മൊബൈൽ ആപ്പുകളുടെ ലോകത്ത് ജീവിക്കുമ്പോൾ ഒരു ആപ്പ് തന്നെ ഉണ്ടാക്കിയാലെന്താ...? ആപ്പ് നിർമാണം അഞ്ചാഴ്ചകൊണ്ടു പഠിക്കാം. അതും ഐ.ഐ.ടി. മദ്രാസിൽനിന്ന്. കോഴ്‌സിന്റെ ഭാഗമാകാൻ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റുംമാത്രം മതി. എവിടെയിരുന്നും പഠിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞിരുന്നാൽ കോഴ്‌സിന്റെ ഭാഗമാകാം.സാങ്കേതികവിദ്യ അറിയാത്തതിനാൽ നവീന ആശയങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നവർക്ക് സഹായകമാവുകയാണ് ഐ.ഐ.ടി. കോഴ്‌സ്. വിജയകരമായി പൂർത്തിയാക്കിയാൽ മനസ്സിലുള്ള ആശയത്തെ നല്ലൊരു മൊബൈൽ ആപ്ലിക്കേഷനാക്കി മാറ്റാം.

യൂട്യൂബ് വീഡിയോ ക്ലാസുകൾ

താത്‌പര്യമുണ്ടെങ്കിൽ സമയം കളയേണ്ട www.imad.tech എന്ന വെബ്‌സൈറ്റിലൂടെ ഉടൻ രജിസ്റ്റർചെയ്യാം. അധ്യാപകദിനമായ സപ്തംബർ അഞ്ചിന് കോഴ്‌സ് തുടങ്ങും. തികച്ചും സൗജന്യമായി മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സായാണ് പഠനം. Itnroduction to Modern Application Development (IMAD) എന്നാണ് കോഴ്‌സിന്റെ പേര്. 20 മിനിറ്റ്‌ ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോകളാണ് ക്ലാസുകൾ.

ഇത് NPTEL/Youtube-ൽനിന്ന് ലഭിക്കും. ക്ലാസിനൊപ്പം പരിശീലനവും കോഴ്‌സിന്റെ ഭാഗമായിട്ടുണ്ട്.

ഐ.ഐ.ടി. മദ്രാസ്  ഇലക്‌ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ഗൗരവ് റെയ്‌നയും ഐ.ഐ.ടി.യിലെ പൂർവ വിദ്യാർഥിയും ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ഹസുരയുടെ ചീഫ് ടെക്‌നോളജി ഓഫീസർ തൻമയ് ഗോപാലുമാണ് കോഴ്‌സിന്റെ ഇൻസ്ട്രക്ടർമാർ.

പ്രായം പ്രശ്നമല്ല

കോഴ്‌സിൽ ചേരുന്നതിനായി പ്രത്യേക പ്രായപരിധിയില്ല. കോഴ്‌സ് പൂർത്തിയാകുന്നതിനൊപ്പംതന്നെ വിദ്യാർഥികൾ സ്വന്തമായി ആപ്പ് നിർമിക്കാൻ സജ്ജരാകും. രാജ്യാന്തര, പ്രാദേശിക തലങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഇത്തരം കോഴ്‌സുകൾകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ. ഗൗരവ് റെയ്‌ന പറഞ്ഞു. ഡിജിറ്റൽ ഇക്കണോമിയെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനും കോഴ്‌സിന് കഴിയും.

സാങ്കേതികവിദ്യ അറിയുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മികച്ച ആശയങ്ങളെ നല്ല ഉത്പനങ്ങളാക്കി മാറ്റാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് കോഴ്‌സിലൂടെ ചെയ്യുന്നതെന്ന് തൻമയ് ഗോപാൽ പറഞ്ഞു. ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. ആശയങ്ങൾ ആവിഷ്കരിക്കാൻ സാങ്കേതികവിദ്യ ആർക്കും ഒരു തടസ്സമാകരുത്. നവീന ആശയങ്ങൾ ഉള്ളവർക്ക് കോഴ്‌സിനുശേഷം ശോഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  

പഠിക്കാൻ മനസ്സുണ്ടോ..?

പ്രോഗ്രാമിങ്ങിനെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിൽ അതിനും വഴിയുണ്ട്. പഠിക്കാൻ മനസ്സുണ്ടെങ്കിൽ കമ്പ്യൂട്ടറിന്റെ പ്രോഗ്രാമിങ് അറിയാൻ താത്‌പര്യമുണ്ടെങ്കിൽ imad.tech ൽ  ask madi യിൽനിന്ന് ലഭിക്കും. സപ്തംബർ അഞ്ചിന് കോഴ്‌സ് ആരംഭിക്കും. കോഴ്‌സിനുശേഷം പ്രത്യേക അസൈൻമെന്റുകളിലൂടെ വിദ്യാർഥികളുടെ മികവ് പരിശോധിക്കും. ഇതിനായി ഓൺലൈൻ പരീക്ഷ നടക്കും.

രജിസ്റ്റർചെയ്യുന്നതിനായി ജി മെയിൽ അക്കൗണ്ട് വഴി ലോഗിൻ ചെയ്യണം. എൻജിനീയറിങ്, സയൻസ്, സാമൂഹികശാസ്ത്രം എന്നീ മേഖലകളിൽ പഠനസാമഗ്രികൾ ഓൺലൈനായി നൽകുന്ന നാഷണൽ പ്രോഗ്രാം ഓൺ ടെക്‌നോളജി എൻഹാൻസ്ഡ് ലേണിങ് (NPTEL) വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതുവരെ 40,000 പേർ കോഴ്‌സിന് രജിസ്റ്റർചെയ്തുകഴിഞ്ഞു.

അഞ്ച് മൊഡ്യൂളുകൾ

  • ഇന്റർനെറ്റ്, നെറ്റ് വർക്ക് പ്രോട്ടോക്കോൾ ആമുഖം  വെബ് ആപ്ലിക്കേഷൻ നിർമാണം
  • ഡാറ്റാബേസുകൾ ഉപയോഗിച്ച് ആപ്ലിക്കേഷൻ എങ്ങനെ ഡാറ്റ മോഡൽ ചെയ്യാം.
  • ആപ്പിന്റെ പ്രവർത്തനവും സുരക്ഷയും ഉറപ്പാക്കൽ
  • സ്വന്തമായി മൊബൈൽ ആപ്പ് നിർമിക്കൽ

 

ഇന്റേൺഷിപ്പും ജോലിയും

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയാൽ മദ്രാസ് ഐ.ഐ.ടി. നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. അവർക്ക് രാജ്യത്തെ പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പ്/ജോലിക്കുള്ള അവസരങ്ങളുണ്ട്. ഇന്റേൺഷിപ്പിനായി ChargeBee, CloudCherry Analytics, PickYourTrail, SolverMinds, USP Studios, and Playfiks അടക്കമുള്ള കമ്പനികളുമായി മദ്രാസ് ഐ.ഐ.ടി. സഹകരിക്കുന്നുണ്ട്. കൂടാതെ ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, പേടിഎം അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ കോഴ്‌സിന് അംഗീകാരം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ആശയങ്ങൾ സ്വന്തമായി അവതരിപ്പിക്കാം. അറിവുനേടാനും കഴിവുകൾ വളർത്തിയെടുക്കാനുമുള്ള ഇടമായി കോഴ്‌സിനെ മാറ്റാം.