കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ പ്രോഗ്രാമിങ് ഭാഷയായ മാത് ലാബ്  അടുത്തറിയാന്‍ അവസരമൊരുക്കി പുതിയ കോഴ്സ്. മൂന്ന് മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. നവംബര്‍ 30-ന് ആരംഭിക്കും.  

മാത് ലാബ് 

സാങ്കേതികമായി കണക്കുകൂട്ടലുകള്‍ നടത്താന്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഷീന്‍ ലാംഗ്വേജ് ആണ് മാത്ലാബ്. കംപ്യൂട്ടര്‍ പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് കണക്കാക്കി വിവര്‍ത്തനം ചെയ്ത് മെഷീന്‍ കോഡിലേക്ക് കുറഞ്ഞ സമയത്തില്‍ മാറ്റുന്ന സോഫ്റ്റ്വേറായ മാത്ലാബിനെ പരിചയപ്പെടുത്തുന്ന ഹ്രസ്വകാല കോഴ്സാണിത്. 

സി, സി പ്ലസ് എന്നീ സോഫ്റ്റ്വേര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതിലും എളുപ്പത്തില്‍ പ്രോഗ്രാമിങ് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് മാത്ലാബ് സോഫ്റ്റ്വേറിന്റെ പ്രത്യേകത. ഇതര സോഫ്റ്റ്വേറില്‍ അഞ്ച് പേജ് ചെയ്യേണ്ട വസ്തുതകള്‍ ഒരു പേജില്‍ ചെയ്തുതീര്‍ക്കാന്‍ മാത്ലാബ് സോഫ്റ്റ്വേറിന് കഴിയും. 

കംപ്യൂട്ടേഷന്‍, വിഷ്വലൈസേഷന്‍, പ്രോഗ്രാമിങ് എന്നിവയിലൂടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും പരിചിതമായ മാത്തമാറ്റിക്കല്‍ ചിഹ്നങ്ങളുടെ സഹായത്തോടെ ഏറ്റവും ലളിതമായി മനസ്സിലാക്കുന്ന രീതിയാണ് മാത്ലാബില്‍ ക്രമീകരിച്ചിരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയില്‍ നടത്തുന്ന ഗവേഷണങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ചെയ്ത് തീര്‍പ്പാക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഉപയോഗം 

കേന്ദ്ര പ്രതിരോധസേനകള്‍, വന്‍കിട കമ്പനികള്‍, ഓട്ടോമൊബൈല്‍, ഹാര്‍ഡ് വെയര്‍, ആരോഗ്യം എന്നീ മേഖലകളില്‍ മാത്ലാബ് സോഫ്റ്റ്വേറാണ് ഉപയോഗിക്കുന്നത്. ഗ്രാഫിക്കല്‍ ആപ്ലിക്കേഷന്‍സില്‍ വളരെ ഉപയോഗപ്രദമായ മാത്ലാബ് ഗവേഷണ സ്ഥാപനങ്ങളിലും വ്യവസായ മേഖലകളിലും ധാരാളമായി ഉപയോഗിക്കുന്നു. കുസാറ്റില്‍ മാത്ലാബ് സോഫ്റ്റ് വെയറാണ് പഠനോപകരണമായി ഉപയോഗിക്കുന്നത്. 

സിലബസ്

മാത്ലാബ് സോഫ്റ്റ്വേറിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, ഇതില്‍ പ്രധാനമായി ഉപയോഗിക്കുന്ന ടൂള്‍ബോക്സിന്റെ വിവരണങ്ങള്‍, മാത്ലാബ് സോഫ്റ്റ്വേര്‍ പുതിയ വേര്‍ഷന്റെ പരിചയപ്പെടുത്തല്‍ എന്നിവയാണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയത്. എന്‍ജിനീയറിങ്, സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പഠനമേഖലയിലും ജോലിക്കും കോഴ്സ് സഹായിക്കും.   

യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, എന്‍ജിനീയറിങ് എന്നിവയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 

ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെയും വൈകീട്ട് അഞ്ചുമുതല്‍ 7.30 വരെയും രണ്ട് ബാച്ചുകളായിട്ടാണ് ക്ലാസുകള്‍. ഫീസ് 7080 രൂപ (ജി.എസ്.ടി. ഉള്‍പ്പെടെ). കുസാറ്റ് സര്‍ട്ടിഫിക്കറ്റ്, സൗജന്യ മാത്ലാബ് സോഫ്റ്റ്വേറും ലൈസന്‍സും സൗജന്യ റഫറന്‍സ് മെറ്റീരിയല്‍, വിദഗ്ധരുടെ സെമിനാറുകള്‍ എന്നിവയാണ് കോഴ്സിന്റെ സവിശേഷതകള്‍. 

എന്‍ജി. ഗവേഷണം, വ്യാവസായിക മേഖലകള്‍

കോഴ്സ് പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും കുസാറ്റിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ലക്ഷങ്ങള്‍ വിലമതിക്കുന്ന സോഫ്റ്റ്വേര്‍ കുസാറ്റ് ഇതിനായി സ്വന്തമാക്കിയിട്ടുണ്ട്. കോഴ്സ് കാലയളവില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അംഗീകൃത സോഫ്റ്റ്വേര്‍ അവരവരുടെ പ്രോഗ്രാമിങ് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. എന്‍ജിനീയറിങ് ഗവേഷണം, വ്യാവസായിക മേഖലകള്‍ എന്നിവിടങ്ങളിലാണ് കൂടുതലായും മാത്ലാബ് ഉപയോഗിക്കുന്നത്. ഈ കോഴ്സ് പഠിക്കുന്നവര്‍ക്ക് ജോലി സാധ്യതയെന്നതിനെക്കാള്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലകളില്‍ കൂടുതല്‍ എളുപ്പത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നു.

-പ്രൊഫ. പി.എസ്. ശ്രീജിത്, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് എന്‍ജിനീയറിങ്,കുസാറ്റ്


വിവരങ്ങള്‍ക്ക്: 0484 2862616/9846178058. http://www.cusat.ac.in

 

Content highlights: Matlab Computer Programming language course,  Cochin University of Science and Technology