സാധാരണ ഗതിയില്‍ ആഫ്രിക്കയിലെ അനവധി രാജ്യങ്ങളില്‍ ഞാന്‍ എപ്പോഴും പോകാറുണ്ട്. അതുകൊണ്ട് തന്നെ പല രാജ്യങ്ങളിലെയും സര്‍ക്കാരിലും പൊതുസമൂഹത്തിലുമുള്ള അനവധി ആളുകളെ പരിചയവും ഉണ്ട്. ഇന്ത്യയില്‍ നിന്നായതിനാല്‍ അവര്‍ക്കൊക്കെ എന്നോടൊരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം അവരില്‍ പലരും വിദ്യാഭ്യാസത്തിനും ആരോഗ്യകാര്യങ്ങള്‍ക്കുമായി ഇന്ത്യയില്‍ വന്നിട്ടുണ്ട്.

ഇപ്പോള്‍ ഒരു വര്‍ഷമായി ആഫ്രിക്കയില്‍ പോയിട്ട്. പക്ഷെ എല്ലാ ദിവസവും തന്നെ അവരുമായി സൂമിലോ ഇമെയിലിലോ ബന്ധപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തില്‍ ഒരു മെയില്‍ വന്നു. 'എന്റെ നാട്ടില്‍ നിന്നും രണ്ടു കുട്ടികള്‍ക്ക് ഡേറ്റ സയന്‍സ് പഠിക്കണമെന്നുണ്ട്. ഇന്ത്യയില്‍ എവിടെയാണ് നന്നായി, അധികം ചെലവില്ലാതെ ഡേറ്റ സയന്‍സ് പഠിക്കാന്‍ പറ്റുന്നത്?'' 

ഇന്ത്യയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും ഡേറ്റ സയന്‍സ് കോഴ്സുകള്‍ ആണ്. ഏറെ സ്ഥലങ്ങളില്‍ പഴയ കോഴ്സുകള്‍ പേരൊക്കെ മാറ്റി ഡേറ്റ സയന്‍സ് എന്നാക്കിയതാണ്. ചിലയിടങ്ങളില്‍ മാര്‍ക്കറ്റ് ഉണ്ടെന്ന് കണ്ടതോടെ വേണ്ടത്ര ഫാക്കല്‍റ്റി ഒന്നുമില്ലാതെ തട്ടിക്കൂട്ടിയതാണ്. മറ്റു രാജ്യങ്ങളിലെ ആളുകളെ അവിടെ കൊണ്ടുപോയി ചേര്‍ത്താല്‍ അവരുടെ ഭാവിയും എന്റെ റെപ്യൂട്ടേഷനും മാത്രമല്ല, രാജ്യത്തിന്റെ പേര് കൂടിയാണ് ചീത്തയാകുന്നത്.

അങ്ങനെയാണ് ഞാന്‍ ഐ.ഐ.ടി. ചെന്നൈ പുതിയതായി തുടങ്ങിയ ഡേറ്റാ സയന്‍സ് പ്രോഗ്രാമിനെ പറ്റി അറിഞ്ഞതും കൂടുതല്‍ അന്വേഷിച്ചതും. വിപ്ലവകരമായ ചില മാറ്റങ്ങളാണ് ഈ പുതിയ കോഴ്‌സിലൂടെ ഐ. ഐ. ടി. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് കൊണ്ട് വരുന്നത്.

1. പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് ഈ കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ലോകത്ത് എവിടെയിരുന്നും പഠിക്കാം.

2. അതേ സമയം ഐ.ഐ.ടി. ചെന്നൈയില്‍ നിന്നുള്ള ബിരുദം ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുന്നത്. അതില്‍ 'ഓണ്‍ലൈന്‍ കോഴ്‌സ്' എന്ന് പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ടാവില്ല. ഈ കോഴ്‌സില്‍ പഠിച്ചവരെ ഐ.ഐ.ടി. യിലെ പൂര്‍വ്വ വിദ്യാര്‍ഥികളായി പരിഗണിക്കുകയും ചെയ്യും.

3. പന്ത്രണ്ടാം ക്ലാസ്സ് വരെയോ തുല്യമായതോ ആയ വിദ്യാഭ്യാസമുള്ളവര്‍ക്ക് ഇതിന് ചേരാവുന്നതാണ്.

4.  ഏത് പ്രായത്തിലുള്ളവര്‍ക്കും ചേരാം. പ്രായപരിധിയില്ല. ഇപ്പോള്‍ ജോലി ഉള്ളവര്‍ക്കും റിട്ടയര്‍ ചെയ്തവര്‍ക്കും കോഴ്‌സിന് ചേരാന്‍ സാധിക്കും.

5. കൂടുതല്‍ രസകരമായ കാര്യം ഇപ്പോള്‍ ഏതെങ്കിലും ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അതിനോടൊപ്പം തന്നെ ഈ കോഴ്‌സ് ചെയ്യാനും ബിരുദം ഉള്‍പ്പടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും അവസരം ഉണ്ട്.

6. വീഡിയോ ആയിട്ടാണ് കോഴ്സുകള്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഏറ്റവും പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസ്സുകള്‍ എടുക്കുന്നത്.

7. കോഴ്‌സില്‍ ഉള്ള ഓരോ പത്തു വിദ്യാര്‍ഥികള്‍ക്കും പഠനത്തില്‍ സഹായിക്കാന്‍ ഒരു മെന്റര്‍ ഉണ്ടാകും. 

8. കോഴ്‌സില്‍ ആദ്യത്തെ സെറ്റ് മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഐ.ഐ.ടി.യില്‍ നിന്നും സര്‍ട്ടിഫിക്കറ്റും രണ്ടു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമയും മൂന്നു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബിരുദവും ലഭിക്കും. മുന്‍പ് പറഞ്ഞത് പോലെ ഇതൊരു 'ഓണ്‍ലൈന്‍ ഡിഗ്രി' ആണെന്ന് ഡിഗ്രിയില്‍ രേഖപ്പെടുത്തുകയില്ല.

കോഴ്‌സ് ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനകം തന്നെ ഏഴായിരം വിദ്യാര്‍ഥികളാണ് ചേര്‍ന്നിട്ടുള്ളത്. (ഐ.ഐ.ടി. ചെന്നൈ ക്യാംപസില്‍ ആകെ പഠിക്കുന്നവരുടെ എണ്ണം പതിനായിരം മാത്രമാണ്). അടുത്ത രണ്ടു വര്‍ഷത്തിനകം ഈ ഒറ്റ കോഴ്‌സിന് മൊത്തം ഐ.ഐ.ടി.യില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഇതൊക്കെയാണ് വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ. ലോകത്തെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴ്സുകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു. വിദൂര വിദ്യാഭ്യാസം നടത്തുന്ന യൂണിവേഴ്‌സിറ്റികള്‍ തന്നെ വിദൂര വിദ്യാഭ്യാസം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഡിഗ്രി എന്ന് മാര്‍ക്ക് ചെയ്ത് ആ ബിരുദത്തെ രണ്ടാംകിട ആക്കുകയും ചെയ്തു. ഇതുകൊണ്ടാണ് കോഴ്സെറായും എഡ്എക്‌സും പോലെയുള്ള സ്ഥാപനങ്ങള്‍ അതിവേഗത്തില്‍ കയറി വന്നത്. 2012 ല്‍ മാത്രം സ്ഥാപിച്ച കോഴ്സേറയില്‍ ഇപ്പോള്‍ എട്ടു കോടി പേര്‍ പഠിച്ചു കഴിഞ്ഞു. ആയിരം കൊല്ലം ഉണ്ടായിരുന്ന ഓക്‌സ്‌ഫോര്‍ഡിന്റെ ചരിത്രത്തില്‍ ഇതിന്റെ ചെറിയ ശതമാനം വിദ്യാര്‍ഥികള്‍ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നോര്‍ക്കണം!

ഓണ്‍ലൈന്‍ കോഴ്സുകള്‍ ക്ലാസ്സുകളില്‍ പോകുന്നത് പോലെ അല്ല, വിദ്യാഭ്യാസം എന്നാല്‍ വിഷയം പഠിക്കല്‍ മാത്രമല്ല എന്നൊക്കെ ചിന്തിക്കുന്നവരും വാദിക്കുന്നവരും ഉണ്ട്. അത് ശരിയുമാണ്. പക്ഷെ ഇനിയുള്ള ലോകത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സര്‍വസാധാരണമാകും. കഴിഞ്ഞയാഴ്ച് യു.ജി.സി. പുറത്തിറക്കിയ 'ബ്ലെന്‍ഡഡ് മോഡ് ഓഫ് ടീച്ചിങ് ആന്‍ഡ് ലേണിങ്; കോണ്‍സെപ്റ്റ് നോട്ട്' (Blended Mode of Teaching and Learning: Concept Note) ഇതിനുള്ള അടിത്തറ പാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് എവിടെ നിന്നും കോഴ്സുകള്‍ എടുക്കാമെന്നും വിദേശത്ത് നിന്ന് എടുക്കുന്ന കോഴ്സുകള്‍ക്ക് പോലും ഇന്ത്യയില്‍ ക്രെഡിറ്റ് കിട്ടുമെന്നും ആവശ്യത്തിന് ക്രെഡിറ്റ് കിട്ടിക്കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമയോ, ബിരുദമോ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ലഭിക്കുമെന്നുമൊക്കെയാണ് പുതിയ സങ്കല്പം. ഇതൊക്കെ ഇനി എല്ലാ യൂണിവേഴ്‌സിറ്റികളിലും സാധാരണമാകും. സാധാരണ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ആരോഗ്യ സര്‍വ്വകലാശാല, കാര്‍ഷിക സര്‍വ്വകലാശാല എന്നതൊക്കെ പഴയ കഥയാകും. സത്യത്തില്‍ ലോകത്തെവിടെനിന്നും ഏതു വിഷയവും എങ്ങനെ വേണമെങ്കിലും കൂട്ടിക്കുഴച്ചു പഠിക്കാവുന്ന യഥാര്‍ഥ 'സര്‍വകലാശാലകളുടെ' കാലം വരികയാണ്. അവിടെ വിദ്യാഭ്യാസം സര്‍വത്രികമാകും, ഏറെക്കുറെ സൗജന്യവും.

എന്റെ വായനക്കാര്‍ ഐ. ഐ. ടി. ചെന്നൈയിലെ ഈ ഡിഗ്രിയെ പറ്റി അവരുടെ ഹോം പേജില്‍ പോയി നോക്കണം. ഡേറ്റ സയന്‍സില്‍  അല്പമെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഒന്നാം വര്‍ഷം പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കണം. വല്ലപ്പോഴും ചെന്നൈക്ക് പോകുമ്പോള്‍ അവിടെ ക്യാംപസില്‍ അഭിമാനത്തോടെ വിദ്യാര്‍ഥിയായോ പൂര്‍വ വിദ്യാര്‍ഥിയായോ കയറി ചെല്ലാമല്ലോ. ഇപ്പോള്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അവര്‍ക്ക് താല്പര്യവും മുടക്കാന്‍ അല്പം പണവും ഉണ്ടെങ്കില്‍ ഈ കോഴ്‌സ് എടുക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ഐ.ഐ.ടി. യില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റോ ഡിഗ്രിയോ നേടുന്നത് കൂടാതെ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഭാഗമാവുകയും ചെയ്യാം. വിശദ വിവരങ്ങള്‍ക്കായി ലിങ്ക് - https://bit.ly/2QUf0UJ സന്ദര്‍ശിക്കുക. 

Content Highlights: Muralee Thummarukudi Writes about Online data science course in IIT Madras