''മലയാളം പഠിച്ചതുകൊണ്ടല്ലേ ഇന്ന് എല്ലാരും എന്നെ അറിയുന്നത്. സ്‌കൂളില്‍ അഭിമാനത്തോടെ കയറിച്ചെന്ന് ടീച്ചര്‍മാരോട് എന്റെ മക്കളെപ്പറ്റി പറയാന്‍ പറ്റുന്നത്.''സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ചങ്ങാതിപ്പരീക്ഷയില്‍ നൂറില്‍ നൂറു മാര്‍ക്ക് നേടി ഒന്നാമതെത്തിയ ബിഹാര്‍ കട്ടിഹാറില്‍ ഇബ്രാഹിമുല്‍ ഹഖിന്റെയും അര്‍ജിനയുടെയും മകളായ റോമിയ കാത്തൂണിന്റെ വാക്കുകളാണിത്. അഭിനന്ദനമറിയിക്കാന്‍ ഉമയനല്ലൂര്‍ എസ്റ്റേറ്റ് റോഡിലെ വാടകവീട്ടിലേക്ക് എത്തുന്നവരുടെ മുന്നില്‍ തെല്ലും പതര്‍ച്ചയില്ലാതെ, വാക്കിനായി തപ്പിത്തടയാതെ റോമിയ വാചാലയാകുകയാണ്; തികഞ്ഞ ആത്മവിശ്വാസത്തോടെ.

ബിഹാറില്‍ എത്രാം ക്ലാസ്‌വരെ പഠിച്ചെന്ന് റോമിയയ്ക്ക് കൃത്യമായി ഓര്‍മയില്ല. പഠിക്കണമെന്ന് ആരും നിര്‍ബന്ധിച്ചിരുന്നുമില്ല. കൃഷിക്കാണവിടെ പ്രാധാന്യം. വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. ആറുവര്‍ഷംമുന്‍പാണ് ഭര്‍ത്താവ് സെയ്ഫുള്ളയ്‌ക്കൊപ്പം കേരളത്തിലെത്തിയത്. ഉമയനല്ലൂരില്‍ ജ്യൂസ് സ്റ്റാള്‍ നടത്തുകയാണ് സെയ്ഫുള്ള. മക്കളായ ഉമറുല്‍ ഫാറൂഖിനെയും മുഹമ്മദ് തൗസീഫിനെയും ഉമയനല്ലൂര്‍ വാഴപ്പള്ളിയിലെ സ്‌കൂളില്‍ ചേര്‍ത്തു.

അധ്യാപികമാര്‍ കുട്ടികളുടെ ഡയറിയില്‍ എഴുതിക്കൊടുത്തുവിടുന്നത് എന്തെന്ന് അറിയാത്തത് വല്ലാത്ത വിഷമമുണ്ടാക്കി. മകള്‍ നാലുമാസം പ്രായമുള്ള തമന്നയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ അസുഖമെന്തെന്ന് പറയാനും ബുദ്ധിമുട്ട്. ഇതൊക്കെക്കൊണ്ടാണ് ഞാന്‍ മലയാളം പഠിച്ചത്റോമിയ പറയുന്നു. കുഞ്ഞുതമന്നയ്ക്കായി 'കൊമ്പുകുലുക്കും പശുവമ്മ'യെന്ന പാട്ട് പാടിക്കൊടുക്കുന്നുമുണ്ട് അവര്‍.

Romia family
അ... അമ്മ ... ഉമയനല്ലൂരിലെ വാടകവീട്ടില്‍ മൂത്തമകന്‍ ഉമറുള്‍ ഫറൂഖിനെ മലയാളം അക്ഷരങ്ങള്‍ എഴുതിക്കുന്ന അമ്മ റോമിയ കാത്തൂണ്‍. ഭര്‍ത്താവ് സെയ്ഫുള്ള, മക്കളായ തമന്ന, മുഹമ്മദ് തൗഫീഖ് എന്നിവര്‍ സമീപം. ഫോട്ടോ: അജിത് പനച്ചിക്കല്‍ 

മയ്യനാട് വെള്ളമണല്‍ സ്‌കൂളില്‍ 298 പേരാണ് ചങ്ങാതിപ്പരീക്ഷ എഴുതിയത്. റോമിയ മാത്രമായിരുന്നു കൂട്ടത്തിലെ വനിത. പരീക്ഷയില്‍ താനാണ് ഒന്നാമതെന്ന് അറിഞ്ഞതോടെ റോമിയയ്ക്ക് അതിയായ സന്തോഷം. മക്കളെ സ്വന്തമായി പഠിപ്പിക്കാന്‍ കഴിയുമല്ലോയെന്ന ആശ്വാസം. സാക്ഷരതാപ്രവര്‍ത്തകരായ ഷീലജയും വിജയകുമാരിയുമാണ് മലയാളം പഠിപ്പിച്ചത്. ഗര്‍ഭിണിയായിരിക്കുമ്പോഴും പഠനത്തില്‍ ശ്രദ്ധാലുവായിരുന്നു റോമിയയെന്ന് അവര്‍ പറയുന്നു.

അനുമോദിക്കാന്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല ഉള്‍പ്പെടെയുള്ളവരെത്തി. തുടര്‍പഠനമാണിപ്പോള്‍ റോമിയയുടെ സ്വപ്നം. അതിനായി ഇവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ സാക്ഷരതാ മിഷന്‍ ആലോചിക്കുന്നുണ്ട്.


Content Highlights: Migrant women from Bihar scores 100 out of 100 in Malayalam Literacy Exam.