കൊച്ചി: മലപ്പുറം പന്തല്ലൂര്‍ ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ കെ.വി. മനുവിന്റെ പഠനായുധം ട്രോളുകളാണ്. പാഠഭാഗങ്ങള്‍ ട്രോളുകളാക്കി വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് മനു ചെയ്യുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പഠിച്ചതൊക്കെ മറന്നാലും മനു മാഷിന്റെ ട്രോളുകള്‍ മറക്കില്ലെന്ന് കുട്ടികളും പറയുന്നു.

മാര്‍ച്ചിലാണ് തന്റെ ട്രോ ലോകം ഫെയ്‌സ്ബുക്ക് പേജിലൂടെ മനു വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ ട്രോളുണ്ടാക്കിത്തുടങ്ങിയത്. ഭാഷാ വിഷയത്തിന്റെ പരീക്ഷയ്ക്കായാണ് ആദ്യഘട്ടത്തില്‍ ട്രോളുകളുണ്ടാക്കിയിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് മനുവിന്റെ ട്രോള്‍ പേജ് ഫോളോ ചെയ്യുന്നത്. തന്റെ വിദ്യാര്‍ഥികള്‍ക്കായി തുടങ്ങിയതാണെങ്കിലും പേജിലിട്ടതോടെ പരീക്ഷാ ട്രോളുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചുവെന്ന് മനു പറയുന്നു. മറ്റു ട്രോളുകളെ അപേക്ഷിച്ച് പരീക്ഷാ ട്രോളുകളുണ്ടാക്കാന്‍ സമയവും ആലോചനയും വേണം. പരീക്ഷാ ട്രോളുകള്‍ കുട്ടികള്‍ക്ക് എളുപ്പം ഓര്‍ക്കാനും മനസ്സിലാക്കാനും കഴിയുന്ന തരത്തിലായിരിക്കണമെന്നതാണ് കാരണം. മറ്റു വിഷയങ്ങള്‍ക്കായുള്ള ട്രോളുകളും ഉണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മനു.

സയന്‍സ് വിഷയങ്ങളിലും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള പരീക്ഷാ ട്രോളുകളുമുണ്ടാക്കണമെന്ന് ആഗ്രഹമുണ്ടെന്നും മനു പറഞ്ഞു. ഇനി നടക്കാനുള്ള എസ്.എസ്.എല്‍.സി. മലയാളം സെക്കന്‍ഡിനായുള്ള പരീക്ഷാ ട്രോളുകളും ഇതിനകം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മഞ്ചേരി കരിക്കാട്ട് നൂപുരം വീട്ടില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ കെ.വി. മോഹനന്റേയും മിനിജയുടേയും മകനാണ്.

 

1

1

1

Content Highlights:  Manu teaches lessons to students by trolls