students
പ്രതീകാത്മകചിത്രം

വോദയ സ്‌കൂളുകളില്‍ പഠിക്കുന്നവരെക്കണ്ടാല്‍ മുമ്പൊക്കെ ആളുകള്‍ പറഞ്ഞിരുന്നു, ബാല്യവും കൗമാരവുമൊക്കെ തടവറയില്‍ നഷ്ടപ്പെടുത്തിയവരെന്ന്. പുറത്തുനിന്ന് നവോദയ വിദ്യാലയങ്ങളെ നോക്കുന്നവര്‍ക്ക് എന്നും അങ്ങനെയേ പറയാനാകൂ. എന്നാല്‍ നവോദയയില്‍ പഠിച്ചിറങ്ങിയ ഒരാളുപോലും ഇത്തരം വാദങ്ങള്‍ ഒരിക്കലും സമ്മതിച്ചുതരില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമില്ലാതെ ഒരേ മനസ്സോടെ പഠിക്കുന്നതിന്റെ ഗുണം അവര്‍ പറഞ്ഞുതരും.

അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും സ്‌നേഹവും വാത്സല്യവും നഷ്ടപ്പെടുത്തുന്ന റെസിഡന്‍ഷ്യല്‍ രീതിയിലുള്ള വിദ്യാഭ്യാസരീതിക്ക് എതിരേയായിരുന്നു വിമര്‍ശങ്ങളെല്ലാം. എന്നാല്‍ ഓരോവര്‍ഷവും നവോദയ സ്‌കൂള്‍ പ്രവേശനത്തിന് വര്‍ധിച്ചുവരുന്ന അപേക്ഷരുടെ എണ്ണം ഇത്തരം വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നു. കഴിഞ്ഞവര്‍ഷം ശരാശരി 1500 അപേക്ഷകളാണ് ഓരോ ജില്ലയിലും ആറാം ക്ലാസ് പ്രവേശനത്തിന് കിട്ടിയത്. 

സൗജന്യപഠനം
ഗ്രാമങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കാന്‍ തുടങ്ങിയവയാണ് ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. തിരുവനന്തപുരംചെറ്റച്ചല്‍, കൊല്ലംകൊട്ടാരക്കര, ആലപ്പുഴചെന്നിത്തല, പത്തനംതിട്ടവെച്ചൂച്ചിറ, കോട്ടയംവടവാതൂര്‍, ഇടുക്കിപൈനാവ്, എറണാകുളംനേര്യമംഗലം, തൃശ്ശൂര്‍മായന്നൂര്‍, പാലക്കാട്മലമ്പുഴ, മലപ്പുറംഊരകം കീഴ്മുറി, കോഴിക്കോട്‌വടകര, കണ്ണൂര്‍ചെണ്ടയാട്, വയനാട്‌ലക്കിടി, കാസര്‍കോട്‌പെരിയ എന്നിവിടങ്ങളിലാണ് വിദ്യാലയങ്ങള്‍. സ്‌കൂള്‍ കാമ്പസില്‍ താമസിച്ചുപഠിക്കണം. ആറുമുതല്‍ 12 വരെ ക്ലാസുകളിലെ പഠനം സി.ബി.എസ്.ഇ. സിലബസ് അനുസരിച്ചാണ്.
 
പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവ സൗജന്യം. എട്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും സൗജന്യപഠനം. എന്നാല്‍ പട്ടികവിഭാഗക്കാര്‍, പെണ്‍കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ എന്നിവര്‍ക്ക് ഫീസില്ലാതെ 12ാംക്ലാസ് വരെ പഠിക്കാം. മറ്റുള്ളവര്‍ ഒന്‍പതുമുതല്‍ 12 വരെ ക്ലാസുകളിലെ പഠനത്തിന് 600 രൂപ പ്രതിമാസം ഫീസ് നല്കണം. വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാസം 1500 രൂപയാണ് ഫീസ് നല്‍കേണ്ടത്. മാസത്തില്‍ ഒരുദിവസം രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്‌കൂളില്‍ച്ചെന്ന് കാണാം. 

യോഗ്യത 
സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ജില്ലയിലുള്ളവര്‍ക്കേ അവിടുത്ത സ്‌കൂളിലേക്ക് അപേക്ഷിക്കാനാകൂ. ജനനത്തീയതി 2005 മേയ് ഒന്നിനും 2009 ഏപ്രില്‍ 30നും ഇടയ്ക്കാകണം. 201718 വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ അഞ്ചാംക്ലാസില്‍ പഠിച്ചിരിക്കണം. ഒരു സ്‌കൂളിലെ 75 ശതമാനം സീറ്റും ആ ജില്ലയിലെ ഗ്രാമീണമേഖലയിലുള്ള കുട്ടികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. ഇവര്‍ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ പഠനം ഗ്രാമപ്രദേശത്തുനടത്തിയവരാകണം. ഒരുദിവസമെങ്കിലും നഗരപ്രദേശങ്ങളില്‍ പഠിച്ചവരെ ഗ്രാമീണരായി പരിഗണിക്കില്ല. മൂന്നിലൊന്ന് സീറ്റ് പെണ്‍കുട്ടികള്‍ക്കാണ്. 

പഠനമാധ്യമം
എട്ടുവരെ പഠനം മലയാളത്തിലും ഇംഗ്ലീഷിലുമായിരിക്കും. തുടര്‍ന്ന് കണക്കും സയന്‍സും ഇംഗ്ലീഷിലും സോഷ്യല്‍ സയന്‍സ് ഹിന്ദിയിലോ ഇംഗ്ലീഷിലോ പഠിക്കാം. ഒന്‍പതാം ക്ലാസിലേക്ക് കടക്കുന്ന കുട്ടികള്‍ വടക്കേയിന്ത്യയിലെ ഏതെങ്കിലും സ്‌കൂളിലേക്കുമാറി ഒരുകൊല്ലം പഠിക്കേണ്ടിവരും. ഒരുബാച്ചിലെ മൂന്നിലൊന്ന് കുട്ടികളെയാണ് ഇതിനായി പരിഗണിക്കുന്നത്. 

പ്രവേശനപരീക്ഷ
കേരളത്തിലെ പ്രവേശനപ്പരീക്ഷ ഫെബ്രുവരി പത്തിന് രാവിലെ 11.30നാണ്. രണ്ടുമണിക്കൂര്‍ നേരത്തെ പരീക്ഷയ്ക്ക് നൂറുമാര്‍ക്കിന്റെ നൂറ് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ഇതില്‍ 50 ചോദ്യങ്ങള്‍ മെന്റല്‍ എബിലിറ്റി അളക്കുന്നതാണ്. 25 വീതം ചോദ്യങ്ങള്‍ അരിത്മെറ്റിക്, ലാംഗ്വേജ് വിഭാഗങ്ങളില്‍ നിന്നാകും. ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കില്ല. മലയാളത്തിലും ചോദ്യപ്പേപ്പര്‍ ലഭിക്കും. ഏതുഭാഷയിലുള്ള ചോദ്യപേപ്പര്‍ വേണമെന്ന് അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം.

ഇത്തവണ ഓണ്‍ലൈനിലും
ഓണ്‍ലൈനിലും ഓഫ്‌ലൈനിലും അപേക്ഷിക്കാം. വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.navodayahyd.gov.in, www.nvshq.org എന്നീ വെബ്‌സൈറ്റുകള്‍ നോക്കുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ പൊതുസേവന കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കാം. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങളാണ് പൊതുസേവന കേന്ദ്രങ്ങള്‍. വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകന്‍ നല്കുന്ന സാക്ഷ്യപത്രവും അപ് ലോഡ് ചെയ്യണം. നവോദയ വിദ്യാലയങ്ങളില്‍ നേരിട്ടും അപേക്ഷ നല്കാം. അപേക്ഷ നല്കാനുള്ള അവസാനതീയതി നവംബര്‍ 25.