കേരളത്തില്‍ 2017 ലെ മെഡിക്കല്‍ പ്രവേശനം പൂര്‍ണ്ണമായും നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) അടിസ്ഥാനമാക്കിയാണെന്ന സര്‍ക്കാര്‍ തീരുമാനം 2016 ഡിസംബര്‍ 23 നാണ് വന്നത്. എം.ബി.ബി.എസ്/ബി.ഡി.എസ്, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്റിനറി, ഫിഷറീസ് എന്നീ കോഴ്‌സുകളിലെ പ്രവേശനം നീറ്റിനെ അടിസ്ഥാനമാക്കിയാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു

ഫീസ് എത്ര ?

എന്നാല്‍, പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഫീസ് നിര്‍ണയം, കൗണ്‍സിലിംഗ് സമയത്തു പോലും പൂര്‍ത്തിയാക്കിയില്ല. ഇത് വിദ്യാര്‍ത്ഥികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഫീസ് എത്രയെന്നറിയാതെ കോളേജുകളിലേക്കും കോഴ്‌സുകളിലേക്കുമൊക്കെ ഓപ്ഷന്‍ നല്‍കേണ്ട അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. 

നീറ്റ് വന്നതുവഴിയുണ്ടായ അനുകൂല സാഹചര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാതെ പോയതിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമായിരുന്നു. സംഭവിച്ചതോ? ഉയര്‍ന്ന ഫീസ് നിരക്ക്, അവസാന നിമിഷം താങ്ങാനാവാതെ, എം.ബി.ബി.എസ്. സ്വപ്‌നം ഉപേക്ഷിച്ച ഏതാനും കുട്ടികളെയെങ്കിലും നമുക്ക് കാണേണ്ടിവന്നു. 

എന്‍.ആര്‍.ഐ. ഉള്‍പ്പെടെ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കുള്ള അലോട്ടുമെന്റുമായി ബന്ധപ്പെട്ട ഓപ്ഷന്‍ സ്വീകരിക്കലും, അലോട്ടുമെന്റുമെല്ലാം പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തിലാക്കിയതോടെ, കോളേജുതോറും മാനേജ്‌മെന്റ് സീറ്റിനായി ഓടിനടക്കേണ്ട അവസ്ഥയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് മോചനം ലഭിച്ചു. 

സര്‍ക്കാര്‍ കോളേജുകളിലേക്കു മാത്രമായുള്ള അലോട്ടുമെന്റ്, പിന്നീട് വന്ന സ്വാശ്രയ അലോട്ട്‌മെന്റ്, അവസാനം നടത്തിയ മാരത്തോണ്‍ സ്‌പോട്ട് അലോട്ട്‌മെന്റ്, കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അലോട്ടുമെന്റ് ഇങ്ങനെ എല്ലാം മാറി വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കുറച്ചൊന്നുമായിരുന്നില്ല. എന്നിരുന്നാലും മികവിന് അംഗീകാരം കിട്ടിയതില്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഏവരും സന്തോഷിച്ചു. 

അലോട്ട്‌മെന്റുകള്‍ ഇപ്രകാരം

ഓണ്‍ലൈന്‍ അലോട്ടുമെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ എംബിബിഎസിന്, ഒന്‍പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി, 846 വരെ സംസ്ഥാന റാങ്കുള്ളവര്‍ക്ക് സ്റ്റേറ്റ് മെറിറ്റില്‍ MBBS പ്രവേശനം കിട്ടി. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ വിഭാഗത്തില്‍ 1,511 വരെയും, സ്വകാര്യ സ്വാശ്രയ വിഭാഗത്തില്‍, 3,362 വരെയും റാങ്കുള്ളവര്‍ക്ക് സ്റ്റേറ്റ് മെറിറ്റില്‍ സീറ്റുകിട്ടി. ഈ ഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ നിയന്ത്രിത കോളേജിലേക്കും 17 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജിലേക്കുമാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ടുമെന്റ് നടത്തിയത്. 

ഈ ഘട്ടത്തിലെ ബിഡിഎസ്, സ്റ്റേറ്റ്‌മെറിറ്റ് അവസാന റാങ്കുകള്‍ ഇപ്രകാരമായിരുന്നു. സര്‍ക്കാര്‍ ഡന്റല്‍ കോളേജ് - 3101, സര്‍ക്കാര്‍ നിയന്ത്രിതം - 3677, സ്വകാര്യ സ്വാശ്രയം - 9863. ഏറ്റവും ഒടുവില്‍ നടത്തിയ സ്‌പോട്ട് അലോട്ടുമെന്റില്‍ പൊതുവിഭാഗത്തില്‍ - 11,551 വരെ റാങ്കുള്ളവര്‍ക്ക് സീറ്റ് കിട്ടിയതായി പ്രവേശന പരീക്ഷാകമ്മീഷണറേറ്റ് അറിയിച്ചു. കാറ്റഗറി തിരിച്ചുള്ള അവസാന റാങ്കുകള്‍ ലഭ്യമാക്കിയിട്ടില്ലെങ്കിലും, SC വിഭാഗത്തില്‍ - 12,617 വരെയും ST വിഭാഗത്തില്‍ - 25,594 വരെയും NRI വിഭാഗത്തില്‍ - 45,709 വരെയും റാങ്കുള്ളവര്‍ക്ക് സ്‌പോട്ട് വഴി പ്രവേശനം ലഭിച്ചു.

എംബിബിഎസ്/ബിഡിഎസ് പ്രവേശനം പൂര്‍ത്തിയായശേഷമാണ് മറ്റ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായത്. വിവിധ കോഴ്‌സുകളിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകള്‍ ഇപ്രകാരമായിരുന്നു. അഗ്രികള്‍ച്ചര്‍ - 4,054, ഫിഷറീസ് - 6,867, ഹോമിയോപ്പതി  - 7,054, ഫോറസ്ട്രി - 5,982, സിദ്ധ - 11,410, യുനാനി - 12, 024, ആയുര്‍വേദം - 5, 004 (ഗവ/എയ്ഡഡ്) 10, 884 (സ്വകാര്യ സ്വാശ്രയം).

എം.ബി.ബി.എസ്/ബി.ഡി.എസ്. കോഴ്‌സ് പ്രവേശനത്തിന് നീറ്റ് യോഗ്യത നേടണമെന്നായിരുന്നു വ്യവസ്ഥ. 720 ല്‍ 131 മാര്‍ക്ക് നേടിയ ജനറല്‍ വിഭാഗക്കാരും 107 മാര്‍ക്ക് വാങ്ങിയ SC/ST/SEBC വിഭാഗക്കാരും എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിന് യോഗ്യത നേടി. മറ്റ് കോഴ്‌സുകള്‍ക്ക് കൂടുതല്‍ ഉദാരമായ യോഗ്യതാ വ്യവസ്ഥയാണ് കേരളം നിശ്ചയിച്ചിരുന്നത്. 

നീറ്റില്‍ 720 ല്‍ 20 മാര്‍ക്കുനേടിയവരെല്ലാം മറ്റു മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടം നേടി.  SC/ST വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥയും ഇല്ലായിരുന്നു. എംബിബിഎസ്/ബിഡിഎസ് റാങ്ക് പട്ടികയില്‍ 46,796 പേര്‍ക്കും മറ്റു മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള റാങ്ക് പട്ടികയില്‍ 53,209 പേര്‍ക്കും സ്ഥാനം ലഭിച്ചു. 

കേരളത്തില്‍ എംബിബിഎസ്/ബിഡിഎസ് ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകള്‍ക്കും നീറ്റ് ബാധകമാക്കിയത് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. മറ്റു മെഡിക്കല്‍ കോഴ്‌സുകള്‍ക്കായി മാത്രം ഒരു പരീക്ഷ എഴുതേണ്ട സാഹചര്യം വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവായിക്കിട്ടി. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി സമയം മാറ്റിവയ്‌ക്കേണ്ട അവസ്ഥയില്‍ നിന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് മോചനവും ലഭിച്ചു. 


കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ വേണം

പക്ഷേ നീറ്റ് പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടണായ പരിമിതി കുട്ടികളെ കുറച്ചൊക്കെ വലച്ചു. നീറ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പ്രകാരം കേരളത്തില്‍ മൂന്ന് പരീക്ഷാകേന്ദ്രങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം. പിന്നീട് കണ്ണൂരും തൃശൂരും പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബുദ്ധിമുട്ട് പൂര്‍ണമായും ഒഴിവായില്ല. 

14 ജില്ലകളിലും സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കു പരീക്ഷാകേന്ദ്രങ്ങള്‍ നല്‍കിയിരുന്ന സ്ഥാനത്ത് അഞ്ച് പരീക്ഷാ കേന്ദ്രങ്ങളിലായി അത് പരിമിതപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച് മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും നീറ്റ്  അഭിമുഖീകരിക്കേണ്ട സാഹചര്യത്തില്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തവര്‍ഷത്തെ പരീക്ഷയ്ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. 

നീറ്റ് ഒരു സ്ഥിരം സംവിധാനമായ സ്ഥിതിക്ക് പ്രവേശന നടപടികള്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഫീസ് നിര്‍ണയം പൂര്‍ത്തിയാക്കി, ഫീസറിഞ്ഞുകൊണ്ട് ഓപ്ഷന്‍ നല്‍കുവാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. അതിലേക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചു എന്നുള്ളത് പ്രതീക്ഷ നല്‍കുന്നു. കോടതി നിര്‍ദേശങ്ങളും ഇതിനോടകം ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെന്നുള്ളതും ആശ്വാസം നല്‍കുന്നു. സമയബന്ധിതമായി പ്രവേശനം പൂര്‍ത്തിയാക്കാന്‍ ഇവയൊക്കെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. 

Read More | NEET: ആദ്യവര്‍ഷം പിന്നിടുമ്പോള്‍

(തുടരും -  മറ്റു സംസ്ഥാനങ്ങളിലെ നീറ്റ് പ്രവേശനം)