ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ സെക്കന്തരാബാദ് സഫില്‍ഗുഡ ആര്‍.കെ. നഗറില്‍ താമസിക്കുന്ന മലയാളിയായ മൃണാള്‍ കുറ്റേരി ഒന്നാംറാങ്ക് നേടി.

720ല്‍ 720 മാര്‍ക്കും നേടിയാണ് വിജയം. എല്ലാവരും കരുതുന്നതുപോലെ താന്‍ എപ്പോഴും പഠിത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിദ്യാര്‍ഥിയല്ലെന്ന് മൃണാള്‍ പറഞ്ഞു. 45 മിനിറ്റ് പഠിച്ചു കഴിഞ്ഞാല്‍ ഇടവേള വേണം. മൊബൈലും ടി.വി.യും ലാപ്‌ടോപ്പും ൈകയെത്തും ദൂരത്തുണ്ടായിരുന്നതിനാല്‍ വീണ്ടും പഠിത്തത്തിലേക്ക് തിരിച്ചുവരും.

ഒന്നാംറാങ്ക് കിട്ടിയതിനാല്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എം.ബി.ബി.എസിന് ചേരാനാണ് ആഗ്രഹിക്കുന്നത്. ഓരോ വിദ്യാര്‍ഥിയും അവരവരുടെ താത്പര്യങ്ങള്‍ അനുസരിച്ചുള്ള പഠനരീതി അവലംബിച്ചു മുന്നോട്ടുപോകണം മൃണാള്‍ അഭിപ്രായപ്പെട്ടു.

മൃണാളിന്റെ പിതാവ് മുരളീധര്‍ കുറ്റേരി കണ്ണൂര്‍ കൂത്തുപറമ്പ് മാങ്ങാട്ടിടം പാലാവില വീട്ടിലേതാണ്. മൃണാളിന്റെ അമ്മ രതി കൊല്ലം മയ്യനാട് സ്വദേശിനിയാണ്. ഒമ്പതാംക്‌സാസ് വിദ്യാര്‍ഥി നമന്‍ ആണ് സഹോദരന്‍.

ഒന്നാംറാങ്ക് ഒട്ടും പ്രതീക്ഷിച്ചില്ല. തനിക്ക് ഒരു ആര്‍മി ഡോക്ടര്‍ ആകണമെന്നായിരുന്നു ആദ്യം ആഗ്രഹം. പിന്നെ അത് ഡോക്ടറായാല്‍ മതിയെന്നായി മൃണാള്‍ പറഞ്ഞു.

Content Highlights: NEET 2021 Results Mrinal kutteri