ഷ്വേര്‍ഡ് പേഴ്‌സണ്‍ (ഐ.പി.) വിഭാഗക്കാരുടെ വാര്‍ഡുകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ പ്രവേശനവ്യവസ്ഥകള്‍ കോര്‍പ്പറേഷന്‍ പ്രസിദ്ധപ്പെടുത്തി.

അര്‍ഹത

ഈ ആനുകൂല്യത്തിന് അര്‍ഹത ലഭിക്കുന്നതിനുള്ള നിര്‍ണായക കട്ട് ഓഫ് ഡേറ്റ് 2019 സെപ്റ്റംബര്‍ 30 ആയിരിക്കും. ഈ കട്ട് ഓഫ് തീയതിയില്‍ ബന്ധപ്പെട്ട ആക്ട് പ്രകാരം 'ഇന്‍ഷ്വേര്‍ഡ് പേഴ്‌സണ്‍' ആയിട്ടുള്ളവരുടെ മക്കള്‍ക്കേ ഈ ക്വാട്ട വഴിയുള്ള സംവരണസീറ്റിലേക്ക് അര്‍ഹത ഉണ്ടാവുകയുള്ളു.

അര്‍ഹതയുള്ള ജീവനക്കാരന്റെ കുട്ടി 2020 നീറ്റ് യു.ജി. യോഗ്യത നേടണം. വാര്‍ഡ് ആണ്‍കുട്ടിയെങ്കില്‍ പ്രായം 2020 ഡിസംബര്‍ 31-ന് 21 വയസ്സ് കവിയരുത്. പ്രവേശനം തേടുന്ന കുട്ടി പെണ്‍കുട്ടിയായിരിക്കുകയും, അവിവാഹിതയും ഇന്‍ഷ്വേര്‍ഡ് പേഴ്‌സന്റെ ആശ്രിതയുമെങ്കില്‍ പ്രായപരിധി സംബന്ധിച്ച ഈ വ്യവസ്ഥ ബാധകമല്ല. അപേക്ഷാര്‍ഥിക്ക്, ഇ.എസ്.ഐ.സി.യുടെ ബന്ധപ്പെട്ട റീജണല്‍ ഡയറക്ടര്‍/എസ്.ആര്‍.ഒ. നല്‍കിയ സാധുവായ 'വാര്‍ഡ് ഓഫ് ഇന്‍ഷ്വേര്‍ഡ് പേഴ്‌സണ്‍' സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

വാര്‍ഡ് ഓഫ് ഐ.പി.സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

ആനുകൂല്യം ലഭിക്കുന്നതിനായി വാര്‍ഡ് ഓഫ് ഇന്‍ഷ്വേര്‍ഡ് പേഴ്‌സണ്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഇ.എസ്.ഐ.സി. റീജണല്‍ ഓഫീസില്‍ നിന്നോ, സബ് റീജണല്‍ ഓഫീസില്‍നിന്നോ വാങ്ങേണ്ടതുണ്ട്.

അതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ www.esic.nic.in ല്‍ നവംബര്‍ ആറുമുതല്‍ ഒന്‍പതിന് രാത്രി 11.59 വരെ ലഭ്യമാക്കുന്ന ലിങ്ക് വഴി വിദ്യാര്‍ഥിക്ക് നല്‍കാം.

സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി അപേക്ഷ ഓണ്‍ലൈനായി നല്‍കണം. അതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അതില്‍ ഐ.പി.യും അപേക്ഷാര്‍ഥിയും ഒപ്പിട്ട് ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള രേഖകള്‍സഹിതം, പ്രിന്റൗട്ട് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസില്‍ നവംബര്‍ 10-ന് ഓഫീസ് സമയത്തിനകം നല്‍കണം.

അതു സ്വീകരിക്കുമ്പോള്‍ അവിടെനിന്നും അക്‌നോളജ്‌മെന്റ് സ്ലിപ്പ് ലഭിക്കും. അപേക്ഷയുടെ നില സൈറ്റില്‍ ലോഗിന്‍ചെയ്ത് മനസ്സിലാക്കാം. അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പി.ഡി.എഫ്. സൈറ്റ് വഴി കാണാം. അതിന്റെ പ്രിന്റൗട്ട് എടുക്കാം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസില്‍നിന്ന് അപേക്ഷാര്‍ഥി വാങ്ങണം. അപേക്ഷ നിരസിക്കുന്നപക്ഷം അതിനുള്ള കാരണം വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കും.

മൊത്തം 411 സീറ്റുകള്‍

ഈ വിഭാഗത്തില്‍ മൊത്തം 411 സീറ്റുകളാണ് എം.സി.സി. കൗണ്‍സലിങ് വഴി നീറ്റ് റാങ്ക്, കേന്ദ്ര സര്‍ക്കാര്‍ സംവരണം എന്നിവ പാലിച്ച് ഒറ്റ പൂള്‍ ആയി പരിഗണിച്ചുനികത്തുന്നത്. ഇതില്‍ 383 സീറ്റുകള്‍ എം.ബി.ബി.എസിനും 28 എണ്ണം ബി.ഡി.എസിനും ആണ്.

ഇ.എസ്.ഐ.സി. സംവരണ സീറ്റുകള്‍ ഉള്ള ഇ.എസ്.ഐ.സി. മെഡിക്കല്‍/െഡന്റല്‍ കോളേജുകളും സീറ്റുകളുടെ എണ്ണവും: എം.ബി.ബി.എസ്.: ഗവ. മെഡിക്കല്‍കോളേജ്, കൊല്ലം - 39, ഫരീദാബാദ് (ഹരിയാണ) - 43, കൊല്‍ക്കത്ത - 65, ചെന്നൈ - 25, െബംഗളൂരു- 56, ഗുല്‍ബര്‍ഗ (കര്‍ണാടക) - 56, ഹൈദരാബാദ് - 43, ഗവ. മെഡിക്കല്‍ കോളേജ്, കോയമ്പത്തൂര്‍ - 20, ശ്രീലാല്‍ ബഹാദൂര്‍ ശാസ്ത്രി മെഡിക്കല്‍ കോളേജ്, മാന്‍ഡി (ഹിമാചല്‍പ്രദേശ്) - 36. ബി.ഡി.എസ്.: ഗുല്‍ബര്‍ഗ - 28. പ്രവേശനം ലഭിക്കുന്നവര്‍ പ്രതിവര്‍ഷ ട്യൂഷന്‍ഫീസായി നല്‍കേണ്ടത് 24,000 രൂപയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും വിജ്ഞാപനങ്ങള്‍ക്കും www.esic.nic.in/admissions കാണണം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: www.mcc.nic.in

Content Highlights: NEET Counselling, medical dental ug IP Quota ESI