ചിട്ടയായി പഠിക്കുക, ലക്ഷ്യബോധം കൈവിടാതിരിക്കുക ഇതാണ് കാര്‍ത്തികയുടെ പോളിസി. ഈ പോളിസി തന്നെയാണ് കാര്‍ത്തിക ജി. നായര്‍ക്ക് നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് നേടി കൊടുത്തത്. 720 ല്‍ 720 മാര്‍ക്കും നേടി കാര്‍ത്തിക തന്‌റെ സ്വപ്നത്തിലേക്കുള്ള ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി. ന്യൂ പനവേലിലെ പ്രജാപതി ഗാര്‍ഡന്‍സില്‍ താമസിക്കുന്ന കാര്‍ത്തിക കണ്ണൂര്‍ സ്വദേശിനിയാണ്.

റാങ്ക് അനുഭവത്തെ കുറിച്ച് കാര്‍ത്തിക മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു

"ചെറുപ്പം മുതലേ ഡോക്ടറാവാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. സമൂഹത്തില്‍ വളരെ ശ്രേഷ്ഠമായ ജോലിയാണ് ഡോക്ടര്‍ എന്ന് വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ മറ്റൊരു തൊഴില്‍ മേഖലയെ കുറിച്ച് പണ്ട് മുതല്‍ക്ക് തന്നെ ചിന്തിച്ചിരുന്നില്ല. ആന്‍സര്‍ കീ വന്നപ്പോള്‍ തന്നെ മാര്‍ക്കിനെ കുറിച്ച് ധാരണയുണ്ടായിരുന്നു. ഫസ്റ്റ് റാങ്ക് ശരിക്കും സന്തോഷം നല്‍കുന്നതാണ്. ഡല്‍ഹി എയിംസില്‍ അഡ്മിഷന്‍ ലഭിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.

പ്ലസ് വണ്‍ മുതലാണ് കാര്‍ത്തിക എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയത്. ചിട്ടയായ പഠന രീതിയാണ് റാങ്ക് നേടാന്‍ സഹായിച്ചതെന്ന് കാര്‍ത്തിക പറയുന്നു. ദിവസേന മുടങ്ങാതെ പഠിക്കുകയും കൃത്യമായി റിവിഷന്‍ നടത്തുകയുമാണ് ചെയത്. സംശയങ്ങള്‍ വളരെ പെട്ടെന്ന് തീര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

പഠന രീതി

ദിവസേന ഇത്ര സമയം പഠിക്കുക എന്ന രീതിയുണ്ടായിരുന്നില്ല. ഇത്ര ഭാഗങ്ങള്‍ പഠിച്ചു തീര്‍ക്കണമെന്ന ലക്ഷ്യത്തോടെ പഠിക്കും. അത് കവര്‍ ചെയ്യാതെ എണീക്കില്ല. എന്തെങ്കിലും കാരണവശാല്‍ പഠിക്കാന്‍ ഒരു ദിവസം കഴിഞ്ഞില്ലെങ്കില്‍ പിറ്റേന്ന് തന്നെ ആ ഭാഗങ്ങള്‍ കവര്‍ ചെയ്യും. ആദ്യം മുതല്‍ തന്നെ ഈ രീതി പിന്തുടര്‍ന്നു. മാസത്തിലൊരിക്കലായിരുന്നു ആദ്യ കാലത്ത് റിവിഷന്‍ എന്നാല്‍ പിന്നീട് അത് ആഴ്ച്ചയില്‍ ഒരു പ്രാവശ്യം എന്ന രീതിയിലേക്ക് മാറി

ചിത്രങ്ങള്‍ വരച്ച് പഠിക്കുന്ന രീതി 

പഠിക്കുന്ന ഭാഗങ്ങള്‍ ചെറുകുറിപ്പുകളാക്കി മാറ്റുന്നതാണ് മറ്റൊരു രീതി. ഇത് റിവിഷന്‍ സമയത്ത് വളരെ ഉപകാരപ്പെട്ടിരുന്നു. ഫിസിക്ക്‌സായിരുന്നു ബുദ്ധിമുട്ടുള്ള വിഷയം എന്നാല്‍ ചോദ്യങ്ങള്‍ ചെയ്ത് പഠിക്കുകയായിരുന്നു അതിന് പരിഹാരം. പ്രിയപ്പെട്ട വിഷയം ബയോളജിയായിരുന്നു. ചിത്രങ്ങള്‍ വരച്ച് പഠിക്കുന്ന രീതി ബയോളജിയില്‍ പ്രയോഗികമായി തോന്നി.

മോക്ക്‌ടെസ്റ്റ്

ടൈം മാനേജ്‌മെന്റ് ഈ പരീക്ഷയില്‍ വലിയൊരു കാര്യമാണ്. പരമാവധി മോക്ക്‌ടെസ്റ്റുകള്‍ ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. എത്രയൊക്കെ പറ്റുമോ അത്രയും മോക്ക്‌ടെസ്റ്റ് ചെയ്തിരുന്നു. ശരിക്കും പരീക്ഷയെ കുറിച്ച് നന്നായി മനസിലാക്കാന്‍ ഇത് സഹായിക്കും. ദിവസേന ഒരു മോക്ക് ടെസ്റ്റ് ചെയ്തിരുന്നു

മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍

ടെക്സ്റ്റ് പുസ്തകങ്ങളും കോച്ചിങ്ങ് ക്ലാസില്‍ നിന്ന് ലഭിച്ച മെറ്റീരിയല്‍സുമാണ് പഠിക്കാനായി ഉപയോഗിച്ചിരുന്നത്. അവസാനത്തെ അഞ്ച് വര്‍ഷത്തെ മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ മുഴുവനും ചെയ്തിരുന്നു. പരീക്ഷയുടെ ട്രെന്‍ഡ് മനസിലാക്കാന്‍ ഇത് സഹായിച്ചിരുന്നു. അവസാന ഘട്ടത്തില്‍ റിവിഷന്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. തയ്യാറാക്കിയ ലഘുകുറിപ്പുകള്‍ ഈ സമയത്ത് ഉപകരിച്ചിരുന്നു.

ടെക്‌നോവ എന്ന സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് ഗംഗാധരന്‍. അമ്മ ശ്രീവിദ്യ പനവേലിലെ പിള്ള കോളേജില്‍ അധ്യാപികയാണ്. സഹോദരി: ജീവിക.