നീറ്റ് പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം വന്നപ്പോള്‍ ആലപ്പുഴയിലെ തണലില്‍ സന്തോഷത്തിന്റെ മേളമായിരുന്നു. സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയ ഗൗരിശങ്കര്‍ ഇവിടെയാണുള്ളത്. ആറാം ക്ലാസില്‍ മനസ്സില്‍ തളിരിട്ട സ്വപ്‌നത്തിന്റെ ആദ്യ കടമ്പ കടന്ന സന്തോഷത്തിലാണ് ഈ മിടുക്കന്‍. 720 ല്‍ 715 മാര്‍ക്കും ഗൗരിശങ്കര്‍ നേടി. ദേശിയ തലത്തില്‍ 17ാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവുമാണ്‌ ഈ മിടുക്കന്‍ നേടിയത്.

"ആന്‍സര്‍ കീ വന്നപ്പോള്‍ 715 മാര്‍ക്കുണ്ടെന്ന് അറിഞ്ഞിരുന്നു. മികച്ച റാങ്ക് അന്ന് പ്രതീക്ഷിച്ചിരുന്നു. എങ്കിലും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കിട്ടിയത് ഇരട്ടി സന്തോഷമാക്കി", ഗൗരി ശങ്കർ തന്റെ പഠന യാത്രയെ കുറിച്ച് പറയുന്നു..

ആറാം ക്ലാസില്‍ മൊട്ടിട്ട മോഹം

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുത്തശ്ശന് ഹൃദയസംബന്ധമായ ശസ്ത്രക്രിയ നടത്തിയിരുന്നു. വെക്കേഷന്‍ കാലമായതിനാല്‍ അന്ന് ഞാന്‍ മുത്തശ്ശന്റെ കൂടെ തന്നെയുണ്ടായിരുന്നു. മരുന്ന് എടുത്ത് കൊടുക്കാനും കൂടെ നില്‍ക്കാനും ഞാനും ഒപ്പം നിന്നു. ഡോക്ടര്‍ ജോലിയോട് അതിയായ സ്‌നേഹവും ബഹുമാനവും അന്ന് തോന്നിയിരുന്നു. ഡോക്ടറാവുക എന്നത് അന്ന് മനസ്സില്‍ കേറിയ സ്വപ്‌നമായിരുന്നു.

പഠനം

പ്ലസ്ടു മുതല്‍ തന്നെ കോച്ചിങ്ങ് ക്ലാസിന് പോയിരുന്നു. അന്ന് മുതലുള്ള ചിട്ടയായ പഠനം ആഗ്രഹിച്ച ഫലം തന്നു. ക്ലാസില്‍ വളരെയധികം ശ്രദ്ധിച്ചിരിക്കുമായിരുന്നു. അന്നന്ന് എടുത്ത വിഷയങ്ങള്‍ അതേ ദിവസം തന്നെ പഠിച്ച് തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ആഴ്ച്ചയില്‍ ഒരു റിവിഷന്‍ നിര്‍ബന്ധമായി ചെയ്യുമായിരുന്നു. ഒഴിവ് സമയങ്ങളില്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമായിരുന്നു.

മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ കൃത്യമായി വര്‍ക്കൗട്ട് ചെയ്തിരുന്നു. സംശയങ്ങള്‍ വളരെ വേഗം തന്നെ തീര്‍ക്കാനും ശ്രമിച്ചു 

ഇഷ്ടവിഷയം ബയോളജി

ബയോളജിയാണ് ഇഷ്ടവിഷയം. ബുദ്ധിമുട്ട് തോന്നിയത് ഫിസിക്ക്‌സായിരുന്നു. ഫിസിക്‌സിന് വേണ്ടി അധികം സമയം എടുത്തിരുന്നു. പ്രോബ്ലങ്ങള്‍ ധാരാളം ചെയ്ത് പഠിക്കുക എന്നതായിരുന്നു ഞാന്‍ കണ്ട വഴി. അവസാനം ഫിസിക്‌സിനെ വരുതിയിലാക്കാന്‍ സാധിച്ചു. ആദ്യകാലങ്ങളില്‍ പാഠപുസ്‌കങ്ങള്‍ക്ക് പുറമേ നിന്നും പഠിച്ചിരുന്നു. എന്നാല്‍ പരീക്ഷയുടെ അവസാന നാളുകള്‍ പൂര്‍ണ്ണമായി പാഠപുസ്തകങ്ങളെ ആശ്രയിച്ചു.

പത്ത് മണിക്കൂര്‍ പഠനം

കോവിഡായതിനാല്‍ പ്ലസ് ടു മുതല്‍ ഓണ്‍ലൈന്‍ ക്ലാസായിരുന്നു. ഈ സമയത്ത് 10 മണിക്കൂര്‍ പഠിക്കാനായി കൃത്യമായി മാറ്റിവെച്ചു. ടൈംടേബിള്‍ മുന്‍ നിര്‍ത്തിയായിരുന്നു പഠനം. സത്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് സമ്പ്രദായം സ്വന്തമായി പഠിക്കാനായി എനിക്ക് ധാരാളം സമയം തന്നു. എനിക്ക് അത് ഗുണമായി മാത്രമാണ് തോന്നിയത്. 

പരീക്ഷയോട് അടുത്തപ്പോള്‍ സമ്മര്‍ദ്ദം തോന്നിയിരുന്നു. ഇടയ്ക്കിടെ പരീക്ഷ മാറ്റിയപ്പോള്‍ അത് കൂടി. പിന്നീട് ആ സമയം ബുദ്ധിമുട്ടുള്ള പാഠങ്ങള്‍ ഒരുവട്ടം കൂടി പഠിക്കാനുള്ള സമയമായി കണ്ടു. സമ്മര്‍ദ്ദം തരാതെ മാതാപിതാക്കൾ കൂടെ നിന്നു. അച്ഛന്‍ സുനില്‍ കുമാര്‍ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ കൃഷി ചെയ്യുകയാണ്. അമ്മ രേഖ വീട്ടമ്മയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പവി ശങ്കറാണ് സഹോദരന്‍

Content Highlights: NEET 2021 Kerala First Rank holder Gowri shanker