തൃശ്ശൂർ: സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ ആസൂത്രണം ചെയ്യുമ്പോൾ രക്ഷിതാക്കൾക്കു മുന്നിൽ ഒരു അധികച്ചെലവുകൂടി. കോൺഫറൻസിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ഡേറ്റ ഉപഭോഗം കൂടുതലായതിനാലാണിത്. ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം, സൂം, മൈക്രോസോഫ്റ്റ് ടീംസ്, വെബെക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് തത്സമയ ക്ലാസുകൾക്കായി ആശ്രയിക്കുന്നത്. ഫോണിലാണ് പലരും ക്ളാസ് കാണുന്നത്. റീചാർജ് ചെയ്ത് കിട്ടുന്ന ഡേറ്റ ഒരുദിവസത്തെ ക്ലാസിനുപോലും തികയുന്നില്ല. വീട്ടിൽ വിദ്യാർഥികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചെലവുംകൂടും.

ഡേറ്റ ചോരുന്ന വഴി

80 ശതമാനം ആളുകളും 28 ദിവസത്തേക്കുള്ള ഡേറ്റ റീചാർജ് ആണ് ഉപയോഗിക്കുന്നതെന്നാണ് ടെലികോം വകുപ്പിന്റെ നിരീക്ഷണം. 200 മുതൽ 300 രൂപ വരെയാണ് ഇതിന് ചെലവ്. ഇതിൽ ഒരു ദിവസം പരമാവധി രണ്ട് ജി.ബി. ഡേറ്റയാണ് ഉണ്ടാവുക.

ക്ലാസെടുക്കാനുള്ള പ്ലാറ്റ്ഫോമുകളിൽ പ്രവർത്തന മികവിനു വേണ്ടി കൂടുതൽ ഡേറ്റ എടുക്കുന്ന സോഫ്റ്റ്​വെയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വീഡിയോ ഓൺ ആക്കിയില്ലെങ്കിലും വാട്സാപ്പോ ഫെയ്സ്ബുക്കോ ഉപയോഗിക്കുന്നതിനെക്കാൾ ഡേറ്റ ചെലവാകും. ഇങ്ങനെ വരുമ്പോൾ ഒന്നരമണിക്കൂർ കൊണ്ടുതന്നെ ഡേറ്റ തീരും.

ഒരുദിവസം നാല് മണിക്കൂർ വരെയുള്ള ക്ലാസുകളാണ് ഉള്ളത്. രണ്ടുമണിക്കൂർ കഴിയുമ്പോൾതന്നെ രണ്ട് ജി.ബി. കഴിയും. 21 രൂപയുടെ ടോപ്പ് അപ്പ് ചെയ്താൽ ഒരു ജി.ബി. കൂടി അന്ന് കിട്ടും. അങ്ങനെ ദിവസവും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് ഉണ്ടാവുക.

പ്രതിദിനം മൂന്ന് ജി.ബി. വരെ ഡേറ്റ കിട്ടുന്ന പ്ലാനുകൾക്ക് 28 ദിവസത്തേക്ക് 400-നും 500-നും ഇടയ്ക്കാണ് ഈടാക്കുന്നത്. ബി.എസ്.എൻ.എൽ. ആണ് താരതമ്യേന ഡേറ്റ താരിഫിന്റെ കാര്യത്തിൽ കുറഞ്ഞ തുക ഈടാക്കുന്നത്.

കേബിളുകൾ വഴി വീടുകളിലേക്ക് എടുക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളിൽ അൺലിമിറ്റഡായി നിശ്ചിത വേഗത്തിലുള്ള ഇൻർനെറ്റ് കിട്ടാറുണ്ട്. 500-നും 700-നും ഇടയ്ക്ക് തുക ഇതിനും ചെലവാകും. എന്നാൽ, മോഡം സഹിതം കണക്ഷൻ കിട്ടാൻ നാലായിരം രൂപയോളം അടയ്ക്കണം.

സ്റ്റുഡന്റ് പ്ലാനുകൾ പുറത്തിറക്കണം

ഓൺലൈൻ ക്ലാസുകൾ ഡേറ്റ ചെലവിൽ തട്ടി തടസ്സപ്പെടാതിരിക്കാൻ മൊബൈൽ കമ്പനികൾ സ്റ്റുഡന്റ് പ്ലാനുകൾ പുറത്തിറക്കണം. സർക്കാരിന്റെ കെ-ഫോൺ പദ്ധതി എത്രയും വേഗം നടപ്പാക്കുകയും വേണം.

-എൻ. ശ്രീകുമാർ, സംസ്ഥാന പ്രസിഡന്റ്, എ.കെ.എസ്.ടി.യു.

Content Highlights: More data required for online classes, parents demand student plans