ഗോപീചന്ദിന്റെ കത്തി! ഐ ഐ ടി കാണ്‍പൂരില്‍ ജോയിന്‍ ചെയ്ത ദിവസം തന്നെ ആത്മഹത്യയുടെ ഒരു ഓര്‍മ്മപ്പെടുത്തലുണ്ടായി. അഞ്ചാമത്തെ ഹോസ്റ്റലില്‍ G ബ്ലോക്കില്‍ 313 എന്ന മുറിയാണ് എനിക്ക് കിട്ടിയത്. കൂടെ സുഹൃത്ത് ഗോപാലകൃഷ്ണന്‍, 310 ല്‍ ജിമ്മി, 312 ല്‍ തോമസ്, 316 ല്‍ ബീഹാറില്‍ നിന്നുള്ള ഒരാള്‍. 315 കാലിയാണ്. 'അത് ഒരാള്‍ ആത്മഹത്യ ചെയ്ത മുറിയാണ്', റൂം അലോക്കേഷന്‍ സെക്രട്ടറി പറഞ്ഞു. അന്ന് മുതല്‍ അത് അടഞ്ഞു കിടക്കുകയാണ്.

അടുത്ത ആറു വര്‍ഷം ഞാന്‍ ഐ ഐ ടിയിലുണ്ടായിരുന്നു. അക്കാലത്ത് ഭാഗ്യത്തിന് വേറെ ആത്മഹത്യകളൊന്നും ഉണ്ടായില്ല. എന്നാല്‍ പല തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളും പീഡനങ്ങളും നേരിട്ട് അനുഭവിക്കുകയോ ചുറ്റും സംഭവിക്കുന്നത് കാണുകയോ ചെയ്തിട്ടുണ്ട്. അതില്‍ വീണു പോകാതിരുന്നത് ഭാഗ്യം മാത്രം എന്ന് കരുതുന്നു. ആറു വര്‍ഷത്തെ ഐ ഐ ടി ജീവിതത്തില്‍ കണ്ടിട്ടുള്ള ചില കാര്യങ്ങള്‍ പറയാം.

കടിഞ്ഞൂലില്‍ തന്നെ പൊട്ടനാക്കുന്നു - ഐ ഐ ടിയിലെ ആദ്യ പരീക്ഷയില്‍ എനിക്ക് ഇരുപതില്‍ രണ്ടേ മുക്കാല്‍ മാര്‍ക്കാണ് കിട്ടിയത്. കോതമംഗലത്ത് നിന്നും ഒന്നാമനായി എത്തിയ ആളാണെന്ന് ഓര്‍ക്കണം. ഒന്നാം ക്ലാസില്‍ രണ്ടു മാര്‍ക്ക് കുറഞ്ഞതിന് (നൂറില്‍ തൊണ്ണൂറ്റി എട്ട്) ഓണംകുളം മുതല്‍ തുമ്മാരുകുടി വരെ കരഞ്ഞ, എന്‍ജിനീയറിങ്ങില്‍ അന്‍പത്തിയൊന്ന് കോഴ്‌സും ഒറ്റ സപ്ലി പോലുമില്ലാതെ പാസ്സായ ആളുമായ ഞാന്‍ ഇതെങ്ങനെ സഹിക്കും? ഞാന്‍ മിടുക്കനാണെന്ന് കരുതിയത് ചെറിയ കുളത്തിലെ തവള ആയിരുന്നത് കൊണ്ടാണോ? വാസ്തവത്തില്‍ ഈ വിഷയത്തില്‍ എനിക്ക് ഇത്രയും വിവരമേ ഉള്ളോ? എന്നെല്ലാം ചിന്തിച്ച എനിക്ക് മറ്റുള്ളവരുടെ മാര്‍ക്ക് ചോദിക്കാന്‍ ധൈര്യവും വന്നില്ല.

ഐ ഐ ടി യില്‍ ഒരു സൗകര്യമുണ്ട്. നമ്മള്‍ എടുക്കുന്ന ഒരു കോഴ്‌സ് നമ്മുടെ ഡിഗ്രിക്ക് നിര്‍ബന്ധിതമല്ലെങ്കിലോ (core subject), ആദ്യത്തെ മുപ്പത് ദിവസത്തിനുള്ളില്‍ ഒരു കോഴ്‌സ് നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ അത് വേണ്ടെന്ന് വെക്കാം. ഞാന്‍ ആ ഓപ്ഷന്‍ ഉപയോഗിച്ചു. ഞാന്‍ പൊട്ടനാണെന്ന് സ്വയം അംഗീകരിച്ച് പിറ്റേന്ന് മുതല്‍ ക്ലാസില്‍ പോയില്ല.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് വഴി അധ്യാപകന്‍ എന്നോട് അദ്ദേഹത്തെ കാണാന്‍ പറഞ്ഞു. ഞാന്‍ ചമ്മലോടെ അദ്ദേഹത്തെ കാണാന്‍ പോയി. എന്താണ് ക്ലാസില്‍ വരാത്തതെന്ന് അദ്ദേഹം ചോദിച്ചു.

'സാര്‍ എന്നെക്കൊണ്ട് ഈ വിഷയം പഠിക്കാന്‍ സാധിക്കില്ല, എനിക്ക് മൂന്ന് മാര്‍ക്ക് പോലും കിട്ടിയില്ല, ഞാന്‍ തോറ്റു' ഞാന്‍ പറഞ്ഞു.

'മുരളി, നീ ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. നിങ്ങളുടെ യൂണിവേഴ്‌സിറ്റിയിലെ പോലെയല്ല, ഐ ഐ ടിയില്‍ ഗ്രേഡ് തീരുമാനിക്കുന്നത്. ക്ലാസിലെ ശരാശരി മാര്‍ക്കിന്റെ എത്ര മുന്നില്‍ നില്‍ക്കുന്നു എന്നതനുസരിച്ചാണ്. ഇപ്പോഴത്തെ നിലയില്‍ നിനക്ക് A ഗ്രേഡ് തന്നെ കിട്ടും.'

അന്നാണ് ഞാന്‍ 'relative grading' എന്ന വാക്ക് അറിയുന്നത്. നമുക്ക് കിട്ടിയത് മൂന്നു മാര്‍ക്കാണെങ്കിലും മറ്റുള്ളവര്‍ക്കൊക്കെ അതില്‍ താഴെ ആണെങ്കില്‍ നമുക്ക് A ഗ്രേഡ് തരുന്ന പദ്ധതി ആണത്. എ ഗ്രേഡ് കിട്ടിയാല്‍ അത് പിന്നെ പത്തില്‍ പത്തു മാര്‍ക്കായി കൂട്ടും. നമ്മുടെ മാര്‍ക്ക് ലിസ്റ്റില്‍ ഈ രണ്ടേമുക്കാല്‍ കാണുകയും ഇല്ല. എന്നിട്ടും എന്തുകൊണ്ടോ ഇരുപതില്‍ രണ്ടേമുക്കാല്‍ മാര്‍ക്ക് A ഗ്രേഡ് ആക്കുന്ന രീതിയോട് എനിക്കങ്ങ് പൊരുത്തപ്പെടാന്‍ പറ്റിയില്ല. ആ കോഴ്‌സിന് പിന്നെ ഞാന്‍ പോയില്ല. പിന്നീട് പത്തില്‍ നാലിന് താഴെ മാര്‍ക്ക് പല പ്രാവശ്യം കിട്ടി, അത് A യും B യും ഗ്രേഡായി പാസാകുകയും ചെയ്തു.

ഈ അനുഭവം ഐ ഐ ടിയില്‍ പോയിട്ടുള്ള എല്ലവര്‍ക്കും തന്നെ ഉണ്ടാകും. എന്തുകൊണ്ടാണ് കുട്ടികളുടെ ആത്മവിശ്വാസം പാടെ തകര്‍ക്കുന്ന ഈ സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. സാധാരണ കോളേജുകളില്‍ നിന്നും വരുന്ന, ഇത്തരം രീതികള്‍ അറിയാത്ത കുട്ടികളെ ഇത് വല്ലാതെ ബാധിക്കും.

താഴെ നിന്നുള്ള വ്യൂ - എട്ടുപേരാണ് ഐ ഐ ടിയില്‍ എന്റെ ക്ലാസിലുണ്ടായിരുന്നത്. കേരളത്തില്‍ നിന്നും ഞാന്‍, പഞ്ചാബില്‍ നിന്നും കല്‍ക്കട്ടയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഓരോരുത്തര്‍, രണ്ടു പേര്‍ കര്‍ണാടകയില്‍ നിന്ന്, രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും. എല്ലാവരും എല്ലാ കോഴ്‌സും ഒരുമിച്ചല്ല ചെയ്യുന്നത്. അതിനാല്‍ പരസ്പരം താരതമ്യം ചെയ്യാന്‍ ആദ്യമൊന്നും അവസരം കിട്ടില്ല. ഒന്നാം സെമസ്റ്ററിലെ റിസള്‍ട്ട് വന്നപ്പോഴാണ് അത് സംഭവിക്കുന്നത്.

എട്ടുപേരില്‍ ഞാന്‍ ഏഴാമന്‍..ങേ !ഓണംകുളം മുതല്‍ പഠിച്ച ക്ലാസിലെല്ലാം ഒന്നാമതും, അപൂര്‍വ്വമായി മാത്രം രണ്ടാമതുമായിരുന്ന ഞാന്‍ ഇവിടെ ഏഴാമന്‍. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. പക്ഷെ സഹിച്ചല്ലേ പറ്റൂ...

ആലോചിച്ചു നോക്കിയാല്‍ അതിശയമൊന്നുമില്ല. എല്ലാ കോളേജില്‍ നിന്നും ഒന്നാമത്തെയോ രണ്ടാമത്തെയോ റാങ്ക് മേടിച്ചു വന്നവരാണ് ക്ലാസില്‍. അവരില്‍ ആരെങ്കിലുമൊക്കെ മൂന്നാമതും നാലാമതും എട്ടാമതും ആയല്ലേ പറ്റൂ. ക്ലാസില്‍ ആകെ എട്ടുപേരേ ഉണ്ടായിരുന്നുള്ളൂവെന്നത് ഭാഗ്യം. ഞാന്‍ മുപ്പതാമതോ നാല്പതാമതോ ആയില്ലല്ലോ..!

അതുവരെ ക്ലാസ്സുകളില്‍ ഒന്നാം സ്ഥാനം നേടി അധ്യാപകരുടെ കണ്ണിലുണ്ണിയും വീട്ടുകാരുടെ അഭിമാനവുമായി വന്ന കുട്ടികള്‍ക്ക് ക്ലാസിലെ താഴത്തെ റാങ്കുകളാകുന്നത് ചിലപ്പോള്‍ താങ്ങാന്‍ പറ്റില്ല.

D ഗ്രേഡുകാരുടെ വിധി - ഒന്നാമത്തെ സെമസ്റ്ററില്‍ നാലു വിഷയങ്ങള്‍ പഠിച്ചാല്‍ മതി. വേണമെങ്കില്‍ കൂടുതല്‍ പഠിക്കാം, മൂന്ന് മതിയെന്നും വെക്കാം. പക്ഷെ അടുത്ത സെമസ്റ്ററില്‍ അഞ്ചു കോഴ്‌സ് എടുക്കുകയോ ആറുമാസം കൂടുതല്‍ പഠിക്കുകയോ വേണം. ഗ്രേഡിങ്ങില്‍, A = 10, B = 8, C = 6, D = 4 , F = പൊട്ടി എന്നാണ്. മൊത്തം ഗ്രേഡ് അഞ്ചിന് താഴെ പോയാല്‍ പിന്നെ പെട്ടി പാക്ക് ചെയ്തു സ്ഥലം വിടുകയേ നിവൃത്തിയുള്ളൂ. നാട്ടില്‍ നിന്നും ഐ ഐ ടിയില്‍ അഡ്മിഷന്‍ കിട്ടി, കോളേജിന്റെ അഭിമാനമായ ഒരാള്‍ നാല് മാസം കഴിഞ്ഞ് പരീക്ഷ പാസാകാന്‍ പറ്റാതെ വീട്ടിലേക്ക് തിരിച്ചു ചെല്ലുന്ന സീന്‍ ആലോചിച്ച് നോക്കുക. 'ഓ, അപ്പൊ ഇവന്‍/ഇവള്‍ ശരിക്കും മിടുക്കന്‍/മിടുക്കി ഒന്നുമല്ല അല്ലേ, ഇവിടെ ലോക്കല്‍ കോളേജില്‍ മത്സരിക്കാന്‍ ആരുമില്ലാത്തതിനാല്‍ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവായതാ'' എന്നു പറയാന്‍ ഉറപ്പായിട്ടും ഏതെങ്കിലും 'അഭ്യുദയകാംഷികള്‍' എല്ലാവര്‍ക്കും കാണും. ഇവരുടെ കളിയാക്കല്‍ കൊണ്ടോ, കളിയാക്കല്‍ പേടിച്ചോ, ചത്താല്‍ മതിയെന്ന് തോന്നാം.

കോതമംഗലത്ത് പഠിക്കുമ്പോള്‍ ഒന്നാം വര്‍ഷത്തില്‍ പരീക്ഷ പാസായില്ലെങ്കിലും രണ്ടാം വര്‍ഷത്തില്‍ എത്താം, രണ്ടു പ്രാവശ്യം കൂടി പരീക്ഷ എഴുതാം. എന്നിട്ടും പാസ്സായില്ലെങ്കില്‍ മാത്രം മൂന്നാം വര്‍ഷത്തിലേക്ക് പ്രമോഷന്‍ ഇല്ല എന്നാണ് നിയമം. എന്നാലും പേടിക്കണ്ട, സമരം ചെയ്യാം, മന്ത്രിയെ കാണാം. എന്നിട്ടും നടന്നില്ലെങ്കില്‍ കോടതിയിലും പോകാം. ഐ ഐ ടിയില്‍ ഇതൊന്നുമില്ല. പരീക്ഷ കഴിഞ്ഞാല്‍ 48 മണിക്കൂറിനകം മാര്‍ക്ക് വരും. മാര്‍ക്ക് വന്നാല്‍ പെട്ടി പൂട്ടുക, അത്ര തന്നെ.

പത്തില്‍ എട്ടു മേടിച്ചതിനാല്‍ എനിക്ക് പെട്ടിയും തൂക്കി പോരേണ്ടി വന്നില്ല. ഒരുമിച്ചു ട്രെയിന്‍ കയറിയ അഞ്ചു മലയാളികളില്‍ രണ്ടു പേര്‍ക്ക് ഇങ്ങനെ പോകേണ്ടിവന്നു.

വെട്ടൊന്ന്, മുറി രണ്ട് - പരീക്ഷകള്‍ പലതും ഓപ്പണ്‍ ബുക്ക് ആണ്, അതായത് പുസ്തകം പരീക്ഷാഹാളില്‍ കൊണ്ട് പോയി നോക്കി എഴുതാം. ബുക്ക് എടുത്തില്ലെങ്കിലും ആവശ്യമായ ഫോര്‍മുല എഴുതിക്കൊണ്ടു പോകാന്‍ സമ്മതിക്കുന്ന അധ്യാപകരുണ്ട്. ചോദ്യപേപ്പര്‍ തന്നുകഴിഞ്ഞാല്‍ പിന്നെ അധ്യാപകര്‍ മൂലയ്ക്ക് എവിടെയെങ്കിലും ഇരിക്കുകയേ ഉള്ളൂ, ഓടി നടന്നുള്ള സൂപ്പര്‍വിഷന്‍ ഒന്നുമില്ല. പരീക്ഷക്ക് ഉത്തര പേപ്പര്‍ നമ്മള്‍ തന്നെ കൊണ്ടുപോകണമെന്നാണ് എന്റെ ഓര്‍മ്മ. കോപ്പിയടിക്കാന്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും അങ്ങനെ ചെയ്യരുത് എന്നാണ് നിയമം.

ഒരിക്കല്‍ ഇന്റേണല്‍ പരീക്ഷയില്‍ എന്റെ ഒരു സുഹൃത്ത് ഈ നിയമം ലംഘിച്ചു. അധ്യാപകന്‍ അത് കണ്ടൊന്നുമില്ല. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ക്ലാസില്‍ വന്നു.

'ഈ ക്ലാസിലെ രണ്ടു കുട്ടികളുടെ ഉത്തരപ്പേപ്പര്‍ ഒരു പോലെയാണ്. ഒരാള്‍ കോപ്പി അടിച്ചിട്ടുണ്ട്. അത് അയാള്‍ക്കറിയാം. ആര് ആരുടെയാണ് കോപ്പിയടിച്ചതെന്ന് അയാള്‍ക്കും അറിയാമായിരിക്കും. ഇന്ന് വൈകുന്നേരത്തിന് മുന്‍പ് കോപ്പി അടിച്ച ആള്‍ എന്നെ വന്നുകണ്ട് കുറ്റം സമ്മതിക്കണം. അയാളെ ഈ പ്രോഗ്രാമില്‍ നിന്നും പുറത്താക്കും. അങ്ങനെ ആരും വന്നില്ലെങ്കില്‍ ഞാന്‍ രണ്ടുപേരെയും പുറത്താക്കാന്‍ റെക്കമന്‍ഡ് ചെയ്യും.''

പിറ്റേന്ന് മുതല്‍ ഞങ്ങളുടെ ഒരു സുഹൃത്ത് ഐ ഐ ടിയില്‍ ഉണ്ടായില്ല. അല്പം ക്രൂരമല്ലേ ഈ രീതികള്‍ എന്ന് തോന്നിയേക്കാം. ഇങ്ങനെയെല്ലാമാണ് വിദ്യാഭ്യാസത്തിന് ഉന്നതമായ നിലവാരമുണ്ടാക്കുന്നതും നിലനിര്‍ത്തുന്നതുമെന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. നിങ്ങളുടെ ചിന്ത രണ്ടാണെങ്കിലും കാര്യങ്ങള്‍ അവിടെ ഇങ്ങനെയൊക്കെയാണെന്ന് ഐ ഐ ടി യില്‍ പോകുന്നതിന് മുന്‍പ് കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കണം. അതിന് തയ്യാറെടുക്കുകയും വേണം. തികച്ചും നിയമപരവും എന്നാല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നതുമായ ധാരാളം സാഹചര്യങ്ങള്‍ ഐ ഐ ടിയിലുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അടുത്ത സുഹൃത്തുക്കള്‍ പോലും സഹായിക്കാന്‍ ഉണ്ടായി എന്ന് വരില്ല.

ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പീഡനങ്ങളും ഐ ഐ ടിയില്‍ സംഭവിക്കാറുണ്ട്. എനിക്ക് നേരിട്ടറിയാവുന്ന ചില കാര്യങ്ങള്‍ പറയാം.

ദൈവം ആകുന്ന പി എച്ച് ഡി ഗൈഡുമാര്‍ - ശരാശരി അഞ്ചു വര്‍ഷമെടുക്കും ഐ ഐ ടിയില്‍ നിന്നും പി എച്ച് ഡി എടുക്കാന്‍. മൂന്നു വര്‍ഷത്തില്‍ തീര്‍ക്കുന്നവരും അപൂര്‍വ്വമായുണ്ട്. എട്ടിലേറെ വര്‍ഷമെടുക്കുന്നവരെയും കണ്ടിട്ടുണ്ട്. എന്തായാലും ഒരുകാര്യം ഉറപ്പാണ്, നിങ്ങളുടെ പി എച്ച് ഡി സൂപ്പര്‍വൈസറുടെ കയ്യിലാണ് നിങ്ങളുടെ വര്‍ത്തമാനവും ഭാവിയും. എങ്ങനെയായിരിക്കും ഇവര്‍ നിങ്ങളോട് പെരുമാറുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ സൂപ്പര്‍വൈസര്‍ക്ക് നിങ്ങളെയോ നിങ്ങളുടെ റിസര്‍ച്ചോ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ ത്രിശങ്കുവില്‍ പെടും. ഇട്ടിട്ട് പോയാല്‍ മൂന്നു വര്‍ഷം പോയി, വീണ്ടും വേറൊരിടിത്ത് പി എച്ച് ഡി ക്ക് അഡ്മിഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്, കിട്ടിയാലും സ്‌കോളര്‍ഷിപ്പ് കിട്ടണമെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷ രണ്ടാമത് എഴുതേണ്ടി വരും. വിടാതെ അവിടെ നിന്നാല്‍ ഭാവി എന്താകുമെന്ന് പ്രവചിക്കാനാകില്ല. പി എച്ച് ഡി കയ്യില്‍ കിട്ടിയാല്‍ പോലും കിലുക്കത്തിലെ ഇന്നസന്റിനെ പോലെ ബോസിനെ വന്നുകണ്ട് 'മ..മ.. മത്തങ്ങാത്തലയാ' എന്നൊന്ന് വിളിക്കാന്‍ പറ്റില്ല. കാരണം ഗൈഡ് ഒരു റെക്കമന്റേഷന്‍ ലെറ്റര്‍ എഴുതിയില്ലെങ്കില്‍ പി എച്ച് ഡി കിട്ടിയാല്‍ പോലും ഭാവി ബുദ്ധിമുട്ടാകും. അതുകൊണ്ട് അവര്‍ നിങ്ങളുടെ ഗവേഷണം എത്ര വൈകിച്ചാലും, നിങ്ങളെ എത്ര കുറ്റം പറഞ്ഞാലും കേട്ടിരുന്നേ പറ്റൂ. ഇത്തരത്തിലുള്ള അനവധി കഥകള്‍ ഓരോ ദിവസവും ഐ ഐ ടിയില്‍ നിന്നു കേള്‍ക്കാം.

ഞാന്‍ പഠിക്കുന്ന കാലത്ത് രസതന്ത്രത്തില്‍ ഗവേഷണം ചെയ്തിരുന്ന ഗോപീചന്ത് എന്നൊരു സുഹൃത്തിന് ഇത് ഒട്ടും താങ്ങാന്‍ പറ്റിയില്ല. തീസിസ് എഴുതി ഗൈഡിന് കൊടുത്തിട്ട് മാസങ്ങളായി, അത് നോക്കി കറക്റ്റ് ചെയ്ത് കൊടുത്താലേ മുന്നോട്ടു പോകാന്‍ പറ്റൂ. ഓരോ ദിവസവും ഗോപീചന്ത് ബോസിനെ കാണാന്‍ പോകും. ഒന്നും സംഭവിക്കാതെ തിരിച്ചുപോരും. ഒരു ദിവസം ഉച്ചക്ക് ലാബില്‍ നിന്നും പുറത്തേക്കിറങ്ങി വന്ന പ്രൊഫസറെ ഗോപീചന്ദ് ഓഫിസിലെ പേപ്പര്‍ മുറിക്കുന്ന കത്തിയെടുത്തു കുത്തി. 'എന്റമ്മേ' എന്നു നിലവിളിച്ച് പ്രൊഫസര്‍ ഓടി രക്ഷപെട്ടു. ഓഫിസിലെ കത്തിയായതിനാല്‍ പ്രൊഫസര്‍ക്ക് കാര്യമായി ഒന്നും പറ്റിയില്ല. ആരോ പോലീസിനെ വിളിച്ചു, ഗോപി അറസ്റ്റിലുമായി.

കോതമംഗലത്ത് പഠിക്കുന്ന കാലത്ത് സമരങ്ങളില്ലാത്ത ആഴ്ചകളില്ല. എന്നാല്‍ സാധാരണ നിലയില്‍ ഐ ഐ ടിയിലെ കുട്ടികള്‍ സമരം ചെയ്യാറില്ല. ഗോപീചന്ദ് ജയിലിലായതോടെ കുട്ടികളുടെ നിയന്ത്രണം വിട്ടു. ഞാന്‍ അവിടെയുണ്ടായിരുന്ന ആറ് വര്‍ഷത്തിനുള്ളില്‍ അന്നാണ് ആദ്യവും അവസാനവുമായി ഐ ഐ ടിയില്‍ ഒരു സമരമുണ്ടായത്. അക്രമം ഒന്നുമില്ല, ക്ലാസില്‍ പോകില്ല എന്നുമാത്രം. സമരം ജയിച്ചു. ഗോപി ജയിലില്‍ നിന്നും പ്രൊഫസര്‍ ആശുപത്രിയില്‍ നിന്നും പുറത്തുവന്നു. 'നിന്റെ തീസീസ് ഉന്തുവണ്ടിയില്‍ കപ്പലണ്ടി വിറ്റു നടക്കുന്ന ആള്‍ക്ക് കപ്പലണ്ടി പൊതിയാന്‍ നല്ലതാണ്' എന്നോ മറ്റോ പ്രൊഫസര്‍ പറഞ്ഞതുകൊണ്ടാണ് ഗോപി വയലന്റായതെന്ന് പറഞ്ഞുകേട്ടു. സത്യമാകണമെന്നില്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സത്യവും അസത്യവുമായ വാര്‍ത്തകള്‍ വരും. ഗോപി തീസീസ് പബ്ലിഷ് ചെയ്‌തോ എന്ന് ഞാനോര്‍ക്കുന്നില്ല. ഞാന്‍ എം ടെക്ക് കഴിഞ്ഞ് ഒരു വര്‍ഷം ജോലിയും ചെയ്തു തിരിച്ചെത്തുമ്പോള്‍ ഗോപി അവിടെയില്ല.

ഗ്രൂപ്പുകളി - പ്രൊഫസ്സര്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ പ്രസിഡന്റ് വരെ ഇടപെട്ടാലേ ഒരു ഐ ഐ ടി പ്രൊഫസറെ പുറത്താക്കാന്‍ പറ്റൂ. വലിയ മിടുക്കന്മാരാണ് മിക്ക പ്രൊഫസര്‍മാരും. നാല്പത് വയസിനു മുന്‍പേ തന്നെ പലരും പ്രൊഫസറാകും. അതുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് മുന്‍ പിന്‍ നോക്കാനില്ല. അതുകൊണ്ട് അവരുടെ ഒരു വിനോദമാണ് എന്തെങ്കിലും പേരില്‍ ഗ്രൂപ്പുകളിക്കുന്നത്. ഗ്രൂപ്പിന് പല അടിസ്ഥാനമുണ്ടാകാം, തെക്കന്‍ - വടക്കന്‍, കന്നഡ - തമിള്‍, അമേരിക്കയില്‍ പി എച്ച് ഡി ചെയ്തവര്‍ - നാട്ടില്‍ പി എച്ച് ഡി ചെയ്തവര്‍, വിവിധ ജാതികള്‍ (വടക്കേ ഇന്ത്യയിലെ ജാതിതിരിവ് നമുക്കറിയാവുന്ന രീതിയല്ല) എന്നിങ്ങനെ. കാണ്‍പൂര്‍ ഐ ഐ ടിയില്‍ മറ്റു മതങ്ങളിലുള്ള പ്രൊഫസര്‍മാര്‍ അപൂര്‍വ്വമായിരുന്നതുകൊണ്ട് മതപരമായ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. എന്താണെങ്കിലും എല്ലാവര്‍ക്കും ഓരോ ഗ്രൂപ്പ് ഉണ്ടാകും, ഗ്രൂപ്പുകള്‍ തമ്മില്‍ പാരവെയ്പ്പ് വ്യാപകമായിരിക്കും. ഒരു ഗ്രൂപ്പിലുള്ളവര്‍ക്ക് മറ്റേ ഗ്രൂപ്പിലെ അധ്യാപകരെ പുച്ഛമായിരിക്കും. ഓരോ പ്രൊഫസറുടെ കൂടെയും ഗവേഷണം ചെയ്യുന്ന വിദ്യാര്‍ഥികള്‍ അവരുടെ പക്ഷം ചേരണമെന്ന് മാത്രമല്ല, എതിര്‍പക്ഷത്തെ പ്രൊഫസര്‍മാരുടെ ഗവേഷണ വിദ്യാര്‍ത്ഥികളുമായി കൂട്ടുകൂടാന്‍ പാടില്ല എന്ന അലിഖിത നിയമങ്ങള്‍ വരെയുണ്ട്.

ബംഗാളികളും ദക്ഷിണേന്ത്യക്കാരും എന്നതായിരുന്നു എന്റെ ലാബിലെ ചേരിതിരിവ്. ബംഗാളി ഗ്രൂപ്പിലെ അധ്യാപകരുടെ മേല്‍നോട്ടത്തിലുള്ള ലാബിലെ ഉപകരണങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാക്കാതിരിക്കുക, മറുപക്ഷത്തെ ഗവേഷകര്‍ക്ക് വേണ്ട രാസവസ്തുക്കള്‍ സമയത്തിന് ലഭ്യമാക്കാതിരിക്കുക, മറ്റേ ഗ്രൂപ്പിലെ കുട്ടികളുടെ പരീക്ഷ വിഷമത്തിലാക്കുക തുടങ്ങിയ കലാപരിപാടികള്‍ എന്റെ ലാബിലുമുണ്ടായിരുന്നു. മലിന ജലത്തിലെ ഖരലോഹങ്ങളുടെ അളവ് കണ്ടുപിടിക്കാനുള്ള ഉപകരണം കാണ്‍പൂരില്‍ ഞങ്ങളുടെ ലാബില്‍ ഉണ്ടായിട്ട് പോലും നൂറു കണക്കിന് സാമ്പിളുകളുമായി എനിക്ക് ഹൈദരാബാദിലെ സ്വകാര്യ ലാബില്‍ വന്ന് അനലൈസ് ചെയ്യേണ്ടി വന്നു. അതുപോലെ എന്തൊക്കെ ഉപദ്രവങ്ങള്‍...

'തരവഴി കാട്ടി അതിനും നമ്മള്‍ പകരം കൊടുത്തു പലിശ ചേര്‍ത്ത്, വാശിക്ക് വളിവിട്ടു യോഗ്യരാകാന്‍ നോക്കേണ്ടതിന്നും നാം മോശമല്ല' എന്നല്ലേ കടമ്മനിട്ട പാടിയത്.

ഐ ഐ ടിയിലെ ജീവിതം മുഴുവന്‍ മാനസിക പിരിമുറുക്കങ്ങളുടേതാണെന്നോ അധ്യാപകരെല്ലാം കണ്ണില്‍ ചോരയില്ലാത്തവരാണെന്നോ കരുതരുത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍ അവിടുത്തെ ഹോസ്റ്റലിലെ പുല്‍ത്തകിടിയില്‍ സുഹൃത്തുക്കളോടൊപ്പം നടത്തിയിരുന്ന ചായ് പേ ചര്‍ച്ചകളാണ്. അന്നവിടെ കള്ളിനിക്കറുമിട്ട് ചുറ്റുമിരുന്നവര്‍ ഇന്ന് ലോകത്തെന്പാടും എത്രയോ ഉയര്‍ന്ന പദവികളിലിരിക്കുന്നു! അതാണ് ഐ ഐ ടി ജീവിതത്തിലെ ഏറ്റവും വലിയ മൂലധനം. ആ മൂലധന സമ്പാദനത്തിന് വേണ്ടിയാണ് മറ്റുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കുന്നത്. ഐ ഐ ടിയില്‍ അഡ്മിഷന്‍ നേടാന്‍ ശ്രമിക്കണമെന്നും കിട്ടിയാല്‍ അവിടെ പഠിക്കാന്‍ പോകണമെന്നും ഞാന്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്.

എന്റെ പ്രൊഫസര്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള വളരെ നല്ല ഒരാളായിരുന്നു. ലാബിലെ മറ്റു താപ്പാനകളോട് യുദ്ധം ചെയ്യാന്‍ കഴിവില്ലാത്ത ആളും. ഒരു പരിധി വരെ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളായ മലയാളികളായ ഞങ്ങളുടെ ബലത്തിലാണ് അദ്ദേഹം അവിടെ പിടിച്ചു നിന്നത്. ഞങ്ങളെല്ലാം പോന്നതോടെ അദ്ദേഹം ഐ എ ടിയില്‍ നിന്നും വിദേശത്തേക്ക് പോയി.

ഐ ഐ ടി എന്ന സംവിധാനത്തിലെ അക്കാദമിക്ക് പ്രഷര്‍കുക്കറിനപ്പുറം കുട്ടികളെ മനുഷ്യരായി കാണണമെന്ന് വിശ്വസിച്ചിരുന്ന അധ്യാപകര്‍ അന്നും ഉണ്ടായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള പ്രഭാകര്‍ റാവു അത്തരത്തിലുള്ള അപൂര്‍വ്വം ഒരാളായിരുന്നു. ബേസിക് എക്കോളജി എന്ന അദ്ദേഹത്തിന്റെ കോഴ്‌സില്‍ ഡസന്‍ കണക്കിന് കുട്ടികള്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉണ്ടാകുമായിരുന്നു. എത്ര പിരിമുറുക്കമുള്ള സാഹചര്യത്തെയും ലഘുവാക്കാനും ആരെയും എപ്പോഴും സഹായിക്കാനുമുള്ള അറിവും കഴിവും പക്വതയും അദ്ദേഹത്തിനുണ്ടായിരുന്നു. അവസാന പരീക്ഷയില്‍ അദ്ദേഹത്തിന്റെ ഒരു ചോദ്യമുണ്ട്. 'നിങ്ങള്‍ക്ക് ഏത് ഗ്രേഡ് വേണം, എന്തുകൊണ്ട്?' പല കുട്ടികളും എഴുതും 'സാര്‍ എനിക്കൊരു A ഗ്രേഡ് കിട്ടിയില്ലെങ്കില്‍ ഞാന്‍ ഐ ഐ ടിയില്‍ നിന്നും പുറത്താകും.'' ആ വിശദീകരണത്തില്‍ അദ്ദേഹം A ഗ്രേഡ് കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റ് അധ്യാപകര്‍ക്ക് അദ്ദേഹത്തെ അത്ര ഇഷ്ടമല്ലായിരുന്നു. 'ഈ കുട്ടികളുടെ ഭാവിയാണ് എനിക്ക് പ്രധാനം, മറ്റുള്ളവരുടെ അഭിപ്രായമല്ല' എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു കാര്യം കൂടി പറയണം. ഇങ്ങനെയൊക്ക അധ്യാപകരുടെ മേല്‍ക്കോയ്മ ഉള്ള കാമ്പസ് ആയിരുന്നുവെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളും അവിടെയുണ്ടായിരുന്നു. അത് അധികം ആളുകള്‍ക്ക് അറിയില്ലായിരുന്നു, അത് ഉപയോഗിക്കാന്‍ ആളുകള്‍ക്ക് പേടിയായിരുന്നു എന്നുമാത്രം. മറ്റു കുട്ടികള്‍ ഒരിക്കലൂം കുഴപ്പത്തിലായവരെ സപ്പോര്‍ട്ട് ചെയ്യാറില്ലാത്തതിനാല്‍ കുഴപ്പത്തിലായവര്‍ ഒറ്റപ്പെട്ടു എന്നതാണ് സത്യം.

ഐ ഐ ടി സംവിധാനത്തിലെ പഴുതുകള്‍ മനസിലാക്കുന്ന ചില വിദ്യാര്‍ത്ഥികളും ഐ ഐ ടിയിലുണ്ടായിരുന്നു. ഒരിക്കല്‍ പോലും ലാബില്‍ പോകാതെ ഹോസ്റ്റലില്‍ മാത്രം ജീവിച്ചിരുന്ന, രാത്രി തോന്നുമ്പോള്‍ മെസ്സിലെ അടുക്കളയില്‍ പോയി ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കഴിച്ചു ജീവിച്ചിരുന്ന ഒരു മലയാളി ഗവേഷകന്റെ കഥ ഐ ഐ ടിയില്‍ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ പേരെനിക്കറിയാമെങ്കിലും തല്‍ക്കാലം നമുക്കയാളെ പൊന്നപ്പന്‍ എന്ന് വിളിക്കാം. മൂന്നു മാസം തുടര്‍ച്ചയായി ലാബില്‍ പോകാതിരുന്ന പൊന്നപ്പന് ഒരിക്കല്‍ അധ്യാപകന്‍ ഒരു വാണിങ്ങ് ലെറ്റര്‍ അയച്ചു പോലും. ഇരുപത്തിനാലു മണിക്കൂറിനകം ലാബില്‍ എത്തിയില്ലെങ്കില്‍ കര്‍ശന നടപടിയും പ്രഖ്യാപിച്ചു. അതിന് മറുപടിയായി, എനിക്ക് തീരെ സുഖവും സൗകര്യവും ഇല്ലാത്തതിനാല്‍ വരാന്‍ പറ്റില്ലെന്ന് പൊന്നപ്പന്‍ തിരിച്ച് അധ്യാപകന് ഐ ഐ ടിയിലെ തന്നെ പോസ്റ്റ് ഓഫീസില്‍ നിന്നും ടെലഗ്രാം അടിച്ചു എന്നതാണ് കഥ.

ഇത് ഞാന്‍ പറഞ്ഞു കേട്ടതാണ്. എന്നാല്‍ നേരിട്ട് കണ്ട ഒരു സംഭവം വേറെയുണ്ട്. പത്തു വര്‍ഷമായി ഐ ഐ ടിയില്‍ ഗവേഷണം ചെയ്യുന്ന ഒരു ഗാംഗുലി സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു (പേരല്‍പ്പം മാറ്റിയിട്ടുണ്ട്, ഇപ്പോള്‍ പുള്ളി പുലിയാണ്). ഒരിക്കല്‍ പോലും തീസീസ് സമര്‍പ്പിക്കുന്നതില്‍ അയാള്‍ താല്‍പര്യം കാണിച്ചിരുന്നില്ല. പുതിയതായി വരുന്ന കുട്ടികള്‍ക്ക് അക്കാദമിക്കായോ പുറത്തോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്ന ഏകാംഗ കോടതിയായിരുന്നു അദ്ദേഹം. ഐ ഐ ടി നിയമത്തിലെ സകല വകുപ്പുകളും അദ്ദേഹത്തിനറിയാമായിരുന്നു. സാധാരണ ഐ ഐ ടിയിലെ സ്‌കോളര്‍ഷിപ്പ് അഞ്ചു വര്‍ഷമാണ്, എന്നാല്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പത്തുവര്‍ഷം അദ്ദേഹം സ്‌കോളര്‍ഷിപ്പ് കൈപ്പറ്റിയിരുന്നു. എങ്ങനെയെങ്കിലും ആള്‍ക്ക് ഡിഗ്രി കൊടുത്തുവിടാന്‍ അധ്യാപകരെല്ലാം ചേര്‍ന്ന് അത്യധ്വാനം ചെയ്തത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അവസാനം എന്റെ പി എച്ച് ഡി ഡിഫന്‍സിന്റെ അന്ന് തന്നെയായിരുന്നു ഗാംഗുലിയുടെ ഡിഫന്‍സും. പത്തു മണിക്ക് ആള്‍ വന്നില്ലെങ്കിലോ എന്ന് പേടിച്ച് തിസീസ് ഗൈഡ് ഹോസ്റ്റലില്‍ നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നു നോക്കി നില്‍ക്കുന്നതിന് ഞാന്‍ ദൃക്സാക്ഷിയാണ് !

ഐ ഐ ടിയിലെ പഠനകാലത്താണ് ഞാന്‍ മുരളിയില്‍ നിന്നും മുരളിച്ചേട്ടന്‍ ആയത്. കാമ്പസില്‍ പുതിയതായി വരുന്ന മലയാളികള്‍ക്ക് വേണ്ടത്ര ഉപദേശങ്ങള്‍ നല്‍കുകയും അവര്‍ അക്കാദമിക്കോ അല്ലാത്തതോ ആയ കുഴപ്പത്തില്‍ പെട്ടാല്‍ അവരെ സഹായിക്കുകയും ചെയ്യുക അന്നെന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവിടെ ഡയറക്ടറുടെ ഓഫിസില്‍ ജോലി ചെയ്തിരുന്ന എബ്രഹാം എന്ന മലയാളി, ഞങ്ങളെല്ലാം അദ്ദേഹത്തെ പേരപ്പന്‍ എന്നാണ് വിളിച്ചിരുന്നത്, ആയിരുന്നു കുട്ടികളെ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നത്.

ഐ ഐ ടിയിലെ ജീവിതത്തിന്റെ ഓര്‍മ്മയില്‍ കുറച്ചു കാര്യങ്ങള്‍ കൂടി പറയാം.

1. പാഠ്യസംബന്ധമായ ഉയര്‍ന്ന സമ്മര്‍ദ്ദം ഐ ഐ ടി ജീവിതത്തിന്റെ ഭാഗമാണ്.

2. പഠ്യേതര സമ്മര്‍ദങ്ങളും ധാരാളമുണ്ടാകാം.

3. ഇതിനെ നേരിടാന്‍ അക്കാലത്ത് സ്ഥാപനത്തിനുള്ളില്‍ അധികം പ്രതിരോധ മാര്‍ഗ്ഗങ്ങളില്ല. സുഹൃത്തുക്കളുടെയോ മറ്റധ്യാപകരുടെയോ സഹായം പ്രതീക്ഷിച്ചിട്ടും കാര്യമില്ല.

4. കുട്ടികളുടെ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ അക്കാലത്തില്ല. ഇപ്പോള്‍ മാറ്റമുണ്ടോ എന്നറിയില്ല. ആത്മഹത്യകള്‍ നടക്കുന്നുണ്ടെങ്കില്‍ അത്തരം സംവിധാനങ്ങള്‍ ഫലപ്രദമല്ല എന്നാണല്ലോ മനസ്സിലാക്കേണ്ടത്.

5. കുട്ടികള്‍ക്ക് ഉയര്‍ന്ന സമ്മര്‍ദ്ദം കൊടുക്കുന്നത് നല്ല അക്കാദമിക് പരിശീലനത്തിന്റെ ഭാഗമാണെന്നും അത് ചെയ്യുന്നതിലൂടെ സ്ഥാപനത്തിന്റെ നിലവാരം നിലനിര്‍ത്തുകയാണെന്നും അധ്യാപകര്‍ ചിന്തിക്കുന്നു.

6. കുട്ടികള്‍ക്ക് മാനുഷിക പരിഗണന നല്‍കുന്ന അധ്യാപകര്‍ അവിടെയുമുണ്ട്. അവരെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

7. കാമ്പസില്‍ എത്തുമ്പോള്‍ തന്നെ അവിടെയുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുകയും ആവശ്യമുള്ളപ്പോള്‍ അവരുടെ ഉപദേശം തേടുകയും വേണം.

ഐ ഐ ടി മദ്രാസില്‍ നടന്ന ആത്മഹത്യയുടെ സാഹചര്യത്തിലാണ് ഇതെഴുതിയത്. അതുകൊണ്ട് കുറച്ചു കാര്യങ്ങള്‍ കൂടി പറയാം.

1. ഈ കേസില്‍ തീര്‍ച്ചയായും ശരിയായ അന്വേഷണം നടത്താന്‍ എല്ലാ ശ്രമങ്ങളും നടത്തണം. അത് ഓരോ ഘട്ടത്തിലും ഫോളോ ചെയ്യണം.

2. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം അഞ്ച് ആത്മഹത്യകളുണ്ടായി എന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഐ ഐ ടി തീര്‍ച്ചയായും ഈ വിഷയത്തില്‍ പഠനം നടത്തണം. എന്തൊക്കെയാണ് ആത്മഹത്യക്കുള്ള സാഹചര്യങ്ങള്‍, എങ്ങനെയാണ് സമ്മര്‍ദ്ദങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കാതെ നോക്കേണ്ടത് എന്നെല്ലാം കണ്ടുപിടിക്കണം. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ടത്ര ബോധവല്‍ക്കരണം നടത്തണം.

3. നിങ്ങളുടെ കുട്ടികള്‍ ഐ ഐ ടിയിലോ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പോകുന്നുണ്ടെങ്കില്‍ എങ്ങനെയാണ് അക്കാദമിക്കും അല്ലാത്തതുമായ സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് അവരുമായി ചര്‍ച്ച ചെയ്യണം. ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം തോന്നുന്നുവെങ്കില്‍ ഉടന്‍ മാതാപിതാക്കളെ അറിയിക്കാനുള്ള തോന്നല്‍ അവര്‍ക്കുണ്ടാകണം.

4. ഐ ഐ ടി ബിരുദമല്ല, ജീവിതമാണ് പ്രധാനമെന്ന് നമ്മള്‍ എല്ലാവരും എപ്പോഴും ഓര്‍ക്കണം, നമ്മുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും വേണം.

ഫാത്തിമ ലത്തീഫിന്റെ മരണം: അധ്യാപകരുടെ പീഡനമോ? നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തു നടക്കുന്നു? ഈ വിഷയത്തില്‍ വായനക്കാര്‍ക്കും പ്രതികരിക്കാം...

Content Highlights: Murali Thummarukkudy on whats students facing in IITs